ഇത് ആറുതലമുറയിലെ പെൺജീവിത കഥ
text_fieldsകൊച്ചി: ‘‘എന്റെ പേര് നഫീസ. എനിക്കിപ്പൊ ചുരുങ്ങിയത് 107 വയസ്സെങ്കിലുമുണ്ട്. എന്റെ മൂത്ത മോളാണ് ഖദീജ. അവൾക്ക് 87 വയസ്സായി. അവളുടെ മൂത്ത മകളാണ് 64 വയസ്സുള്ള ലൈല. ലൈലയുടെ മൂത്ത മകൾ ഷീബക്കാണെങ്കിൽ 48 വയസ്സ്. അവളുടെ മൂത്ത മകൾ അമീറക്ക് 23 വയസ്സുണ്ട്. തീർന്നില്ലാട്ടോ, അമീറമോൾക്ക് വെള്ളിയാഴ്ച ഒരു മോളുണ്ടായി. പേരുമിട്ടു, ഫൈറ ഫത്തീൻ.
എറണാകുളത്തെ ആശുപത്രിയിലാണ്. കുഞ്ഞിപ്പെണ്ണിനെ ഒന്ന് കാണാൻ കാത്തിരിപ്പാണ് ഞാൻ...’’-ഒരു കുടുംബത്തിലെ ആറു തലമുറയിലെ പെണ്ണുങ്ങളെക്കുറിച്ച് സീനിയർ മോസ്റ്റ് അംഗമായ നഫീസ പരിചയപ്പെടുത്തിയാൽ ഇങ്ങനെയിരിക്കും. എന്നാൽ, ഇത്രയൊന്നും സംസാരിക്കാനാവില്ലെങ്കിലും പ്രായത്തിന്റെ അവശതകളിൽ കിടപ്പിലാണെങ്കിലും പേരമകളുടെ പേരമകൾക്കൊരു മകൾ പിറന്ന സന്തോഷത്തിലും ആ കുരുന്നിനെ കാണാനുള്ള കാത്തിരിപ്പിലുമാണ് ഈ ‘വല്യ വല്യുമ്മൂമ്മ’.
പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട്ട് പരേതനായ കടുക്കാപ്പിള്ളിൽ അഹമ്മദിന്റെ ഭാര്യയാണ് നഫീസ. പ്രായമിത്രയായെങ്കിലും കാര്യമായ ഓർമക്കുറവൊന്നുമില്ല. ഇളയമകൻ സലീമിനും കുടുംബത്തിനുമൊപ്പമാണ് താമസം. മൂത്തമകൾ ഖദീജയെ പെരുമ്പാവൂർ കാഞ്ഞിരക്കാട്ടുള്ള മുഹമ്മദ് വിവാഹംചെയ്തു. റയോൺസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ജീവിച്ചിരിപ്പില്ല. ഇവരുടെ മകൾ ലൈലയെ ഇതേ ഗ്രാമത്തിലുള്ള ബിസിനസുകാരനായിരുന്ന പരീത് ജീവിതസഖിയാക്കി. കുമ്മനോടുള്ള ബിസിനസുകാരൻ മുഹമ്മദാണ് ഇവരുടെ മകൾ ഷീബയുടെ ഭർത്താവ്. ഷീബയുടെ മകൾ അമീറയുടെയും കളമശ്ശേരിയിലെ എൻജിനീയറായ തൽഹത്ത് ഷായുടെയും മകളാണ് വെള്ളിയാഴ്ച പിറന്ന ഫൈറ.
അറബി ഭാഷയിൽ ഉന്നത വിദ്യാഭ്യാസമുള്ള അമീറ നേരത്തേ ചില സ്വകാര്യ ആശുപത്രികളിൽ ദ്വിഭാഷിയായിരുന്നു. നഫീസ മുതൽ ഫൈറ വരെ കുടുംബത്തിൽ 100ലേറെ അംഗങ്ങൾ ഇന്നുണ്ടെന്ന് നാലാം തലമുറയിൽപെട്ടയാളും ഗാർമെൻറ്സ് ബിസിനസുകാരനുമായ ഹസൻ ദർവീഷ് പറയുന്നു. കുടുംബത്തിൽ കല്യാണങ്ങളോ മറ്റു ചടങ്ങുകളോ ഉണ്ടാവുമ്പോൾ എല്ലാവരും ഒത്തുചേരുകയും വല്യുമ്മയുടെ വർത്തമാനങ്ങൾ കേൾക്കുകയും ചെയ്യുന്നത് പതിവാണ്. ഒന്നരവർഷം മുമ്പ് കുടുംബത്തിലെ പേരമകൻ റമീസിന്റെ കല്യാണത്തിനാണ് എല്ലാവരും അവസാനമായി ഒരുമിച്ചത്. ഇനിയും ആരോഗ്യത്തോടെ ഏറെക്കാലം നഫീസ വല്യുമ്മ കുടുംബത്തിലുണ്ടാവണേ എന്ന പ്രാർഥനയിലാണ് എല്ലാവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.