അഷ്ലയുടെ സ്നേഹത്തിന് തെരുവിലുണ്ട് കാത്തിരിപ്പുകാർ
text_fieldsപന്തീരാങ്കാവ്: കെ.എൽ 11 ബി.എസ് 2952. ദിവസവും വൈകീട്ട് മൂന്നിനും ഏഴിനുമിടയിൽ ഈ കറുത്ത സ്കൂട്ടറിനെയും പ്രതീക്ഷിച്ച് ദേശീയപാത ബൈപാസിൽ അഴിഞ്ഞിലത്തിനും വേങ്ങേരിക്കുമിടയിൽ ചിലർ കാത്തിരിക്കുന്നുണ്ടാവും. അവർ ആ വണ്ടി കണ്ടാലോ ഹോൺ കേട്ടാലോ ഓടിയെത്തും. എന്നിട്ടുമെത്താത്തവരെ സ്കൂട്ടർ യാത്രക്കാരി ഒരു പ്രത്യേക ശബ്ദത്തിൽ വിളിക്കും. പന്തീരാങ്കാവ് ആസ്േറ്റൺ ആശുപത്രിക്ക് സമീപം താമസിക്കുന്ന അഷ്ല റസാഖ് എന്ന ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയുടേതാണ് ഈ സ്കൂട്ടർ. ഡിക്കിയിലും പുറത്തുമായി കവറിലാക്കി ചോറുമായി വരുന്ന അഷ്ലയെ കാത്തിരിക്കുന്നത് അമ്പതിലധികം തെരുവുനായ്ക്കളാണ്.
രണ്ടു വർഷമായി അഷ്ലയുടെ നിത്യജീവിതത്തിന്റെ ഭാഗമാണിത്. വീട്ടിൽ ഭക്ഷണം തേടി വന്ന തെരുവുനായിൽനിന്നാണ് തുടക്കം. രണ്ടാം ദിവസവും കൃത്യസമയത്തെത്തിയ നായ്ക്കൊപ്പം കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഭക്ഷണം കിട്ടാതെ വയറൊട്ടിയ തെരുവുനായ്ക്കളെ കാണുമ്പോൾ സങ്കടം തോന്നിയാണ് അഷ്ല ഭക്ഷണം നൽകാൻ തുടങ്ങിയത്.
ചോറും കോഴി പാർട്സ് മിക്സിയിലിട്ട് ദ്രവരൂപത്തിലാക്കി നിർമിക്കുന്ന കറിയും കുഴച്ച് ചെറിയ കവറുകളിലാക്കി മൂന്നോടെ അഷ്ല വീട്ടിൽനിന്നിറങ്ങും. പന്തീരാങ്കാവ്, അഴിഞ്ഞിലം, മണക്കടവ് ജങ്ഷൻ, പാലാഴി, തൊണ്ടയാട്, കുതിരവട്ടം, മലാപ്പറമ്പ്, വേങ്ങേരി, മെഡിക്കൽ കോളജ് റോഡ്, പുതിയ സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അഷ്ലയുടെ ഭക്ഷണ വണ്ടിക്ക് സ്ഥിരം കാത്തിരിപ്പുകാരുണ്ട്. കവറിലെ ചോറ് വൃത്തിയുള്ള സ്ഥലത്ത് ചൊരിഞ്ഞ് കൊടുക്കും. നായ്ക്കൾ അതു തിന്നുതീർത്ത് നന്ദിയോടെ വാലാട്ടി സ്ഥലം വിടുന്നതോടെ അടുത്ത കാത്തിരിപ്പുകാരെ തേടി പോവും.
കിടപ്പാടമില്ലാതെ ജീവിതം തെരുവിലായ ചില മനുഷ്യർക്കും ഭക്ഷണമെത്തിച്ച് നൽകാറുണ്ട്. ലോക്ഡൗൺ വന്നതോടെ അവരിൽ പലരേയും കാണാതായെന്ന് അഷ്ല പറയുന്നു. നഗരത്തിലെ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിയാണ് അഷ്ല. ലോക്ഡൗണിന് മുമ്പ് ക്ലാസ് കഴിഞ്ഞ സമയത്തായിരുന്നു ഭക്ഷണ വിതരണം. ഏതെങ്കിലും ദിവസം വൈകിയാൽ രാത്രി സഹോദരനെയും കൂട്ടിയിറങ്ങും.
ആദ്യമൊക്കെ കിട്ടുന്ന പോക്കറ്റ് മണിയിൽനിന്നായിരുന്നു പെട്രോളിനും നായ്ക്കൾക്കുളള ഭക്ഷണത്തിനും െചലവ് കണ്ടെത്തിയത്. ഇതു മതിയാവാതെ വന്നതോടെ ഓൺലൈനിൽ വസ്ത്ര വിൽപന തുടങ്ങി. അതിൽനിന്നുള്ള വരുമാനമാണ് മിണ്ടാപ്രാണികൾക്കായി ചെലവഴിക്കുന്നത്. ആദ്യമൊന്നും അബ്ദുൽ റസാഖിനും സുഹറാബിക്കും മകളുടെ ഈ ജീവകാരുണ്യ പ്രവർത്തനത്തോട് അത്ര താൽപര്യമുണ്ടായിരുന്നില്ല.
വയറു നിറച്ച് വാലാട്ടി പോവുന്ന ഈ നാൽക്കാലികളുടെ സ്നേഹപ്രകടനം നൽകുന്ന സംതൃപ്തി ബോധ്യമായതോടെ മാതാപിതാക്കളും സഹോദരങ്ങളും അഷ്ലക്ക് പിന്തുണയുമായെത്തി. മുമ്പ് അകന്നുനിന്ന് വീക്ഷിച്ചിരുന്ന പലരും അഷ്ലയെ അംഗീകരിക്കാൻ തയാറായി. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ ഒരു കാർയാത്രക്കാരൻ ഭക്ഷണ ചെലവിലേക്കായി ചെറിയൊരു തുക നിർബന്ധപൂർവം നൽകിയെന്ന് അഷ്ല പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.