വനിതാ ദിനത്തിൽ പ്രിയ ഗായികക്ക് ആദരവായി പത്ത് വനിതകളുടെ 'ചിത്ര'രചന
text_fieldsകൊച്ചി: കോവിഡ് കാലത്തെ വനിതാ ദിനത്തിൽ വേറിട്ട ഒരു വനിതാദിനാചരണം നടത്തുകയാണ് ഒരു സംഘം ചിത്രകാരികൾ. മലയാളത്തിൻ്റെ വാനമ്പാടി പ്രിയ ഗായിക പത്മഭൂഷൻ കെ.എസ്.ചിത്രക്ക് ചിത്രകലയിലൂടെ ആദരവ് അർപ്പിക്കുകയാണ് ഇവർ.
10 ചിത്രകാരികളാണ് വിവിധ രാജ്യങ്ങളിൽ ഇരുന്ന് ചിത്രയുടെ പൂർണ ചിത്രം വരച്ചത്. ചിത്രത്തിന്റെ ഓരോ ഭാഗങ്ങളും ഓരോരുത്തർ വരക്കുകയായിരുന്നു. ചിത്രകല പരിശീലന കേന്ദ്രമായ ആർട്ട് ഇൻ ആർട്ടിന്റെയും ചിത്രകാരികളുടെ ഓൺലൈൻ ചിത്രപ്രദർശനമായ ഷീ സ്ട്രോക്സിന്റെയും ആഭിമുഖ്യത്തിലായിരുന്നു ചിത്രരചന.
ബിന്ദു സുരേഷ്, റെനു സുജിത് (കാലിഫോർണിയ), സുജ വിനോദ് (അമേരിക്ക), മോനി ശ്യാം (ഷാർജ), ഷംന കമ്മാന (അബൂദബി), സലീന ഖാലിക് (ഖത്തർ), ആശ ലൈല, സീമ സുരേഷ് (എറണാകുളം), ഷീന അനിൽകുമാർ (തടിയൂർ), നിവേദ മുള്ളോലി (തലശ്ശേരി) എന്നിവരാണ് ചിത്രം വരച്ചത്. ഈ ചിത്രം പിന്നീട് ചിത്രക്ക് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിവിധ രാജ്യങ്ങളിലിരുന്ന് 32 വനിതകൾ വരച്ച ചിത്രങ്ങളുടെ ഓൺലൈൻ പ്രദർശനം ഷീ സ്ട്രോക്സ് ഇന്ന് വൈകീട്ട് നാലിന് നടക്കും. ആർട്ട് ഇൻ ആർട്ട് 'ന്റെ യൂട്യൂബ് ചാനലിലാണ് പ്രദർശനം. അമേരിക്ക, ഖത്തർ, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രകാരികൾക്കൊപ്പം കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ചിത്രകാരികളും പ്രദർശനത്തിൽ പങ്കെടുക്കും. സ്ത്രീ ശക്തീകരണം കേന്ദ്ര വിഷയമാക്കി ഉള്ളതാണ് പ്രദർശന ചിത്രങ്ങൾ.
നർത്തകി ഡോ. രാജശ്രീ വാര്യർ, അവതാരകാരായ സിന്ധു ബിജു (ദുബൈ), ലക്ഷ്മി പദ്മ (ഏഷ്യാനെറ്റ് ന്യൂസ്), പൊതു പ്രവർത്തക സീന ബ്രിട്ടോ എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. യു ട്യൂബ് ലിങ്ക് :https://youtube.com/channel/UCr90z3ntloyNwZfXT58zrfA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.