ഡോക്ടർ അധ്യാപിക എഴുതുകയാണ്...
text_fieldsകോട്ടക്കൽ: ഒരുസമയത്ത് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർ, അതുകഴിഞ്ഞാൽ അധ്യാപിക. ഇടവേളകളിലാകട്ടെ എഴുത്തുപുരയിലും. കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിലെ പ്രഫ. അനിത കെ. വിശ്വംഭരൻ വേറെ ലെവലാണ്. സ്കൂൾ കാലഘട്ടം മുതൽ കവിതകളും കഥകളും കുത്തിക്കുറിച്ച പെൺകുട്ടി. അന്നത്തെ ജില്ല, സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ മിന്നുംതാരം. കോളജ് പഠനകാലത്ത് കവിത രചന മത്സരങ്ങളിലും വിജയി.
കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂരിൽ അധ്യാപകരായിരുന്ന സി.എൻ. കമല, പി. വിശ്വംഭരൻ എന്നിവരാണ് രക്ഷിതാക്കൾ. തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലായിരുന്നു ആയുർവേദ ഡിഗ്രി പഠനം പൂർത്തിയാക്കിയത്. അവിടെ നിന്നുതന്നെ പ്രസ്തുതി തന്ത്ര, സ്ത്രീരോഗ ചികിത്സയിൽ എം.ഡിയും നേടി. ചികിത്സക്കും അധ്യാപനത്തോടുമൊപ്പം കഥയും കവിതയും തുടർന്നതോടെ കുഞ്ഞുകുഞ്ഞു പുരസ്കാരങ്ങളും ടീച്ചർ ഡോക്ടറെ തേടിയെത്തി.
ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘വഴിവിളക്കിന്റെ പാട്ട്’ ആണ് ആദ്യ കവിത സമാഹാരം. പുസ്തകത്തിന് ദേശസേവിനി എസ്.കെ. പൊറ്റെക്കാട്ട് പുരസ്കാരം, ബാലസാഹിത്യ അക്കാദമി പുരസ്കാരം,, സുഗതകുമാരി കവിത പുരസ്കാരം, അഷിത സ്മാരക കവിത പുരസ്കാരം, കൈരളി സരസ്വതി പുരസ്കാരം തുടങ്ങിയവ ലഭിച്ചു. എഴുതിയ കവിതകൾ വിവിധ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്നു. 2004ൽ കോട്ടക്കൽ ആയുർവേദ കോളജിൽ ആരംഭിച്ച അധ്യാപനവൃത്തി തുടരുകയാണ്. മുന്നിലെത്തുന്ന രോഗികളിൽനിന്നും വിദ്യാർഥികളിൽനിന്നും ലഭിക്കുന്ന അറിവുകളും കവിതകളിൽ ഇടം പിടിക്കാറുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാല കുണ്ടറ ബ്രാഞ്ചിലെ ഭർത്താവ് ഡോ. സി. ശാർങ്ഗധരന്റെയും മകൾ മെഡിക്കൽ പി.ജി വിദ്യാർഥിനിയായ ഡോ. മീരയുടേയും പിന്തുണയും ഡോക്ടർക്കുണ്ട്. പുതിയ കവിത സമാഹാരം പുറത്തിറങ്ങുന്നതിന്റെ ആഹ്ലാദത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.