സഹ് ലയും പിതാവും സൈക്കിളിലേറി കണ്ടു, കേരളം
text_fieldsഅരീക്കോട്: കേരളം ചുറ്റിക്കറങ്ങാൻ സൈക്കിളിൽ ഇറങ്ങിയ പിതാവും മകളും യാത്ര പൂർത്തിയാക്കി തിങ്കളാഴ്ച ജന്മനാട്ടിൽ തിരിച്ചെത്തും. ഫെബ്രുവരി 13നാണ് 14 ജില്ലകളെയും അടുത്തറിയാൻ അരീക്കോട്ടുനിന്ന് സൈക്കിൾ തച്ചണ്ണ സ്വദേശിനി സഹ് ല പരപ്പനും പിതാവ് സക്കീർ ഹുസൈനും യാത്ര തിരിച്ചത്. 1,370 കിലോമീറ്ററാണ് ഇരുവരും സൈക്കിളിൽ താണ്ടിയത്.
തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയത്. അരീക്കോടുനിന്ന് ആരംഭിച്ച യാത്ര കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിച്ചു. ഇവിടെനിന്ന് പാൽചൂരം വഴി കണ്ണൂരിലൂടെ കാസർക്കോട് എത്തി. ഇവിടെനിന്ന് കേരളത്തിലെ ഓരോ ജില്ലയെയും അടുത്തറിഞ്ഞ് ഒരുമാസം കൊണ്ടാണ് സഹ് ലയും പിതാവും തിരുവനന്തപുരത്ത് എത്തി യാത്ര പൂർത്തിയാക്കിയത്.
പകൽ സമയങ്ങളിൽ പരമാവധി യാത്ര നടത്തി. സൗഹൃദത്തിലൂടെ കണ്ടെത്തുന്ന ഇടങ്ങളിലായിരുന്നു അന്തിയുറക്കം. ഇങ്ങനെ വളരെ ചുരുങ്ങിയ പണം കൊണ്ടാണ് ഞങ്ങളുടെ യാത്ര പൂർത്തിയാക്കിയതെന്ന് സഹ് ല പറഞ്ഞു. 14 ജില്ലകളിൽനിന്ന് വ്യത്യസ്ത അനുഭവങ്ങളാണ് ലഭിച്ചത്. ഇതുതന്നെയായിരുന്നു ഞങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്ന് സക്കീറും പറഞ്ഞു.
കനത്ത ചൂട് വകവക്കാതെ ദിവസം ഏകദേശം 45 കിലോമീറ്റർ സഞ്ചരിച്ചാണ് കേരള യാത്ര പൂർത്തിയാക്കിയത്. ചൂടിനുപുറമേ ദേശീയപാത നിർമാണവും യാത്രക്ക് വലിയ ബുദ്ധിമുട്ടാക്കി. കുറുക്കുവഴികളെയാണ് പലപ്പോഴും ആശ്രയിച്ചത്. ഒരുവർഷം മുമ്പ് സഹ് ല കേരളത്തിൽനിന്ന് സുഹൃത്തുക്കളുമൊത്ത് സൈക്കിളിൽ കാശ്മീരിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽ തൊഴിലാളിയായ പിതാവുമായി കേരളം മുഴുവൻ സൈക്കിളിൽ ചുറ്റിക്കറങ്ങി മറ്റൊരു യാത്രകൂടി പൂർത്തിയാക്കിയത്.
‘യാത്രയിൽ ഞങ്ങളെ ഒരുപാട് ആളുകൾ സഹായിച്ചിട്ടുണ്ട്. എല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുന്നു. ഇതിലൊന്നും എന്റെ യാത്രയോടുള്ള പ്രണയം അവസാനിക്കുന്നില്ല’- സഹ് ല പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്തെത്തിയ ഇരുവർക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. നിയമസഭയിലെത്തി സമ്മേളനം കാണാനും ഇരുവർക്കും സാധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നജീബ് കാന്തപുരം എം.എൽ.എ ഉൾപ്പെടെയുള്ളവർ ഇരുവർക്കും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. മൂർക്കനാട് സ്വദേശി മശ്ഹൂർ ഷാനാണ് സഹ് ലയുടെ ഭർത്താവ്. ഹഫ്സത്താണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.