‘പഠിപ്പിച്ച്’ മതിയാകാതെ റഷീദ ടീച്ചർ
text_fieldsകൊച്ചി: കാൽ നൂറ്റാണ്ടിലേറെ നീണ്ട അധ്യാപക ജീവിതത്തിൽനിന്ന് ഔദ്യോഗികമായി പടിയിറങ്ങിയെങ്കിലും അധ്യാപനം ജീവിത വ്രതമാക്കിയിരിക്കുകയാണ് റഷീദ ടീച്ചർ. സർവിസ് തിരക്കുകളിൽ നിന്നൊഴിഞ്ഞെങ്കിലും ക്ലാസുകളും കളികളുമായി കുരുന്നുകൾക്കിടയിൽ സജീവമാണ് ഇവർ.
ബ്രഹ്മപുരം സ്വദേശിനിയായ റഷീദ കാൽനൂറ്റാണ്ട് മുമ്പ് വയനാട് ജില്ലയിലെ പുത്തുമല ജി.എൽ.പി.എസിൽ അധ്യാപികയായാണ് ജോലിയിൽ പ്രവേശിച്ചത്. കുട്ടികളുമായി ഇഴുകി ചേർന്ന് അവരുടെ പഠനരീതികൾ മനസ്സിലാക്കി പാഠപുസ്തകങ്ങളിലേക്കാകർഷിക്കാനുള്ള ഇവരുടെ വൈഭവം ആദ്യകാലത്തേ പ്രശംസ നേടിയിരുന്നു.
തുടർന്നാണ്സമഗ്രശിക്ഷ അഭിയാന്റെ ഭാഗമായി ഇവർ കോലഞ്ചേരി, തൃപ്പൂണിത്തുറ, ആലുവ എന്നിവിടങ്ങളിൽ ട്രെയിനറായും ബ്ലോക്ക് പ്രോഗ്രാം ഓഫിസറായും ജില്ല പ്രോഗ്രാം ഓഫിസറായും സേവനമനുഷ്ഠിച്ചത്. ഇക്കാലയളവിലാണ് പൊതു വിദ്യാലയങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും ശാക്തീകരിക്കുന്നതിന് വേറിട്ട പ്രവർത്തനങ്ങളുമായി ഇവർ ശ്രദ്ധേയയായത്. പരിശീലന കളരികളും ക്ലാസുകളും ഏറെ പ്രശംസ നേടി. ഇതോടെ സമഗ്ര ശിക്ഷയുടെ പ്രൈമറി അധ്യാപക പരിശീലനത്തിനുള്ള സംസ്ഥാനതല റിസോഴ്സ് പേഴ്സൺമാരിലൊരാളായി ഇവർ മാറി.
സമഗ്രശിക്ഷയിലെ 16 വർഷത്തെ സേവന ശേഷമാണ് വയനാട് ജില്ലയിലെ തെങ്ങുംമുണ്ട എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയായി വീണ്ടും എത്തിയത്. ഇവിടെ നിന്നും കഴിഞ്ഞ മാർച്ചിൽ വിരമിച്ചു. എന്നാൽ, അധ്യാപനത്തിന് വിശ്രമമില്ലെന്ന സന്ദേശമുയർത്തി സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ വേദികളിലും സജീവ സാന്നിധ്യമാണീ അധ്യാപിക. പരിശീലന കളരികൾ, രക്ഷിതാക്കൾക്കായുള്ള മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങി വിവിധ വേദികളിൽ ഇവരുണ്ട്. മോണ്ടി സോറി അധ്യാപക പരിശീലനം ഓൺലൈനായി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് റഷീദ. പൊതുപ്രവർത്തകനും മുൻ ഗ്രാമ പഞ്ചായത്തംഗവുമായ അബ്ദുൽ ബഷീറാണ് ഭർത്താവ്. മൂന്ന് പെൺകുട്ടികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.