കാണൂ, കളിക്കളത്തിലെ കായിക കുടുംബത്തെ
text_fieldsകോട്ടക്കൽ: സംസ്ഥാന നെറ്റ്ബാൾ ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നതിനിടെ കൈക്കുഞ്ഞിനെ ലാളിച്ച് മത്സരാർഥികൾ. ഇടക്കിടെ ട്രാക്ക് സ്യൂട്ടണിഞ്ഞ സ്ത്രീ വന്ന് കുഞ്ഞിനെ പരിപാലിക്കുന്നു. കളിക്കളത്തിൽ മാതൃത്വത്തിന്റെ ഊഷ്മളത തീർത്ത സ്ത്രീ ഒരു സ്കൂൾ ടീം മാനേജരാണ്. ഈ അമ്മയും കുഞ്ഞും മാത്രമല്ല, ഇവർക്കൊപ്പം മത്സരാർഥികളായി രണ്ടു മക്കളും കൂടെയുണ്ട്.
ഇടുക്കി വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ ടീം മാനേജരും അസോ. ട്രഷററുമായ ലിഖിയയാണ് ഒമ്പതുമാസം മൂന്നു മാസം പ്രായമായ കുഞ്ഞ് ഹെവൻ ഡ്രിനോയുമായി കളിക്കളത്തിൽ എത്തിയത്. ഇതേ സ്കൂളിൽ പഠിക്കുന്ന പത്താംക്ലാസ് വിദ്യാർഥി ഹെവൻഡ്രിയ, ഒമ്പതിൽ പഠിക്കുന്ന ഹെവൻ ഡ്രിൻ എന്നിവരും ഒപ്പമുണ്ട്. ഹെവൻഡ്രിയ സീനിയർ വിഭാഗം സ്കൂൾ ടീം ഗോൾ കീപ്പറും ക്യാപ്റ്റനുമാണ്. രണ്ടു വർഷമായി മത്സര രംഗത്ത് സജീവമാണ്.
സബ് ജൂനിയർ താരമാണ് ഡ്രിൻ. തൊടുപുഴ സ്വദേശിയായ ഷാന്റോയാണ് ഇവരുടെ പിതാവ്. ഇവരുടെ ആറ് മക്കളുടെ പേരുകളും സാമ്യമുള്ളതാണ്. ഹെവൻ ഡ്രിക്, ഹെവൻ ഡ്രിന, ഹെവൻ ഡ്രിച്ച് എന്നി മക്കളെ വീട്ടിലാക്കിയാണ് ലിഖിയ കോട്ടക്കലിലേക്ക് വന്നത്. കുടുംബം കായിക മേഖലയിൽ നേരത്തെ തന്നെ സജീവമാണ്. ഭർത്താവും ലിഖിയയും മക്കളും ബാഡ്മിന്റൺ താരങ്ങൾ കൂടിയാണ്.
മത്സരം പുരോഗമിക്കുമ്പോൾ കളി പറഞ്ഞു കൊടുത്ത് ലിഖിയ കളിക്കളത്തിന് സമീപത്തുണ്ടാകും. ഈ സമയം കുഞ്ഞ് ഡ്രിനോയുടെ പരിചരണ ചുമതല റിസർവ് താരങ്ങൾക്കാണ്. കോട്ടൂരിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ അമ്മയും മക്കളും ആവേശം തീർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.