കായിക അധ്യാപന രംഗത്ത് ‘ഷൈൻ’ ചെയ്ത് ഷൈനി
text_fieldsകായിക അധ്യാപന രംഗത്ത് വ്യത്യസ്തയായി മാറുകയാണ് ഷൈനിമോൾ അഗസ്റ്റിൻ (49). കഴിഞ്ഞ 29 വർഷമായി ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിര വിദ്യാലയത്തിൽ കായിക അധ്യാപികയായ ഷൈനിമോൾ നഴ്സറി മുതൽ 10 വരെ ക്ലാസുകളിലെ ശാരീരിക വൈകല്യമുള്ള വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകി വരുന്നു.
വൈകല്യങ്ങളെക്കാൾ കൂടുതൽ മികവ് നേടാൻ കഴിവുള്ള ഒരു പറ്റം കുട്ടികളെ സ്വപ്രയത്നം കൊണ്ട് രാജ്യശ്രദ്ധ നേടുന്ന കുട്ടികളാക്കി മാറ്റുകയാണ് ഈ അധ്യാപിക. അസീസി ബധിര വിദ്യാലയത്തിലെ വിദ്യാർഥികളെ സ്പെഷൽ സ്കൂൾ കായികമേളയിൽ ജില്ല-സംസ്ഥാന തലത്തിൽ എല്ലാ വർഷവും ഉന്നത വിജയത്തിൽ എത്തിക്കുന്നതിനു പുറമെ കേരളത്തെ പ്രതിനിധാനം ചെയ്ത് തുടർച്ചയായി ദേശീയ തലത്തിൽ സ്കൂളിന് സ്വർണ മെഡൽ നേടാനും ഇവരുടെ പ്രയത്നം വഴിയൊരുക്കുന്നുണ്ട്.
മറ്റു കുട്ടികളെക്കാൾ ശാരീരിക വൈകല്യമുള്ളവർക്ക് പരിശീലനം നൽകുന്നത് വലിയ വെല്ലുവിളിയാണ്. ഒരു മത്സരം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും അതിനാവശ്യമായ നിർദേശങ്ങൾ ലഭിക്കത്തക്ക അടയാളങ്ങൾ കുട്ടികൾക്ക് പ്രത്യേക പരിശീലനത്തിലൂടെ നൽകണം. അത്ലറ്റിക്സിൽ പരിശീലനം നൽകുമ്പോൾ ആംഗ്യഭാഷയിലൂടെയും ലിപ് റീഡിങ്ങിലൂടെയുമാണ് കുട്ടികളുമായി ആശയവിനിമയം നടത്തുന്നത്.
ഫെബ്രുവരിയിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ സ്കൂളിലെ നാല് കുട്ടികൾ സ്വർണം, വെള്ളി മെഡലുകൾ നേടിയിരുന്നു. 1993ലാണ് ഷൈനി ജോലിയിൽ പ്രവേശിക്കുന്നത്. ഭർത്താവ് ഷാജി വർഗീസ് വാഴക്കുളം ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ ഹെഡ്മാസ്റ്ററാണ്. മക്കളായ ജിത്തു, അച്ചു, റിച്ചു എന്നിവർ വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.