പാചക കലയിൽ വ്യത്യസ്തത പരീക്ഷിച്ച് രേഷ്മ
text_fieldsതന്റേതായ ശൈലിയില്‍ പാചക കലയില്‍ വൈദഗ്ദ്യം തെളിയിക്കുകയാണ് തൃശൂര്‍ പാടൂര്‍ സ്വദേശിനി രേഷ്മ ഷാനവാസ്. പാചകത്തിലെ പാരമ്പര്യമെന്നു പറയാന്‍ ഉമ്മയാണ് രേഷ്മക്ക് മാതൃക. അതിഥികളെ സല്ക്കരിക്കുന്നതില് ഏറെ തല്പരരാണ് ഇവര്‍. അതുകൊണ്ട് തന്നെ പാചകത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന പതിവ് ഇവര്‍ക്കുണ്ട്. പ്രവാസ ലോകത്തേക്കുള്ള വരവാണ് രേഷ്മയെ പാചക കലയിലേക്ക് അടുപ്പിച്ചത്.
ഭര്‍ത്താവ് ഷാനവാസ് ജോലിക്ക് പോകുമ്പോഴുണ്ടാകുന്ന ഏകാന്തത രേഷ്മയെ പാചക കലയിലേക്ക് എത്തിക്കുകയായിരുന്നു. ആദ്യ കാലങ്ങളിൽ ഉമ്മയുടെ നിര്‍ദേശങ്ങൾ അനുസരിച്ചായിരുന്നു പാചകം. പിന്നീട് തന്റേതായ പരീക്ഷണങ്ങളിലേക്ക് വഴിനടക്കുകയായിരുന്നു. പാചക വിദഗ്ദ ലക്ഷ്മി നായരുടെ പാചക വീഡിയോകള്‍ രേഷ്മയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രമുഖരുടെ പരീക്ഷണങ്ങളും തന്റെ കണ്ടെത്തലുകളും സമം ചേര്‍ത്താണ് രേഷ്മ രുചികരമായ പാച്ചകക്കൂട്ടുകള് രൂപപ്പെടുത്തുന്നത്.
വിരുന്നുകാരുടെ അഭിരുചിക്കനുസരിച്ച് വിഭവങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ ഏറെ മികവ് പുലര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം ഇഫ്താറിന് ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കി രേഷ്മ വൈഭവം തെളിയിച്ചിരുന്നു. ഇക്കുറിയും കൂടുതല്‍ മികവോടെ ഇഫ്താർ ഒരുക്കുകയാണ് ഇവര്‍. ഓരോ പരീക്ഷണങ്ങളും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി രേഷ്മ അവതരിപ്പിക്കുന്നുണ്ട്. പ്രവാസ ലോകത്തെ നിരവധി മത്സരങ്ങളില്‍ ഭാഗവാക്കായി സമ്മാനങ്ങളും നേടിയിട്ടുണ്ട് രേഷ്മ. അടുത്തിടെ ‘മീഡിയവൺ’ സംഘടിപ്പിച്ച റെനം ഹോൾഡിങ് സ്റ്റാർ ഷെഫ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ദുബൈ സൂഖ് അൽ മർഫയിൽ നടന്ന വാശിയേറിയ ഗ്രാൻഡ് ഫിനാലേയിൽ മാറ്റുരച്ച പത്ത് പാചക പ്രതിഭകളെ പിന്തള്ളിയാണ് 5000 ദിർഹമിന്റെ ഒന്നാം സമ്മാനം രേഷ്മ സ്വന്തമാക്കിയത്. തത്സമയം കൈയിൽ ലഭിക്കുന്ന വസ്തുക്കൾകൊണ്ട് ഒരു മണിക്കൂറിനകം രുചികരമായ വിഭവം തയാറാക്കുന്നതായിരുന്നു ‘മീഡിയവൺ’ സ്റ്റാർ ഷെഫ് ഫൈനൽ റൗണ്ടിലെ ചലഞ്ച്. ഷെഫ് പിള്ളയായിരുന്നു പരിപാടിയുടെ വിധികര്‍ത്താവ്. ലുലു സംഘടിപ്പിച്ച പാചക മത്സരത്തിലും രേഷ്മ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.
നിരവധി കുക്കറി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കഠിനാധ്വാനത്തിന് ഒരിക്കല്‍ മികച്ച നേട്ടം കൈവരിക്കാനാകുമെന്നും അത് വഴി തന്റേതായ ബ്രാന്‍ഡ് അവതരിപ്പിക്കാൻ കഴിയുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഇവര്‍. സൈക്കിള്‍ റൈഡില്‍ ഏറെ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ് ഭര്‍ത്താവ് ഷാനവാസ്. രേഷ്മയുടെ പാചകകല തന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവിനെ തുടര്‍ന്ന് സൈക്കിള്‍ റൈഡിങ് മേഖലയിലേക്ക് പ്രവേശിച്ച ഷാനവാസ് ഈ മേഖലയില്‍ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.