ട്രാക്കിൽ പ്രായത്തെ മറികടന്ന് സൂസി മാത്യു
text_fieldsതൊടുപുഴ: മഹാരാഷ്ടയിലെ നാസിക്കിൽ നടന്ന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, ഹൈജമ്പ് എന്നീ ഇനങ്ങളിൽ നാലു സ്വർണം നേടി സൂസി മാത്യു. മൂന്ന് മക്കളുടെ അമ്മയും ആറു പേരക്കുട്ടികളുടെ വല്യമ്മയുമായ തൊടുപുഴ സ്വദേശി 70 കാരി സൂസി മാത്യുവാണ് ട്രാക്കിൽ താരമാകുന്നത്.
കഴിഞ്ഞ വർഷം വാരാണാസിയിൽ നടന്ന 65 വയസിന് മുകളിലുള്ളവരുടെ മൂന്നാമത് ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ തൊടുപുഴ അഞ്ചിരി സ്വദേശിനിയായ സൂസി മാത്യു 200 മീ, 400 മീ. ഓട്ടത്തിലും ഹൈജബ്ബിലും സ്വർണവും, 4 x 400 മീ. റിലെയിൽ വെള്ളിയും നേടി മികച്ച വനിത അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പലായിരുന്ന പഴയിടം പി.ജെ. മാത്യുവിന്‍റെ ഭാര്യയാണ് സൂസി.
യാതൊരു പരിശീലനവുമില്ലാതെ പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ രണ്ട് സ്വർണം നേടിയിരുന്നു. പിന്നീട് മിക്ക മീറ്റുകളിലും പങ്കെടുക്കാനയി പോകാറുണ്ട്. ഇപ്പോൾ മുതലക്കോടം ഗ്രൗണ്ടിൽ പരിശീലനവും നടത്തുന്നുണ്ട്. സ്വന്തമായി പണം മുടക്കിയാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇടക്കൊക്കെ മുതലക്കോടം ഗ്രൗണ്ടിൽ പരിശീലനത്തിന് ഭർത്താവുമൊത്ത് പോകും.
രണ്ട് തവണ ആലക്കോട് പഞ്ചായത്തിൽ കർഷക ശ്രീയായി സൂസി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ജനുവരിയിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ മീറ്റിനുള്ള തയാറെടുപ്പിലാണ് സൂസി മാത്യു ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.