സംഗീത സാഗരമാക്കി സിത്താര
text_fieldsജിദ്ദ: സുജാതക്കും കെ.എസ്. ചിത്രക്കും ശേഷം മലയാളികള്‍ ‘സ്വന്തം’ എന്നു പറഞ്ഞ് ഹൃദയത്തോട് ചേര്‍ത്തുവെച്ച ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ‘ഹാർമോണിയസ് കേരള’യെ സംഗീത സാഗരമാക്കിയാണ് പ്രിയഗായിക പ്രേക്ഷക കൈയടി നേടിയത്. നൂറുകണക്കിന് പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും സിത്താരയുടെ ശബ്ദത്തിൽ കേൾക്കണമെന്നാഗ്രഹിച്ച ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ പാടി സംഗീതാസ്വാദകരെ ആനന്ദിപ്പിക്കാൻ അവർക്കായി. അടിപൊളിയും മെലഡിയും തുടങ്ങി ഏതു പാട്ടും സിത്താര പാടുമ്പോള്‍ അതിനൊരു പ്രത്യേക രസമുണ്ട്.
പാട്ടുകള്‍ക്കൊപ്പം തന്നെ സിത്താര എന്ന വ്യക്തിയെയും ഒരുപോലെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്. പ്രവാസികൾക്കുള്ള സമർപ്പണമായി അവതരിപ്പിച്ച തന്റെ സ്വന്തം ‘ചായപ്പാട്ടി’ൽ തുടങ്ങി ‘നാദാപുരം പള്ളിയിലെ’, ‘പുള്ളിമാനല്ല’, ‘കസ്തൂരിത്തൈലമിട്ട്’, ‘മോഹമുന്തിരി’ തുടങ്ങിയ സിത്താരയുടെ ഹിറ്റ് ഗാനങ്ങൾ സൗഹൃദത്തിന്റെയും മാനവികതയുടെയും മഹോന്നത സന്ദേശം കൈമാറിയ ഹാർമോണിയസ് കേരള സംഗീത സദസ്സ് ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുക്കുക തന്നെ ചെയ്തു.
കണ്ണൂർ ശരീഫുമായി ചേർന്ന് സിത്താര പാടിയ ‘ഉണ്ടോ സഖീ ഒരുകുല മുന്തിരി’ എന്ന യുഗ്മഗാനത്തിനനുസരിച്ച് പ്രേക്ഷകർ നൃത്തച്ചുവടുകൾ വെച്ചു. വിവിധ തലമുറക്കാരെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന ഏത് തരം പാട്ടുകളും തന്മയത്വത്തോടെ ആലപിക്കാനും ആസ്വാദകരെക്കൊണ്ട് ഏറ്റുപാടിക്കാനും കഴിവുള്ള സിത്താര ഇതാദ്യമായാണ് ജിദ്ദയിൽ ഇത്രയും ജാനബാഹുല്യമുള്ള ഒരു മെഗാ ഷോയിൽ പങ്കെടുക്കുന്നത്. അതിനായി അവസരം നൽകിയ ‘ഗൾഫ് മാധ്യമ’ത്തിന് നന്ദി പറയാനും അവർ മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.