മലയാളം കവിതകള്‍ക്ക് നടനതാളം പകർന്ന് ആര്യ ടീച്ചര്‍
text_fieldsമഞ്ചേരി: ആര്യ ടീച്ചർ കുട്ടികളെ വെറുതെയങ്ങ് പഠിപ്പിക്കുകയല്ല, ചുവടുകളിലൂടെ അവരുടെ മനസ്സിലേക്ക് കയറുകയാണ്. പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹയർസെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപികയായ ഡോ. ആര്. ആര്യ സുരേന്ദ്രന് (49) കവിതകളും പാഠഭാഗങ്ങളും നൃത്തത്തിലൂടെയാണ് പഠിപ്പിക്കുന്നത്. ടീച്ചറുടെ വേറിട്ട പഠന രീതി നേരത്തേ ശ്രദ്ധ നേടിയിരുന്നു. സമയം അനുസരിച്ചാണ് ഇത്തരത്തില്‍ ക്ലാസ് എടുക്കുക. കുട്ടികളും ഒപ്പം നിന്നാല്‍ ക്ലാസ് മുറിയില്‍ നൃത്തച്ചുവടുകള്‍ വിരിയും.
അധ്യാപനത്തോടൊപ്പം കലയെയും ഒപ്പം നിർത്തുന്ന ടീച്ചർ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്. ആശാ ശരത്തിന് കീഴിലാണ് മോഹിനിയാട്ടം പഠിച്ചത്. ഡിസംബറില്‍ ഗുരുവായൂരില്‍ അരങ്ങേറ്റം നടക്കും. ശാസ്ത്രീയ സംഗീതത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.
സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളെ തിരുവാതിര, വഞ്ചിപ്പാട്ട് എന്നിവ പഠിപ്പിക്കാനും മുന്‍പന്തിയിലുണ്ട്. നാടോടി നൃത്തത്തില്‍ കുട്ടികളെ കണ്ടെത്തി മികച്ച നൃത്താധ്യാപകർക്ക് കീഴില്‍ പരിശീലനം നല്കാൻ ചെലവ് വഹിക്കുന്നതും ടീച്ചര്‍തന്നെയാണ്. ശമ്പളത്തിന്റെ പകുതിയും കലക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ സ്കൂളിലെ അഭിനവ് എന്ന വിദ്യാർഥി നാടോടി നൃത്തത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു. സാമ്പത്തിക പരാധീനതമൂലം മൂന്നാം ക്ലാസില്‍ നൃത്തപഠനം നിർത്തിയ അഭിനവിനെ ടീച്ചറാണ് വീണ്ടും ചിലങ്കയണിയാന്‍ പ്രേരിപ്പിച്ചത്. നൃത്തം പഠിപ്പിച്ചതിനോടൊപ്പം അതിനുള്ള പൂർണമായ ചെലവ് വഹിച്ചും അഭിനവിനെ ചേർത്തുപിടിച്ചു. റമദാന് മാസത്തില്‍ നോമ്പെടുത്തും ടീച്ചര്‍ മാതൃകയായിരുന്നു.
‘വിമർശനത്തിന്റെ ലാവണ്യ ശാസ്ത്രം: കെ.പി. അപ്പന്റെ കൃതികളെ ആധാരമാക്കി ഒരു അന്വേഷണം’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സർവകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയിരുന്നു. അരീക്കോട് സ്വദേശി റിട്ട. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയർ ശങ്കരനാണ് ഭർത്താവ്. എം.ബി.ബി.എസ് വിദ്യാർഥി കാർത്തിക്, എന്‍ജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ഋത്വിക് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.