നാരായണി ടീച്ചർ നടക്കുകയാണ് കുഞ്ഞുങ്ങൾക്ക് അറിവ് പകരാൻ
text_fieldsചെറുവത്തൂരിനും തൃക്കരിപ്പൂരിനും ഇടയിൽ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി നാരായണി ടീച്ചർ നടക്കുന്നുണ്ട്; കുഞ്ഞുങ്ങൾക്ക് അറിവ് പകരാൻ. ദിവസം 25 കി.മീ നടന്നാണ് കുട്ടികൾക്കരികിൽ എത്തുക. കോരിച്ചൊരിയുന്ന മഴയും കത്തുന്ന വെയിലും ടീച്ചറുടെ നടത്തത്തിനു മുന്നിൽ വഴിമാറി നടക്കും. വീടുകളിൽ നിന്ന് വീടുകളിലേക്കുള്ള നടത്തം ഈ അറുപത്തിയെട്ടാം വയസ്സിലും തുടരുന്നു.
നീലേശ്വരത്ത് നിന്നും ചെറുവത്തൂരിൽ എത്തിയിട്ട് പതിനഞ്ച് വർഷത്തോളമായി. ഇപ്പോൾ ചെമ്പ്ര കാനത്താണ് താമസം. പുലർച്ചെ അഞ്ചിന് കൈയിൽ ടോർച്ചുമായി തുടങ്ങുന്ന യാത്ര സന്ധ്യവരെ തുടരും. ദേശീയപാത വഴി മാണിയാട്ടെ മൂന്ന് വീടുകളിലെത്തി ട്യൂഷനെടുക്കും.ഹിന്ദിയും ഇംഗ്ലീഷും കണക്കുമാണ് പഠിപ്പിക്കുന്ന വിഷയങ്ങൾ. കുട്ടികൾ സ്കൂളിലേക്ക് യാത്രയായാൽ നാരായണി ടീച്ചർ മടങ്ങും. ചെരുപ്പിടാതെയാണ് നടത്തം.
നടത്തത്തിനിടയിൽ പരിചയക്കാരോട് കുശലം പറയാനും മടിക്കില്ല. തനിക്കും കിടപ്പിലായ ഭർത്താവ് എം.കെ. ദാമോദരനും വേണ്ടി ഹോട്ടലിൽ നിന്നും രണ്ട് ഭക്ഷണം പാർസൽ വാങ്ങും.വൈകീട്ട് ചെറുവത്തൂർ കൊവ്വൽ ഭാഗത്തേക്ക് നീങ്ങും.
കുടുംബത്തിന് അത്താണിയാകാൻ വേണ്ടി പതിനഞ്ചാം വയസ്സിൽ തുടങ്ങിയതാണ് നടന്നുള്ള പഠിപ്പിക്കൽ. ചലച്ചിത്ര നടി കാവ്യാ മാധവൻ ആറാം തരത്തിൽ പഠിക്കുമ്പോൾ ടീച്ചറുടെ ശിഷ്യയായിരുന്നു. പഠിപ്പിച്ച പലരും ഉദ്യോസ്ഥരാവുകയും വിരമിക്കുകയും ചെയ്തിട്ടും നാരായണി ടീച്ചർ പഠിപ്പിക്കൽ അവസാനിപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.