ജീവിത അരങ്ങിൽ തനിച്ചായി ലീല ഹരി
text_fieldsകൊടകര: അരങ്ങില്‍നിന്ന് മാറി വീടിന്റെ അകത്തളത്തില്‍ തനിച്ചുകഴിയുമ്പോഴും തിരക്കേറിയ നാടകരാവുകളും പകര്‍ന്നാടിയ വേഷങ്ങളുമാണ് ലീല ഹരിയുടെ മനസ്സില്‍. നാലായിരത്തോളം നാടക സ്റ്റേജുകളിലും എഴുപതോളം സിനിമകളിലുമായി ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച ഈ കലാകാരി ഇപ്പോള്‍ കൊടകരയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. തൃശൂര്‍ പൂങ്കുന്നത്ത് ജനിച്ചുവളര്‍ന്ന ലീല ഹരി പതിനെട്ടാമത്തെ വയസ്സിലാണ് നാടകരംഗത്തേക്കെത്തിയത്.
കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളിലും ഇവര്‍ അംഗമായിരുന്നു. അങ്കമാലി മാനിഷാദ, പൂഞ്ഞാര്‍ നവധാര, വയലാര്‍ നാടകവേദി, കൊച്ചിന് സംഗമിത്ര, കൊല്ലം അജന്ത, ചേര്‍ത്തല സാഗരിക, മൂവാറ്റുപുഴ സൂര്യശ്രീ തുടങ്ങിയ തിയറ്ററുകളുടെ നാടകങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളാണ് ഇവര്‍ അവതരിപ്പിച്ചിട്ടുള്ളത്.
അച്ഛന്റെ പൊന്നുമക്കള്, കന്യാകുമാരിയില്‍ ഒരു കടംകഥ, നാറാണത്ത് ഭ്രാന്തന്, ആട്ടവിളക്ക്, ചരിത്രത്തിന്റെ ചിരി തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങളെ ലീല ഹരി അവിസ്മരണീയമാക്കി. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നാടക നടിക്കുള്ള അവാര്‍ഡ് മൂന്നുതവണ തേടിയെത്തി.
മാമുക്കോയ, സീമ ജി. നായര്‍ തുടങ്ങിയ ഒട്ടേറെ പ്രതിഭകള്‍ക്കൊപ്പം നാടകങ്ങളില്‍ അഭിനയിച്ചു. എഴുപതോളം സിനിമകളിലും അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിലാണ് ആദ്യമായി കാമറക്കു മുന്നിലെത്തിയത്. പിന്നീട് മോഹന്‍ലാല്‍ ചിത്രമായ നരന്, ദിലീപിന്റെ ചാന്തുപൊട്ട്, മുല്ല തുടങ്ങി എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
സംസ്ഥാനത്തിന് പുറത്ത് ലക്ഷദ്വീപ്, ഗോവ, മുംബൈ, തമിഴ്നാട് , കര്‍ണാടക എന്നിവിടങ്ങളിലും നാടകങ്ങള്‍ അവതരിപ്പിച്ചു. പ്രതിസന്ധികളില്‍ തളര്‍ന്നപ്പോളൊക്കെ മാനസികമായ കരുത്തും പിന്തുണയും പകര്‍ന്നു നല്കി കലാരംഗത്ത് തുടരാന്‍ പ്രേരിപ്പിച്ചത് ഭര്‍ത്താവ് ഹരിദാസായിരുന്നെന്ന് ലീല ഹരി പറയുന്നു. പെണ്മക്കള് രണ്ടുപേരും വിവാഹിതരാവുകയും ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തതോടെ കൊടകരയിലെ കൊപ്രക്കളത്തുള്ള വീട്ടില്‍ ഇവർ തനിച്ചായി.
ആരോഗ്യപ്രശ്നം മൂലം ഏതാനും വര്‍ഷങ്ങളായി അഭിനയലോകത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ഈ 63 കാരി. നാല്‍പ്പതുവര്‍ഷത്തിലേറെ നീണ്ട കലാജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനവും ആത്മസംതൃപ്തിയുമുണ്ട്.
കാര്യമായി സമ്പാദ്യം ഇല്ലെങ്കിലും കേരളം ശ്രദ്ധിക്കുന്ന ഒരു കലാകാരിയായി വളരാനും സര്‍ക്കാരിന്റെ പുരസ്കാരം ഒന്നിലേറെ തവണ നേടാനും കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു -ലീല ഹരി പറഞ്ഞു. അരങ്ങില്‍ തിളങ്ങി തിന്ന കാലത്ത് സൗഹൃദവും ക്ഷേമാന്വേഷണവുമായി ഒപ്പം നിന്നവര്‍ വാര്‍ധക്യത്തിന്റേയും ഒറ്റപ്പെടലിന്റേയും ഈ കാലത്ത് അവഗണിക്കുന്നതിലുള്ള നൊമ്പരവും ഇവര്‍ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.