ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി; ഡൽഹി സർവകലാശാല പൂർവ വിദ്യാർഥി
text_fieldsകൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി നാഷനൽ പീപ്പിൾസ് പവർ (എൻ.പി.പി) നേതാവും എം.പിയുമായ ഹരിണി അമരസൂര്യ സ്ഥാനമേറ്റു. രാജ്യത്തിന്റെ മൂന്നാമത് വനിത പ്രധാനമന്ത്രിയാണ് ഹരിണി. സിരിമാവോ ബണ്ഡാരനായകേക്ക് ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് 54കാരിയായ ഹരിണി അമരസൂര്യ.
സർവകലാശാല ലക്ചററായ ഹരിണി മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്. ഡൽഹി സർവകലാശാല പൂർവ വിദ്യാർഥിയായ അവർക്ക് നരവംശ ശാസ്ത്രത്തിൽ ഡോക്ടറേറ്റുണ്ട്.
ലങ്കൻ പ്രസിഡന്റായി ഇടത് നേതാവ് അനുര കുമാര ദിസ്സനായകെ ചുമതലയേറ്റതിനെ തുടർന്ന് പ്രധാനമന്ത്രി ദിനേഷ് ഗുണവർധന രാജിവെച്ച ഒഴിവിലാണ് നിയമനം. നീതിന്യായം, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, ശാസ്ത്ര-സാങ്കേതികം, ആരോഗ്യം, നിക്ഷേപം എന്നീ വകുപ്പുകളുടെ ചുമതല ഹരിണി വഹിക്കും.
എൻ.പി.പി നേതാക്കളായ വിജിത ഹെറാത്, ലക്ഷ്മൺ നിപുനരാച്ചി എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു. നിലവിലെ പാർലമെന്റ് ഉടൻ പിരിച്ചുവിടും. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ കാവൽ മന്ത്രിസഭയായി പ്രസിഡന്റ് അടക്കമുള്ളവർ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.