കോവിഡ് കാലത്തെ ടീം ലീഡർ
text_fieldsകൊല്ലം: ധൈര്യം നൽകി മുന്നിൽ നിൽക്കാൻ ലീഡറുണ്ടായിരിക്കുക ഏതൊരു ടീമിന്‍റെയും ആത്മവിശ്വാസം കൂട്ടും. കഴിഞ്ഞ രണ്ടു വർഷമായി കൊല്ലത്തെ ആരോഗ്യ വിഭാഗത്തിന് കോവിഡിനോട് മുട്ടിനിൽക്കാൻ പലപ്പോഴും ഊർജം പകർന്നത് നയിക്കാനൊരു ലീഡറുണ്ട് എന്ന വസ്തുതയാണ്. ജില്ലയുടെ ഡെപ്യൂട്ടി ഡി.എം.ഒ, കോവിഡ് നോഡൽ ഓഫിസർ പദവികളിലിരുന്ന് കോവിഡിനെതിരെ പോരാട്ടം നയിച്ച് വിജയിച്ച ഡോ. ആർ. സന്ധ്യയാണ് മികച്ച ടീം ലീഡർ എന്ന റോളും ഗംഭീരമാക്കിയത്.
രോഗം നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് വിദേശ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം കൊണ്ടുവരുന്നെന്നറിഞ്ഞതു മുതൽ തുടങ്ങിയ ആ പോരാട്ടത്തിന് ഇന്നും അവസാനം വന്നിട്ടില്ല. എന്നാൽ, ഈ വഴിയിൽ അനുഭവങ്ങൾ കൊണ്ട് കൂടുതൽ കരുത്തയായിരിക്കുന്നു അവർ. ''ആ മൃതദേഹം വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ എന്ത് ചെയ്യണമെന്നറിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു എല്ലാവരും.
കോവിഡ് പ്രോട്ടോകോൾ എന്ന് പറഞ്ഞുപോലും തുടങ്ങാത്ത ആ നാളുകളിൽ വീട്ടുകാരെ നേരിട്ട് പോയി കണ്ട് സംസാരിച്ചു. സ്ത്രീ എന്ന നിലയിൽ അവരോട് കാര്യങ്ങൾ തുറന്നുസംസാരിച്ച് ബോധ്യപ്പെടുത്താൻ ഏറെ എളുപ്പമായി. മൃതദേഹം നാട്ടിലെത്തിക്കണമെന്ന കുടുംബത്തിന്‍റെ ആഗ്രഹം നടത്തിക്കൊടുക്കാൻ മിന്നൽവേഗത്തിലാണ് വളന്‍റിയർ പരിശീലനം ഉൾപ്പെടെ പൂർത്തിയാക്കിയത്. മൃതദേഹം കൈകാര്യം ചെയ്യാൻ കുടുംബാംഗങ്ങൾക്കുൾപ്പെടെ പരിശീലനം നൽകി. അങ്ങനെ തുടങ്ങിയ പോരാട്ടം പല പരീക്ഷണങ്ങളും കടന്നാണ് ഇപ്പോൾ രണ്ടാം തരംഗത്തിന്‍റെ ഒടുവിലെത്തിയിരിക്കുന്നത്.''-അവർ പറഞ്ഞു.
'ത്രീ സീറോ പദ്ധതി' ഉൾപ്പെടെ ആവിഷ്കരിച്ച് സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്ന തരത്തിൽ കൊല്ലത്തിന്‍റെ കോവിഡ് പ്രതിരോധം വളർത്താൻ കഴിഞ്ഞതിന്‍റെ അഭിമാനവും അവർ പങ്കുവെക്കുന്നു. രോഗവ്യാപനം രൂക്ഷമായ നാളുകളിൽ പാതിരാത്രിവരെ നീളുന്ന സേവനവും എവിടെയായിരുന്നാലും തനിക്കൊപ്പമുള്ളവർക്ക് വഴികാട്ടിയായും അവർ മുന്നിൽനിന്നു.
വിജയത്തിന് ക്രെഡിറ്റ് ഒപ്പം പ്രവർത്തിച്ച ടീമിനാണ് ഡോ. സന്ധ്യ നൽകുന്നത്. ''വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ പോരാട്ടം. എന്നാൽ, ഒരിക്കലും പകച്ചുനിന്നില്ല. രണ്ടാം തരംഗം അതി കഠിനമായിരുന്നു. അപ്പോഴും ഇത് നേരിടാൻ സാധിക്കുമോ എന്ന സംശയമല്ല, എങ്ങനെ തരണം ചെയ്യണമെന്ന പദ്ധതി തയാറാക്കുന്നതിലായിരുന്നു ശ്രദ്ധ. സ്ത്രീകൾ പൊതുവെ മൾട്ടിടാസ്കിങ് വിദഗ്ധർ ആണല്ലോ. സമ്മർദമേറുമ്പോഴും പോസിറ്റിവ് സമീപനത്തോടെ മുന്നിൽ നിൽക്കാനും ഒപ്പമുള്ളവർക്ക് വിശ്വാസം നൽകാനും കഴിഞ്ഞു എന്നത് തന്നെയാണ് ഗുണമായത്.''-ഡോ. സന്ധ്യ വിജയരഹസ്യം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.