തേങ്ങയിട്ടും ഓട്ടോ ഓടിച്ചും ശ്രീദേവി; ഇത് കോവിഡ് കാലത്തെ അതിജീവനത്തിെൻറ വേറിട്ട മാതൃക
text_fieldsമലപ്പുറം: ‘‘മൂത്തത് ഒരാൺകുട്ടി ആയിരുന്നേൽ എെൻറ കൂടെ തേങ്ങയിടാൻ അവനും വരുമായിരുന്നു’’. അച്ഛൻ ഗോപാലനും അമ്മ ഉഷയും തമ്മിലുള്ള ഈ സംസാരത്തിൽനിന്ന് ഒരു പുതിയ ചരിത്രം രചിക്കുകയായിരുന്നു ശ്രീദേവി എന്ന പെൺകുട്ടി. എം.എ ബിരുദം കഴിഞ്ഞ ഇവർ ഇപ്പോൾ ഒറ്റപ്പാലത്ത് ബി.എഡിന് പഠിക്കുകയാണ്. അതിനിടെ വീണുകിട്ടിയ ലോക്ഡൗൺ കാലത്ത് കാലത്ത് തെങ്ങ് കയറിയും ഓട്ടോറിക്ഷ ഓടിച്ചുമെല്ലാം കുടുംബത്തിന് തണലാവുകയാണ് ഈ മലപ്പുറം കാടാമ്പുഴ സ്വദേശി.
അച്ഛെൻറ സംസാരം കേട്ടപ്പോഴാണ് എന്തുകൊണ്ട് തേങ്ങയിടൽ തനിക്കും ആയിക്കൂടെന്ന് ആലോചിച്ചത്. അങ്ങനെ ശ്രീദേവി മാതാപിതാക്കളോട് തേങ്ങയിടുന്നത് പഠിക്കണമെന്ന് പറഞ്ഞു. ഇത്രവരെ പഠിച്ചിട്ട് ഇനി തെങ്ങ് കയറാൻ പോവുകയാണോ എന്നായിരുന്നു അച്ഛെൻറ മറുപടി. പക്ഷെ, വിട്ടുകൊടുക്കാൻ ഈ മിടുക്കി തയാറല്ലായിരുന്നു. അങ്ങനെ ഒരു ദിവസം അച്ഛെൻറ തളപ്പെടുത്തു തെങ്ങ് കയറി. സംഭവം പെൺകുട്ടികൾക്കും വഴങ്ങുമെന്ന് മനസ്സിലായതോടെ അച്ഛൻ തെങ്ങ് കയറൽ യന്ത്രം വാങ്ങിനൽകി. ഒരുദിവസം അചഛെൻറ കൂടെ ജോലിക്ക് പോയി 360 രൂപ സമ്പാദിക്കുകയും ചെയ്തു. ‘ഇച്ചിരി പൊടിയും ചൊറിച്ചിലുമൊക്കെ കാണുന്നെ ഉള്ളൂ. അത് കുളിച്ചാൽ പോവൂം -ശ്രീദേവി ഫേസ്ബുക്കിൽ കുറിച്ചു.
ബി.എഡ് അവസാനവർഷ വിദ്യാർഥിയായ ശ്രീദേവിയുടെ ആഗ്രഹം അധ്യാപികയാവുക എന്നതാണ്. ചരിത്രത്തിൽ ഡോക്ടറേറ്റ് എടുക്കണമെന്ന സ്വപ്നവുമുണ്ട്. ശ്രീദേവിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രണ്ട് അനിയത്തിമാരും ഇപ്പോൾ തെങ്ങിൽ കയറുന്നുണ്ട്. കോവിഡ് കാലത്തെ വിശേഷങ്ങൾ പങ്കുവെച്ചുള്ള ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത് നിരവധി പേരാണ്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
എെൻറ കുട്ടിക്കാലങ്ങളൊന്നും അത്ര നല്ലതായിരുന്നില്ല. ഓർക്കാൻ മാത്രം സന്തോഷങ്ങളുമില്ല. ഇടക്കൊക്കെ വിശന്നു കരഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് അതൊക്ക മാറി വന്നു. എനിക്ക് ഓർമ്മവച്ച നാൾ മുതൽ അമ്മ ജോലിക്ക് പോയി കണ്ടിട്ടുണ്ട്. ഇടക്കൊക്കെ ലീവ് എടുക്കാൻ പറഞ്ഞ തന്നെ വീട്പണി, അവിടെ ഇവിടെയായി കൊടുക്കേണ്ട കാശിെൻറ കണക്ക്, അങ്ങനെ ഓരോന്ന് പറഞ്ഞു അമ്മ ജോലിക്ക് പോവും. അച്ഛന് കാലങ്ങളായി ശ്വാസം മുട്ടലുണ്ട്. പക്ഷെ അച്ഛെൻറ ജോലിക്ക് അതൊരു തടസ്സമായിരുന്നില്ല. മഴക്കാലമാകുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവാറ്.
