സൗദാമിനിക്ക് മുന്നിൽ പഴയ ശിഷ്യയായി പി.ടി. ഉഷ
text_fieldsപള്ളിക്കത്തോട്: 20 വർഷത്തിനുശേഷം പി.ടി. ഉഷയുടെയും ഗുരുനാഥയുടെയും സംഗമത്തിന് വേദിയായി പള്ളിക്കത്തോട് പഞ്ചായത്ത്. നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് കായിക അധ്യാപികയായിരുന്ന സൗദാമിനിയും ഉഷയും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്. സൗദാമിനി ടീച്ചറിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട പി.ടി. ഉഷ ഇനി വരുമ്പോൾ വീട്ടിലേക്ക് എത്താമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്.
പള്ളിക്കത്തോട് പഞ്ചായത്തിൽ സൻസദ് ആദർശ് ഗ്രാമപദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി.ടി. ഉഷ എം.പി. ഉഷ പാലക്കാട് മേഴ്സി കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സൗദാമിനി അവിടെ കായിക അധ്യാപികയായിരുന്നു. 2002ൽ മാള അന്നമനടയിൽ ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ ഉഷ എത്തിയപ്പോഴും പ്രിയ ശിഷ്യയെ കാണുവാൻ ഗുരുനാഥ എത്തിയിരുന്നു.
പിന്നീട് ഇപ്പോഴാണിവർ നേരിൽ കാണുന്നത്. മകൾ അഞ്ജനക്കൊപ്പമാണ് ടീച്ചർ എത്തിയത്. ഇപ്പോൾ പാലാ വിളക്കുമാടത്ത് വൃന്ദാവന്‍ വീട്ടിൽ ഭർത്താവ് പി.എസ്. ജനാർദനൻ നായർക്കും മകൻ അരുണിനുമൊപ്പമാണ് സൗദാമിനി താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.