ഇത് ' സൂപ്പർ ' മധുമിതയുടെ സൂപ്പർ സ്മാഷ്
text_fieldsലോക ബാഡ്മിന്റണിലെ ശിശുക്കളാണ് യു.എ.ഇ. ഷട്ടിലിന്റെ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങുന്നതേയുള്ളു. അതുകൊണ്ടുതന്നെ, ലോകോത്തര താരങ്ങൾ മത്സരിക്കുന്ന ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിനായി കളത്തിലിറങ്ങുമ്പോൾ യു.എ.ഇ അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
ദീർഘവീക്ഷണത്തോടെ 18 വയസിൽ താഴെയുള്ളവരെയാണ് ലോകത്തിന് മുന്നിൽ അണിനിരത്തിയത്. ഇതിൽ പകുതിയോളം താരങ്ങളും ഇന്ത്യയിൽ നിന്നായിരുന്നു. കന്നിമത്സരത്തിനിറങ്ങിയ ഇവരിൽ നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ലെങ്കിലും എസ്. മധുമിത എന്ന പാതി മലയാളി അട്ടിമറിയിലൂടെ യു.എ.ഇയെ ഞെട്ടിച്ചു. കസാക്കിസ്താൻ താരം കാമില സ്മഗുലോവയെ എതിരില്ലാത്തെ സെറ്റുകൾക്ക് മറികടന്നാണ് ലോക ബാഡ്മിന്റണിലെ യു.എ.ഇയുടെ ആദ്യ ജയം മധുമിതയിലൂടെ യാഥാർഥ്യമായത്.
ദുബൈയിലെ എക്സ്ട്രാ സ്പോർട്സ് അക്കാദമി താരമായ ഈ 15കാരി ഏഴ് വർഷം മുൻപാണ് ബാഡ്മിന്റൺ കോർട്ടിലേക്കെത്തിയത്. പാലക്കാട് സ്വദേശി ഗായത്രിയുടെയും മധുര സ്വദേശി സുന്ദര പാണ്ഡ്യന്റെയും മകളായ മധുമിതക്ക് സർവ പിന്തുണ നൽകുന്നതും മാതാപിതാക്കൾ തന്നെയാണ്. 2018ൽ അണ്ടർ 13 വിക്ടർ യു.എ.ഇ ബാഡ്മിന്റൺ ഗോൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അതേവർഷം അണ്ടർ 15 ദുബൈ ഇന്റർനാഷനൽ സീരീസിന്റെ ക്വാർട്ടർ ഫൈനലിൽ എത്തി. 2019ൽ ഒരുപിടി ടൂർണമെന്റുകളിൽ മധുമിത സ്മാഷുതിർത്തു. അണ്ടർ 13, 15 മത്സരങ്ങളിലായി ഏഴ് തവണ ക്വാർട്ടർഫൈനലിലെത്തി. അണ്ടർ 13 സ്പാർക് യോനക്സ് ചാമ്പ്യൻഷിപ്പിൽ സെമിയിലും പ്രവേശിച്ചു. 2020ൽ ഒരുപടി കൂടി മുന്നിലേക്ക് കയറി.
നാല് തവണ അണ്ടർ 15, 17, 19 മത്സരങ്ങളിൽ സെമിയിലെത്തി. പലപ്പോഴും മുതിർന്നവരോടായിരുന്നു പോരാട്ടം. കോവിഡ് മൂലം മത്സരങ്ങൾ മുടങ്ങിയെങ്കിലും 2021ൽ കിട്ടിയ അവസരങ്ങളിലെല്ലാം വരവറിയിച്ചു. സെർബിയയിൽ നടന്ന അണ്ടർ 15 ഇന്റർനാഷനൽ സ്കൂൾ ഫെഡറേഷൻ മാച്ചിൽ ചാമ്പ്യനായ മധുമിത മിക്സഡ് ഡബിൾസിൽ റണ്ണർ അപ്പുമായി. ആദ്യ വിദേശ മത്സരം ഇതായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിലും എത്തി കഴിവ് തെളിയിച്ചു. ട്രിച്ചിയിലും തിരുപ്പൂരിലും ഗോവയിലുമെല്ലാം മത്സരിക്കാനെത്തി. യു.എ.ഇയിൽ നടന്ന ഇന്ത്യ ക്ലബ്ബ് യു.എ.ഇ ഓപൺ ബാഡ്മിന്റണിൽ സിംഗിൾസിലും ഡബിൾസിലും കിരീടം ചൂടി. ഈ വർഷം ഇന്ത്യ ക്ലബ്ബ് മത്സരത്തിൽ മൂന്ന് സ്വർണമാണ് മധുമിത നേടിയത്. ഇതിന് പിന്നാലെയാണ് ഏഷ്യൻ മിക്സഡ് ടീം ബാഡ്മിന്റണിലെ വിജയം.
മത്സരത്തിൽ യു.എ.ഇ ടീം പരാജയപ്പെട്ടെങ്കിലും മധുമിത ഏറെ വാഴ്ത്തപ്പെട്ടു. ബി.ഡബ്ലിയു.എഫ് സീരീസിലെ യു.എ.ഇ താരത്തിന്റെ ആദ്യ ജയമായിരുന്നു ഇത്. ചരിത്ര ജയം എന്നാണ് യു.എ.ഇ ബാഡ്മിന്റൺ ഫെഡറേഷൻ ചീഫ് നൂറ അൽ ജാസ്മി ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യൻ എക്സലൻസ് പ്രൈവറ്റ് സ്കൂളിലെ പത്താം തരം വിദ്യാർഥിയായ മധുമിത പത്താം തരം പരീക്ഷക്ക് തൊട്ടുമുൻപാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനിറങ്ങിയത്.
മധുമിത മാത്രമല്ല, മറ്റ് മലയാളി താരങ്ങളും ടൂർണമെന്റിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. യു.എ.ഇ ടീമിലെ 16 പേരിൽ ഏഴ് താരങ്ങളും മലയാളി ടച്ചുള്ളവരായിരുന്നു. ദുബൈ എക്സ്ട്രാ അക്കാദമി താരങ്ങളായ അകൻഷ രാജ്, നനോനിക രാജേഷ്, ദേവ് വിഷ്ണു, ഐ.എച്ച്.എസ് ദുബൈ വിദ്യാർഥി ഋഷഭ് കാളിദാസൻ, ഇന്ത്യൻ അക്കാദമി സ്കൂൾ വിദ്യാർഥി അലീന ഖാത്തൂൻ, ഡി.പി.എസ് ദുബൈയിലെ ഭരത് ലതീഷ് എന്നിവരാണ് യു.എ.ഇയുടെ ജഴ്സിയിൽ കളത്തിലിറങ്ങിയത്. എല്ലാവരുടെയും പ്രകടനങ്ങൾ ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.