ട്രെന്‍ഡിനൊപ്പം സിന്ധു; വിജയം ബാഗ് നിറയെ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്കാലിക ജോലി വിട്ട് വീട്ടിലിരിക്കുമ്പോഴാണ് കെ.പി. സിന്ധുവിന്റെ മനസ്സില്‍ പ്രകൃതിസൗഹൃദ തുണി സഞ്ചികളുടെ ഉല്പാദനത്തെക്കുറിച്ചുള്ള ചിന്തയുണ്ടാകുന്നത്. അങ്ങനെയാണ് കോഹിനൂരില്‍ കൊക്കൂണ്‍ എക്കോബാഗ് എന്ന് പേരിട്ടൊരു സംരംഭം തുടങ്ങുന്നത്. മനംകവരുന്ന ചിത്രങ്ങളുള്ള തുണിസഞ്ചികള്‍ ഉണ്ടാക്കിയാല്‍ അവ വിറ്റുപോകുമെന്ന തോന്നല്‍ വെറുതെയായില്ല. പത്ത് വര്‍ഷം മുമ്പ് ചിത്രകാരനായ തോലില്‍ സുരേഷിനൊപ്പം തുടങ്ങിയ സംരംഭത്തിന് കുടുംബശ്രീയുടെ പിന്തുണകൂടി ലഭിച്ചതോടെ സംഗതി വിജയകരമായി.
30 കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനത്തിനുള്ള വഴികാട്ടികൂടിയായിരിക്കുകയാണ് സിന്ധു. ബാഗുകളിൽ ആകര്‍ഷകമായ ചിത്രങ്ങള്‍ വരച്ചു നല്കുന്ന ചിത്രകലാ വിദ്യാർഥികള്‍ക്കും നിശ്ചിത തുക നല്‍കുന്നുണ്ട്. ഓട്ടിസവും സെറിബ്രല്‍ പാള്‍സിയും ബാധിച്ച കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കാനായി.
പിന്നീട് തുണി സഞ്ചിയില്‍ നിന്ന് മാറി കോളജ് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന ടോട്ട് ബാഗുകൾ ഉല്പാദിപ്പിക്കുന്നതിലെത്തിയതോടെ മികച്ച വരുമാനം നേടുന്ന സംരംഭകയായിരിക്കുകയാണ് സിന്ധു. ട്രെന്‍ഡിന് അനുസരിച്ച് ഉല്പാദനവും വിപണന രീതിയും മാറ്റിയതാണ് വിജയത്തിനടിസ്ഥാനം. കോവിഡ് പ്രതിസന്ധിയില്‍ പിടിച്ചുനിന്നാണ് സിന്ധുവിന്റെയും സുരേഷിന്റെയും വിജയഗാഥ. വാട്ട്സ് ആപ് ഗ്രൂപ്പുകളിലൂടെയും ഓണ്‍ലൈനായും വില്പനയുണ്ട്.
2022ല്‍ മികച്ച യുവസംരംഭകക്കുള്ള പ്രധാനമന്ത്രി യുവ യോജന അവാര്‍ഡ് നേടിയ സിന്ധുവിനെ വ്യവസായ വകുപ്പും തേഞ്ഞിപ്പലം പഞ്ചായത്തും ആദരിച്ചിട്ടുണ്ട്. സര്‍വകലാശാല എൻജിനീയറിങ് വിഭാഗത്തില്‍ ആറ് വര്‍ഷം ജോലി ചെയ്ത സംരംഭം 2017ലാണ് കുടുംബശ്രീയുടെ ഭാഗമായത്. താനൂര്‍ മൂലക്കല് സ്വദേശിയായ സിന്ധു കോഹിനൂരിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.