108ലും അറിവിന്റെ വാതിൽ തുറന്ന് കമലക്കണ്ണി മുത്തശ്ശി
text_fieldsകുമളി: തമിഴ്നാട്ടിൽനിന്ന് ദശാബ്ദങ്ങൾക്കു മുമ്പ് ഏലത്തോട്ടത്തിൽ ജോലിക്കെത്തിയ കമലക്കണ്ണി മുത്തശ്ശി 108ാം വയസ്സിൽ അറിവിന്റെ വാതായനങ്ങൾ ഒരിക്കൽകൂടി തുറക്കുകയാണ്. 80 വർഷം മുമ്പ് തേനി ജില്ലയിലെ കമ്പത്തുനിന്ന് വണ്ടന്മേട്ടിലെ ഏലത്തോട്ടത്തിൽ ജോലിക്കെത്തിയതാണ് കമലക്കണ്ണിയുടെ കുടുംബം. വീട്ടിലെ ദാരിദ്ര്യം കാരണം രണ്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. പിന്നീട് ജീവിതം മാതാപിതാക്കൾക്കൊപ്പം വണ്ടന്മേട്ടിലെ ഏലത്തോട്ടത്തിലായി.
കാലങ്ങൾ കടന്ന് ജീവിതം ഒരുനൂറ്റാണ്ട് പിന്നിട്ട് മുന്നോട്ട് നീങ്ങുമ്പോഴും കമലക്കണ്ണിക്ക് വിശ്രമമെന്നൊന്നില്ല. ഇതിനിടയിലാണ് സമ്പൂർണ സാക്ഷരത ക്ലാസിൽ ചേരുന്നത്. അങ്ങനെ മലയാളവും തമിഴും എഴുതാൻ പഠിച്ചു. എഴുത്തുപരീക്ഷയുടെ റിസൽട്ട് വന്നപ്പോൾ 100ൽ 97 മാർക്ക് വാങ്ങി മിന്നും വിജയം.
കേൾവിക്കും കാഴ്ചക്കും കാര്യമായ പ്രശ്നങ്ങളില്ലാത്ത ഈ മുത്തശ്ശി, ഇപ്പോഴും പറ്റുന്നതുപോലെ ജോലിയൊക്കെ ചെയ്യും. കഠിനാധ്വാനം ശീലമാക്കി തൊഴിലെടുത്തതാണ് ഇപ്പോഴും ജീവിതത്തിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകാൻ സഹായകമായതെന്ന് കമലക്കണ്ണി പറയുന്നു. പഠനകാര്യത്തിൽ കമലക്കണ്ണി തുടരുന്ന താൽപര്യം സാക്ഷരത പ്രവർത്തകർക്കും വലിയ ആത്മവിശ്വാസവും സന്തോഷവും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.