ഇടക്കൊക്കെ അനിയത്തിമാരെ നോക്കാൻ വേണ്ടി സ്കൂളിൽ പോവാൻ കഴിയാത്ത സാഹചര്യങ്ങളോക്കെ ഉണ്ടായിട്ടുണ്ട്. അവരെ സ്കൂളിൽ ചേർത്തപ്പോൾ ഞാനും പഴയപോലെ പോവാൻ തുടങ്ങി. ഞാൻ സ്കൂളിൽ ഇടക്കിടക്കു വരുന്നത് കണ്ട ശാന്ത ടീച്ചർ അന്നെനിക്കൊരു പേരിട്ടു. ഒന്നരാടം കോഴിന്ന്. പക്ഷെ ടീച്ചറ് തന്നെയാണ് കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു എന്നെ ശ്രദ്ധിച്ചതും. പിന്നീട് നല്ല സമയങ്ങളായിരുന്നു. എെൻറ പ്ലസ്ടുവിനു ശേഷമുള്ള വെക്കേഷനാണ് ആദ്യമായി ഒരു ജോലിക്ക് പോകുന്നത്. ട്യൂഷൻ സെൻററിലെ ഓഫിസിൽ. ഡിഗ്രി കഴിഞ്ഞപ്പോ അത് കാടാമ്പുഴ അക്ഷയ സെൻററിൽ ആയി. ആദ്യമായി ശമ്പളം കിട്ടുന്നതിെൻറ സന്തോഷം അന്നാണ് അറിയുന്നത്. പ്രത്യേകിച്ച് അച്ഛനും അമ്മക്കും കൊടുക്കുമ്പോ... അനിയത്തിമാർക്ക് സ്കൂൾ ബാഗും കുടയും മേടിക്കുമ്പോഴൊക്കെ കിട്ടണ സന്തോഷം. അത് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല. പിന്നെ പി.ജി കഴിഞ്ഞു. ബിഎഡ് ഫൈനൽ സെമസ്റ്റർ പരീക്ഷ എഴുതാൻ നേരമാണ് കൊറോണ പ്രശ്നങ്ങൾ തുടങ്ങിയത്. മാർച്ച് 11ന് വീട്ടിൽ വന്നിരിക്കാൻ തുടങ്ങി. ഓൺലൈൻ മോഡൽ പരീക്ഷക്ക് ശേഷം അറിയാത്ത ഭക്ഷണങ്ങളിൽ ചിലതുണ്ടാക്കൻ പഠിച്ചു, ചെറിയ വായനകളും.
നിലവിലെ സാഹചര്യത്തിൽ അച്ഛൻ മാത്രമാണ് ജോലിക്ക് പോകുന്നത്. എനിക്ക് ചെയ്യാൻ അറിയുന്ന ജോലികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയും. ഇടക്കൊക്കെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്, മൂത്തത് ഒരാൺകുട്ടി ആയിരുന്നേൽ അച്ഛെൻറ കൂടെ തേങ്ങയിടാനൊക്കെ പോയേനെന്ന്. പിന്നീട് ഓർത്തപ്പോ തോന്നി എനിക്കും ഇതൊക്ക ആയിക്കൂടെന്ന്. അങ്ങനെ അമ്മയോടും അച്ഛനോടും എനിക്ക് തേങ്ങയിടാൻ പഠിക്കണമെന്ന് പറയുന്നു. നിനക്ക് പ്പോ ഇതാണോ കണ്ടേന്ന് അമ്മ, ഇത്രേം പഠിച്ചിട്ട് ഇനി തെങ്ങ് കേറാൻ നടക്കുവാണോന്ന് അച്ഛൻ. അനക്ക് വേറെ പണില്ലേന്ന് അനിയത്തികുട്ടി. പിന്നെ അടിയായി ബഹളായി... ഒരൂസം വൈന്നേരം അച്ഛെൻറ തളപ്പെടുത്തു ഞാൻ തെങ്ങ് കേറി നോക്കി. എെൻറ തടി വച്ചു എങ്ങനെ കേറാനാണെന്ന് എനിക്ക് തന്നെ തോന്നി. അങ്ങനെ തെങ്ങ് കയറ്റ യന്ത്രം മേടിച്ചു തരണമെന്ന് പറഞ്ഞു അടിയായി. കൊറേ പറഞ്ഞപ്പോ എെൻറ വാശിക്കൊടുവിൽ ഞാനും അച്ഛനും കൂടെ പോയി മെഷീൻ മേടിച്ചു. അപ്പുറത്തെ കാക്കേടെ പറമ്പിലെ തെങ്ങിൽ കയറി പഠിക്കാനും തുടങ്ങി. ഞാൻ തെങ്ങിൽ കയറി ഒരു തേങ്ങയൊക്കെ ഇട്ടു കണ്ടപ്പോ അച്ഛനും അമ്മയ്ക്കും ചിരി. അനിയത്തിമാര് തെങ്ങിൽ കയറാൻ പരസ്പരം അടിയുണ്ടാക്കുന്നു. അങ്ങനെ അമ്മയൊഴികെ എല്ലാരും കയറി പരീക്ഷിച്ചു.
