ഇളനീർ മധുരമാണീ ജീവിതത്തിന്
text_fieldsകോട്ടയം: മുണ്ടക്കയം െകാടികുത്തി കാലിച്ചന്തയിൽനിന്ന് ഒറ്റക്ക് മാടുകളെ കൊണ്ടുവന്ന് കശാപ്പുചെയ്തിട്ടുണ്ട് സൂസൻ. ഒന്നോ രണ്ടോ തവണയല്ല, 14 വർഷം. കുമരകം തിരുവാർപ്പിൽനിന്ന് സ്വന്തം പെട്ടി ഓട്ടോ ഓടിച്ചാണ് കാലിച്ചന്തയിലേക്ക് പോകുക.
തിരിച്ചുവന്ന് മാടിനെ അറത്ത് വിറ്റുതീർത്തിട്ടേ വീട്ടിലേക്ക് പോയിരുന്നുള്ളൂ. സൂസെൻറ തേൻറടവും ധൈര്യവും കണ്ട് നാട്ടുകാർ അടക്കം പറയുമായിരുന്നു; ''ഇവൾ ആണാണെന്നാ തോന്നുന്നെതന്ന്''. അതിനൊന്നും ചെവികൊടുത്തിട്ടില്ല. വീട് നോക്കണം, മക്കളെ പഠിപ്പിക്കണം. ആ ചിന്ത മാത്രമായിരുന്നു മനസ്സിൽ. ഒന്നുമില്ലായ്മയിൽനിന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ സൂസനെ സഹായിച്ചതും അതേ ധൈര്യവും ആത്മവിശ്വാസവും തന്നെയായിരുന്നു. ഇറച്ചിക്കച്ചവടം നിർത്തിയെങ്കിലും അന്നത്തെ പെട്ടി ഓട്ടോയും വെട്ടുകത്തിയും തന്നെയാണ് 15 വർഷമായി കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിനു സമീപം കരിക്ക് വിൽക്കുന്ന സൂസെൻറ ജീവിതത്തിലെ കൂട്ട്.
അറവുകാരനായ പിതാവിനെ സഹായിക്കാൻ ചെന്നാണ് സ്കൂൾ കാലത്തേ തന്നെ സൂസൻ കശാപ്പുകത്തിയെ പരിചയിച്ചത്. 18ാം വയസ്സിൽ വിവാഹം. അധികം താമസിയാതെ ഭർത്താവ് പുത്തൻചിറയിൽ സജിമോന് അപകടം സംഭവിച്ച് ജോലിക്ക് പോകാൻ പറ്റാതായി. ജീവിക്കാൻ തൊഴിൽ വേണമെന്നായപ്പോൾ കശാപ്പുകത്തി തന്നെ കൈയിലെടുത്തു. കുമരകത്തും തിരുവാർപ്പിലുമായി രണ്ടിടത്തായിരുന്നു ഇറച്ചിക്കച്ചവടം. മക്കൾ മുതിർന്നതോടെ ആ പണി നിർത്തി. പിന്നെ കൃഷിയിലേക്ക് തിരിഞ്ഞു. ആദ്യം പാട്ടത്തിെനടുത്തായിരുന്നു കൃഷി. പിന്നീട് നാലേക്കർ പാടം വാങ്ങി. നിലമൊരുക്കുന്നതും വിത്തും വളവുമിടുന്നതും കൊയ്യുന്നതുമെല്ലാം സൂസൻ തന്നെ. പഞ്ചായത്തിെൻറ കർഷക അവാർഡും ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് ഇളനീർ വിൽപനയാരംഭിച്ചത്. കുമരകം, തിരുവാർപ്പ് മേഖലകളിൽനിന്നാണ് ഇളനീർവെട്ടുന്നത്. വെട്ടിയിട്ട ഇളനീർ തലയിലേറ്റി വണ്ടിയിൽ കയറ്റുന്നതും വണ്ടി ഓടിക്കുന്നതുമൊക്കെ സൂസൻ തന്നെ. രാവിലെ പത്തരയോടെ നഗരത്തിൽ എത്തിയാൽ നാലുമണിയാകുേമ്പാഴേക്കും തിരിച്ചുവീട്ടിലെത്തും. ഭർത്താവ് സജിമോൻ തിരുവാർപ്പിൽ പലചരക്ക് വ്യാപാരിയാണ്. മകൻ അജിമോൻ മർച്ചൻറ് നേവിയിൽ. വിവാഹിതയായ മകൾ ആനിമോൾ റേഡിയോളജി വിദ്യാർഥിയും. അമ്മ ഇനിയുമിങ്ങനെ കഷ്ടപ്പെടരുതെന്നു മക്കൾ വിലക്കുന്നുണ്ടെങ്കിലും കുറച്ചുകാലം കൂടി ഇങ്ങനെ പോട്ടെ എന്നാണ് സൂസെൻറ മറുപടി. സ്വന്തമായി വീടുവാങ്ങിയതും മക്കളെ പഠിപ്പിച്ചതുമെല്ലാം ഈ അധ്വാനം കൊണ്ടാണെന്നും സൂസൻ സംതൃപ്തിയോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.