സ്വപ്നസാക്ഷാത്കാരം, ഈ അംഗീകാരങ്ങൾ
text_fieldsകോവിഡ്കാലത്ത് വെറുതെയിരിക്കേണ്ടിവന്ന സാഹചര്യമാണ് അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ എന്റർടെയ്നറും നടിയുമായി ഒറ്റപ്പാലം സ്വദേശിനി സോണിയ വിനുവിനെ മാറ്റിത്തീർത്തത്. കോവിഡ്കാലത്ത് കൂട്ടുകാരികളുമായി ചെയ്ത ഫോട്ടോഷൂട്ടുകൾ ക്ലിക് ചെയ്തു എന്നുതന്നെ പറയാം. അഭിനന്ദനങ്ങൾ ധാരാളമുണ്ടായത് രംഗത്ത് തുടരാൻ പ്രചോദനമായി.
വിദ്യാഭ്യാസകാലത്തുതന്നെ മോഡലിങ്ങിൽ താൽപര്യമുണ്ടായിരുന്നു. അന്ന് സഫലമാകാത്ത മോഹങ്ങൾ പ്രവാസകാലത്ത് സാക്ഷാത്കരിക്കപ്പെട്ടുവെന്ന് സോണിയ പറയും. പ്രഫഷൻ എന്നതിനേക്കാൾ പാഷൻ ആയാണ് ബഹ്റൈനിലുള്ള സോണിയ ഇതിനെ കാണുന്നത്. കഴിഞ്ഞ വർഷം ബഹ്റൈൻ കേരളീയ സമാജത്തിൽ കുമാരനാശാന്റെ കൃതിയെ ആസ്പദമാക്കി ഹരീഷ് മേനോൻ സംവിധാനം ചെയ്ത നാടകത്തിൽ അഭിനയിച്ചിരുന്നു.
ട്രാഫിക് ബോധവത്കരണവുമായി ബന്ധപ്പെട്ട് ഹാരിസ് ഇക്കാച്ചു സംവിധാനം ചെയ്ത ഒരുമിനുട്ട് ദൈർഘ്യമുള്ള വിഡിയോയിലും അഭിനയിച്ചിട്ടുണ്ട്. നാട്ടിലും ഗൾഫിലുമായി ഏതാനും വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെ മോഡലാകാനും കഴിഞ്ഞു. രണ്ടുവർഷം മുമ്പ് ബഹ്റൈനിലെ ഗസൽ ഗായകനായ ഹാഷിം സംവിധാനം ചെയ്ത ആൽബം സോങ്ങിൽ സോണിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഡൽ, മേക്കപ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ മാത്രമല്ല, സൗന്ദര്യ മത്സരങ്ങളിലും ഒരുകൈ നോക്കിയിട്ടുണ്ട്.
കൊച്ചിയിൽ നടത്തിയ മിസിസ് മലയാളി 2022 സൗന്ദര്യമത്സരത്തിലെ ടൈറ്റിൽ ജേതാവാണ്. ആലപ്പുഴയിൽ നടന്ന മിസിസ് കേരള സൗന്ദര്യമത്സരത്തിൽ ബെസ്റ്റ് ഫോട്ടോജെനിക് സബ്ടൈറ്റിൽ പുരസ്കാരവും ലഭിച്ചു. പിതാവ് ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം ഗുജറാത്തിലും ഊട്ടിയിലുമായിരുന്നു. പിന്നീട് പ്ലസ് ടു വരെ ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലും ഡിഗ്രിക്ക് കോയമ്പത്തൂരിലും പഠിച്ചു.
ഭർത്താവ് വിനു വിൻസെന്റ് ബഹ്റൈനിലെ ഇന്റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽ ജീവനക്കാരനാണ്. നാലുവയസ്സുകാരനായ ട്രെഡിക് വിനുവാണ് മകൻ. ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹമുള്ള പല സ്ത്രീകളും ജീവിതസാഹചര്യം മൂലവും മറ്റും മോഹങ്ങൾ ഉള്ളിലൊതുക്കി കഴിഞ്ഞുകൂടുകയാണ്. ധൈര്യസമേതം മുന്നോട്ടു വരണമെന്നാണ് അത്തരക്കാരോട് സോണിയക്കും പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.