ഇന്നലെ അടുത്ത വീട്ടിലെ താത്തെടെ പേരകുട്ടിക്ക് ഇളനീർ വേണന്ന് പറഞ്ഞു അച്ഛനെ വിളിച്ചു. അച്ഛൻ എന്നോട് പറഞ്ഞു. ആദ്യം നുണയാണോന്ന് ഓർത്തു. പക്ഷെ അച്ഛൻ സീരിയസ് ആണേ... അങ്ങനെ ഇളനീര് ഇട്ടു... രണ്ട് തെങ്ങിൽ കയറിയതിനു 80 രൂപയും കിട്ടി. കാശ് അച്ഛനും അമ്മക്കും കൊടുത്തു. രണ്ടാളും അത് കയ്യിൽ വെക്കാൻ പറഞ്ഞു. എന്നിട്ട് വൈന്നേരം ആയപ്പോ അമ്മയോട് ചോദിച്ചു...ഒന്ന് കേറിനോക്ക്യാലോ അമ്മാന്ന്... ഒട്ടും പ്രതീക്ഷിക്കാതെ അമ്മ വന്നു കേറിനോക്കുന്നു. ഇറങ്ങിവന്നപ്പൊഴേക്കും അമ്മ പറയാ, ഇനി നീ അച്ഛെൻറ കൂടെ ജോലിക്ക് പൊക്കോന്ന്. അങ്ങനെ അമ്മ ഹാപ്പിയായി. ഇന്ന് രാവിലെ അച്ഛെൻറ കൂടെ ജോലിക്ക് പോയി 360 രൂപക്ക് ജോലി ചെയ്തു. ഇച്ചിരി പൊടിയും ചൊറിച്ചിലുമൊക്കെ കാണുന്നെ ള്ളൂ. അത് കുളിച്ച പോവൂലോ...
നിലവിലെ സാഹചര്യത്തിൽ ബസ് ഇല്ലാത്തോണ്ട് എവിടെ പോണേലും ഓട്ടോ വിളിക്കണം. ഓട്ടോക്ക് ആണേൽ നല്ല ചാർജ്ണ്ട്. സ്കൂട്ടി എടുക്കുന്ന കര്യം പറഞ്ഞപ്പോ അമ്മക്ക് സ്കൂട്ടിയിൽ കയറാൻ ഇഷ്ടമല്ല. പേടിയാണ്. അപ്പോഴാണ് കാർ എടുത്താലോന്ന് ആലോചിച്ചത്. അതിപ്പൊ താങ്ങൂലന്ന് ഉടനെ മറുപടിയും കിട്ടി. പിന്നെന്ത് ചെയ്യുന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് അമ്മ പറയണേ, ഒരാൺകുട്ടി ണ്ടായിരുന്നങ്കിൽ മ്മക്ക് ഓട്ടോ മേടിക്കായിരുന്നുന്ന്. അമ്മയോട് ഞാൻ ഓടിച്ച മതിയോന്ന് ചോദിച്ചു. അമ്മ ചിരിച്ചു. പിന്നെ നീ ഓടിക്കോന്ന് ചോദിച്ചു. മ്മക്ക് പഠിക്കാമ്മേന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ഒരു സെക്കൻഡ് ഓട്ടോ മേടിക്കുന്നു. അച്ഛെൻറ സുഹൃത്ത് പഠിപ്പിച്ചുതരുന്നു. ഇപ്പൊ അത്യാവശ്യത്തിനു പോകാൻ എെൻറ കൂടെ ഓട്ടോയിൽ ഇരിക്കാൻ അമ്മ റെഡിയാണ്. ഇനിയിപ്പോ തേങ്ങയിട്ട് വന്നിട്ട് ഓട്ടോ ടാക്സിയായി ഓടാൻ പോയാലോന്നൊരു ആലോചന കൂടിയുണ്ട്. അപ്പൊ ഇതൊക്കെയാണ് കൊറോണകാലത്തെ വിശേഷങ്ങൾ.
ഇതൊന്നും അത്ര വല്യ സംഭവമല്ലങ്കിലും എനിക്ക് ഇത് ഒരുപാട് സന്തോഷങ്ങൾ നൽകിയവയാണ്. സമൂഹം നിർമ്മിച്ചുവച്ച കാഴ്ചപ്പാടിൽ ജീവിച്ചു വളർന്നവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കുടുംബത്തിനകത്തുന്നും ചുറ്റുപാടിന്നും കേൾക്കുന്നുണ്ട്. എന്നാൽ ആദ്യമെല്ലാം വേണ്ടന്ന് പറഞ്ഞെങ്കിലും നമുക്ക് സാധ്യമാണന്ന് തിരിച്ചറിയുന്ന നിമിഷം ഇങ്ങനെ കട്ടക്ക് കൂടെ നിക്കണ അമ്മേടേം അച്ഛന്റേം മകളായി ജനിച്ചത് തന്നെയാണ് ഏറ്റവും വല്ല്യ ഭാഗ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.