യൂടൂബിൽ മലയാളം പഠിപ്പിച്ച് നിമ്മി ടീച്ചറുടെ വിജയഗാഥ
text_fields'ഞങ്ങളെപ്പോലെ പാവപ്പെട്ട കുട്ടികള്‍ക്ക് പണം കൊടുത്ത് ട്യൂഷന് പഠിക്കുന്നത് ചിന്തിക്കാന്‍ കൂടിയാവില്ല. ഇങ്ങനെയുള്ള ചാനലുകള്‍ നല്കുന്ന ആശ്വാസം എത്ര വലുതാണെന്നോ' -നിമ്മി ടീച്ചര്‍ യൂട്യൂബില്‍ മലയാളം പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ ഒരു വിദ്യാര്‍ഥിയുടെ പ്രതികരണമിതായിരുന്നു. കോവിഡ് മഹാമാരിക്കിടെ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയോടെ യൂട്യൂബ് ചാനല്‍ തുടങ്ങിയ ടീച്ചർ മലയാള അധ്യാപനം സാമൂഹിക ദൗത്യമായി ഏറ്റെടുക്കുകയായിരുന്നു. ആരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇന്നും ടീച്ചര്‍ പതിനായിരക്കണക്കിന് കുട്ടികളെ മലയാളം പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു, 'ലേണ്‍ മലയാളം വിത്ത് നിമ്മി'(Learn Malayalam with Nimmy) എന്ന യൂട്യൂബ് ചാനലിലൂടെ.
പത്തുവര്‍ഷം മുമ്പ്, 2011ല്‍ പ്രവാസ ജീവിതം ആരംഭിച്ചതാണ്. മലയാളി കുട്ടികള്‍ ഏറെ പഠിക്കുന്ന അബൂദബി മോഡല്‍ സ്കൂളിലായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം. ഇതേ സ്കൂളില്‍ 2018 വരെ മലയാളം അധ്യാപികയായി തുടര്‍ന്നു. പിന്നീട് കുറച്ചുനാളുകള്‍ നാട്ടിലായിരുന്നു. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ അബൂദബിയിലേക്ക് മടങ്ങിയെത്തിയെങ്കിലും എല്ലാ മേഖലയുമെന്ന പോലെ വിദ്യാലയങ്ങളും ഓണ്‍ലൈന്‍ ടീച്ചിങ്ങിലേക്കും മറ്റു സമാന്തര സംവിധാനങ്ങളിലേക്കും മാറിയിരുന്നു.
വീട്ടിലിരുന്നു മുഷിയണ്ട എന്നു കരുതിയാണ്, തന്റെ പ്രഫഷനും പാഷനുമായ മലയാളം അധ്യാപനത്തില്‍ തന്നെ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ആര്‍ട്ട് ഡയറക്ടറായ ഭര്‍ത്താവ് റിജീഷിന്റെ പൂര്‍ണ പിന്തുണകൂടി ലഭിച്ചതും നിമ്മി ടീച്ചര്‍ക്ക് കരുത്തായി. ആദ്യം മൂന്നാം ക്ലാസ്സുമുതല്‍ ആറാം ക്ലാസ്സുവരെയുള്ള വിദ്യാര്ഥികക്ക് വേണ്ടിയായിരുന്നു യൂട്യൂബ് വീഡിയോകള്‍ ഒരുക്കിയത്. ഏഴുമുതല്‍ പ്ലസ് ടുവരെയുള്ള വീഡിയോകള്‍ വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം വര്‍ധിച്ചതോടെ ഉത്തരവാദിത്വവും കൂടി. ഇപ്പോള്‍ ഒമ്പതാം ക്ലാസ് വരെയുള്ള മലയാളം പഠിതാക്കളുടെ ആശ്രയമാണ് ടീച്ചറും യൂട്യൂബ് ചാനലും.
സാധാരണക്കാരുമായ ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന മലയാളം മീഡിയം 'കേരളാ സിലബസ്' തന്നെ അബൂദബിയില്‍ നിന്ന് പഠിപ്പിക്കാന്‍ തെരഞ്ഞെടുത്തതില്‍ ടീച്ചര്‍ക്ക് കൃത്യമായ ഉദ്ദേശമുണ്ട്, അത് സാമൂഹിക പ്രതിബദ്ധതയാണ്. ഇപ്പോള്‍, മറ്റൊരു നേട്ടവും കൂടി ടീച്ചറെ തേടി എത്തിയിട്ടുണ്ട്. ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ആയതോടെ യൂട്യൂബ് അധികൃതര്‍ ടീച്ചര്‍ക്ക് സില്‍വര്‍ ബട്ടണ്‍ അടുത്തിടെ നല്കി. യൂട്യൂബില്‍ നിന്ന് ചെറിയ തോതില്‍ വരുമാനം കിട്ടിത്തുടങ്ങിയതിന്റെ സന്തോഷവും ടീച്ചര്‍ മറച്ചു വെക്കുന്നില്ല. ചാനല്‍ കൂടുതല്‍ പുതുമകളോടെ മുന്നോട്ട് കൊണ്ടുപോവാന്‍ തന്നെയാണ് തീരുമാനം.
അടുത്തവര്‍ഷം മുതല്‍ പത്താംക്ലാസ്സ് മലയാളം പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തും.
പെരിന്തല്‍മണ്ണ മൗലാന ആശുപത്രി ഡോക്ടറായിരുന്ന പരേതനായ സി. ശശിധരന്റെയും പത്മജയുടെയും മകളാണ്. എം.ജി യൂനിവേഴ്സിറ്റി കാമ്പസിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്ന് ബിരുദാനന്തര ബിരുദവും മാവേലിക്കര ബി.എഡ് കോളജില്‍നിന്ന് ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്. ഭര്‍ത്താവ് റിജീഷ് രാജഗോപാല്‍ അബൂദബി കാല്‍ഷ്യം അഡ്വര്‍ടൈസിങ് കമ്പനിയില്‍ ആര്‍ട്ട് ഡയറക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.