കേരകൃഷിയിൽ വിജയഗാഥ: പി.ടി. സുഷമയെ തേടി കേരകേസരി പുരസ്കാരവും
text_fieldsതാനൂർ: കേരകൃഷിയിൽ വിജയഗാഥ രചിച്ച് നിരവധി പുരസ്കാരങ്ങൾ നേടിയ താനാളൂർ കെ. പുരത്തെ പി.ടി. സുഷമയെ തേടി സംസ്ഥാന സർക്കാറിന്റെ കേരകേസരി പുരസ്കാരവും. സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 2023 ലെ മികച്ച കേര കർഷകനുള്ള കേരകേസരി അവാർഡിനാണ് പി.ടി. സുഷമ അർഹയായത്.
ഫലകവും സർട്ടിഫിക്കറ്റും രണ്ട് ലക്ഷം രൂപ സമ്മാനത്തുകയുമടങ്ങിയതാണ് പുരസ്കാരം. 12 വർഷത്തോളമായി കാർഷിക മേഖലയിലുള്ള സുഷമ 15 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. പ്രധാനമായും തെങ്ങും ഇടവിളകളായി ഇഞ്ചി, മഞ്ഞൾ, കുരുമുളക്, കറിവേപ്പില എന്നിവയും ഔഷധ സസ്യങ്ങളും അലങ്കാരച്ചെടികളുമാണ് കൃഷി ചെയ്യുന്നത്.
ജൈവ കൃഷിരീതികൾ അവലംബിച്ച് ലാഭകരമായി കൃഷി ചെയ്യുന്ന സുഷമ പുതുതലമുറക്ക് നൽകുന്നത് വേറിട്ട വിജയ മാതൃകയാണ്. കാർഷിക ഉൽപന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി സ്വന്തം ബ്രാൻഡ് നെയിമിൽ വിപണിയിലിറക്കുന്നു.
2016 ലെ താനാളൂർ പഞ്ചായത്തിലെ മികച്ച വനിതാ കർഷകക്കുള്ള പുരസ്കാരം, 2019-‘20 വർഷത്തെ കർഷകതിലകം അവാർഡ്, 2022 ലെ ഐ.സി.എ.ആർ കിസാൻ സമൃദ്ധി അഗ്രി എന്റർപ്രെണർ അവാർഡ്, 2024 ലെ മികച്ച ജൈവ കർഷകക്കുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ അവാർഡ് എന്നിവയാണ് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ. ഏറാഞ്ചേരി ജയപ്രകാശ് നാരായണനാണ് ഭർത്താവ്. ദന്ത ഡോക്ടർമാരായ സിനുവും ദ്വിതിയും യു.എസ്.എയിൽ ജോലിചെയ്യുന്ന ശ്യാം പ്രകാശുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.