'ഗസൽ പൂക്കളെന്നെ കലാകാരിയാക്കി...'
text_fieldsമട്ടാഞ്ചേരി: ഗസലെഴുത്തിന്‍റെ പെരുമഴ തീർക്കുകയാണ് ഫോർട്ട്കൊച്ചി സ്വദേശിനി സുൽഫത്ത് ബഷീർ എന്ന വീട്ടമ്മ. 200ൽപരം ഗസലുകളാണ് ഈ വീട്ടമ്മ ഇതിനകം രചിച്ചത്. പിന്നണി ഗായകർ പാടിയ എട്ട് ഗസൽ അടങ്ങിയ 'ഒരു നിലാപക്ഷി' സീഡി പ്രകാശനവും ചെയ്തു. ചൊവ്വാഴ്ച 92 ഗസലുകൾ ചേർത്ത് 'ഗസൽപൂക്കൾ' ഗസൽ സമാഹാരം പുറത്തിറക്കുകയാണ്. 'തങ്ക കിനാവിന്‍റെ മണിയറയിൽ തങ്കമേ നീ വന്നുചേർന്നതല്ലേ...
തങ്കനിലാവുള്ള രാത്രികളിൽ തിരകളായി എന്നെ പൊതിഞ്ഞോളല്ലേ'- ഗസലുകളിൽ ഒന്ന് തുടങ്ങുന്നത് ഇങ്ങനെയാണ്. എറണാകുളം ബി.ടി.എച്ച് ഹാളിൽ കേരള സാഹിത്യ പരിഷത്ത് പ്രസിഡന്‍റ് സി. രാധാകൃഷ്ണൻ ഗസൽ സമാഹാരം പ്രകാശനം ചെയ്യും. വിഷാദവും സ്നേഹവും ചാലിച്ചെഴുതുന്ന ഗസലുകളിൽ അടുക്കളുടെ ഒരു ഉപ്പുരസം കൂടി കലർന്നിട്ടുണ്ടാകും. വീട്ടിലെ പാചകത്തിനിടെ മനസ്സിലേക്ക് ഓടിയെത്തുന്ന ആശയങ്ങൾ അടുക്കളയിൽ സൂക്ഷിച്ച പുസ്തകത്തിൽ എഴുതുന്നതാണ് രീതി.
ഫോർട്ട്കൊച്ചി സെൻട്രൽ കൽവത്തി സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് കവിതരചനയിലുള്ള താൽപര്യം. എഴുതിയ കവിതകൾ കുറച്ചുദിവസം കഴിയുമ്പോൾ ചുരുട്ടിക്കൂട്ടി കളയുകയായിരുന്നു പതിവ്. എന്നാൽ, വിവാഹശേഷം ഭർത്താവ് ബഷീറാണ് സുൽഫത്തിന്‍റെ കഴിവ് മനസ്സിലാക്കിയത്. ബഷീറും മക്കളും മരുമക്കളും പ്രോത്സാഹനം നൽകി. ഇതോടെയാണ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സുൽഫത്തിന്‍റെ കവിതകളിൽ പലതും മഷിപുരണ്ടു തുടങ്ങിയത്.
'നീവരും നാളേക്കായി', 'വിധിയുടെ കയ്യൊപ്പ്', 'ഇലത്തുമ്പിലെ മഞ്ഞുതുള്ളി' എന്നീ കവിത സമാഹരങ്ങൾ മൂന്ന് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു. ഗസലുകൾക്ക് പുറമെ 482 കവിതകളാണ് സുൽഫത്ത് രചിച്ചത്. ചെറുകഥകളും എഴുതിയിട്ടുണ്ട്. 200 സിനിമ പേരുകൾ ചേർത്ത് തയാറാക്കിയ ചെറുകഥ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രകാരി കൂടിയാണ് സുൽഫത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.