എക്സൈസിന് അഭിമാനമായി ശ്രീലത
text_fieldsപറളി എക്സൈസ് ഇൻസ്പെക്ടർ
കെ. ശ്രീലത
പാലക്കാട്: സ്ത്രീകൾക്ക് ധൈര്യത്തോടെ കടന്നുവരാൻ കഴിയുന്ന ജോലിയാണ് എക്സൈസ് വകുപ്പ് എന്ന് പറയുമ്പോൾ ശ്രീലതയുടെ വാക്കുകളിൽ അഭിമാനം നിറയുന്നു. സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ ഇൻസ്പെക്ടർ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് കാടാങ്കോട് ഹരിനന്ദനത്തിൽ കെ. ശ്രീലത (43). തൃശൂർ സ്വദേശിനി ഒ. സജിതയാണ് ആദ്യ വനിത. ഒരുവർഷത്തെ പരിശീലനത്തിന് ശേഷം മാർച്ച് നാലിന് പറളി എക്സൈസ് റേഞ്ച് ഓഫിസിൽ ഇൻസ്പെക്ടറായി ചുമതലയേറ്റു.
2014ൽ വനിത സിവിൽ എക്സൈസ് ഓഫിസറായി പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഓഫിസിലാണ് ശ്രീലത സർവിസിൽ പ്രവേശിച്ചത്. എക്സൈസിൽ വനിതകളെ റിക്രൂട്ട് ചെയ്തപ്പോൾ 10 ശതമാനം വനിതകളെ ഇൻസ്പെക്ടറാക്കാൻ തീരുമാനിച്ചപ്പോഴാണ് 2016ൽ ശ്രീലത പരീക്ഷയെഴുതിയത്. 2019ൽ ലിസ്റ്റ് വന്നപ്പോൾ ഏഴാം റാങ്ക് നേടിയാണ് ശ്രീലത തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. ഇൻസ്പെക്ടറാകണമെന്ന ആഗ്രഹം സഫലമായതിനൊപ്പം നാട്ടിൽ തന്നെ നിയമനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശ്രീലത.
എക്സൈസ് വകുപ്പിൽ കയറുന്നതിന് മുമ്പ് ഒന്നര വർഷത്തോളം റെയിൽവേയിൽ ട്രാഫിക് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. തൃശൂർ മുളങ്കുന്നത്തുകാവിൽ സ്റ്റേഷൻ ഡ്യൂട്ടിയായിരുന്നു. അന്ന് ഡബ്ല്യൂ.സി.ഇ.ഒ ലിസ്റ്റിൽ ഉണ്ടായിരുന്നു. നാട്ടിൽതന്നെ നിൽക്കാമെന്നതിനാലാണ് റെയിൽവേയിൽനിന്നും ജോലി രാജിവെച്ച് എക്സൈസിൽ എത്തിയത്.
സമയക്രമമുള്ള ജോലിയല്ല എക്സൈസിന്റേത്. ഇൻസ്പെക്ടറുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് ഓഫിസിലെ മറ്റുള്ളവരും നിൽക്കുക. അതിനാൽ തന്നെ ഉത്തരവാദിത്തമുള്ള ജോലിയാണിതെന്നും ശ്രീലത പറഞ്ഞു. വിമുക്തി പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ ബോധവത്കരണ പരിപാടികൾക്കും പോകാറുണ്ട്. ലഹരിയെ ജനകീയമായി ചെറുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ജോലി തിരക്കുകൾ ഉണ്ടെങ്കിലും അമ്മമാർ കുട്ടികളോട് സംസാരിക്കാൻ സമയം കണ്ടെത്തിയാൽ അവരുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുമെന്നും അതിലൂടെ അവരെ തെറ്റായ കൂട്ടുകെട്ടുകളിൽനിന്നും പിന്തിരിപ്പിക്കാമെന്നും ശ്രീലത പറഞ്ഞു. കുട്ടികളുടെ കൂട്ടുകാരെ കുറിച്ച് അറിയണം. കുട്ടികളെ ഏപ്പോഴും നിരീക്ഷിക്കണം. അവരുടെ ഒപ്പം സമയം ചെലവഴിക്കുന്നതും നല്ലതാണെന്നും ശ്രീലത അഭിപ്രായപ്പെട്ടു.
പാലക്കാട് സ്വദേശികളായ പരേതനായ വിശ്വനാഥൻ നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് ശ്രീലത. ഭർത്താവ് ആർ. ശ്രീധരൻ പാലക്കാട് സീനിയർ കോഓപറേറ്റിവ് ഇൻസ്പെക്ടറാണ്. മകൻ ശ്രീഹരി തൃശൂർ ലോ കോളജിൽ എൽ.എൽ.ബി വിദ്യാർഥിയാണ്. മകൾ ശ്രീനന്ദ പാലക്കാട് പി.എം.ജി സ്കൂളിൽ പ്ലൺ വണ്ണിന് പഠിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.