അഞ്ച് തലമുറകൾക്ക് ഹരിശ്രീ കുറിച്ച് ഞള്ളൂരിലെ ആശാട്ടി
text_fieldsകോന്നി: എഴുപതാം വയസ്സിലും കുട്ടികൾക്ക് അക്ഷര മധുരം പകർന്നു നൽകുകയാണ് തങ്കമണി ആശാട്ടി. ആധുനിക ലോകത്ത് അറിവ് വിരൽത്തുമ്പിൽ എത്തുമ്പോൾ തറയിൽ വിരിച്ച മണലിൽ അഞ്ച് തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നതിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ട് കോന്നി പഞ്ചായത്തിൽ ഞള്ളൂരിലെ പുത്തൻവീട്ടിൽ തങ്കമണി (70) എന്ന ആശാട്ടിക്ക്.
പ്ലേ സ്കൂളുകളും അംഗൻവാടികളും എല്ലാം ആധുനിക ലോകം കൈയടക്കിയപ്പോൾ ഒരു കാലത്ത് കേരളത്തിന്റെ ആദ്യ ഗുരുകുലം ആയിരുന്ന ആശാൻ പള്ളിക്കൂടങ്ങളും വിസ്മൃതിയിലാണ്ടു. എന്നാൽ, അഞ്ച് തലമുറകൾക്ക് അറിവ് പകർന്ന് നൽകിയ തങ്കമണി എന്ന ആശാട്ടി സ്വന്തം വീട്ടിൽ നടത്തുന്ന ആശാൻ പള്ളിക്കൂടം ഇപ്പോഴും സജീവമാണ്.
15 കുരുന്നുകൾ ഇവിടെ അക്ഷരം പഠിക്കാൻ എത്തുന്നുണ്ട്. പനയോലയിൽ നാരായംകൊണ്ട് ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതി തുടങ്ങുന്ന കുരുന്നുകൾ മണലിൽ എഴുതി അക്ഷരം ഹൃദിസ്ഥമാക്കുകയും ചെയ്യും. പതിനാറാമത്തെ വയസ്സിൽ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകാൻ തുടങ്ങിയതാണ് തങ്കമണി ആശാട്ടി. വെട്ടൂരിലെ സ്വന്തം വീട്ടിൽ ആയിരുന്നു ആദ്യത്തെ ആശാൻ പള്ളിക്കൂടം.
അമ്മയുടെ ചുവടുപിടിച്ചാണ് നിലത്തെഴുത്ത് ലോകത്തേക്ക് കടന്നുവരുന്നത്. കുരുന്നുകളായ അന്നക്കുട്ടിയും ഹന്നയും ആദിലക്ഷ്മിയും ജൂവലും അക്ഷിതയും ഭദ്രയും എല്ലാം ഞള്ളൂരിലെ ആശാൻപള്ളിക്കൂടത്തിൽ പഠിക്കാൻ എത്തുന്നുണ്ട്. രണ്ട് ബാച്ചുകൾ ആയാണ് പഠിപ്പിക്കുന്നത്. ഏഴ് സെന്റ് വസ്തുവിലെ വീട്ടിലാണ് തങ്കമണി ആശാട്ടിയും ഭർത്താവ് കെ.ജി. രാജനും താമസിക്കുന്നത്.
ചെറിയ വീട്ടിൽ കുട്ടികൾക്ക് ഇരിക്കാൻ ഇടമില്ലാത്തതിനാൽ അടുക്കളയുടെ മൂലയിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികളെ ഇരുത്തി പഠിപ്പിക്കാൻ കൂടുതൽ സൗകര്യം ഉണ്ടാകണം എന്നതാണ് തങ്കമണി ആശാട്ടിയുടെ ആഗ്രഹം. ഒരു ഉപജീവനമാർഗം എന്നതിലുപരി ആരോഗ്യമുള്ള കാലത്തോളം ആശാൻ പള്ളിക്കൂടത്തിൽ കുരുന്നുകൾക്ക് അറിവ് പകർന്ന് നൽകുമെന്നും തങ്കമണി ആശാട്ടി പറയുന്നു.
ജീവിത പ്രയാസങ്ങൾ നിരവധി ഉണ്ടെങ്കിലും ഒരു ദിനം പോലും കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിന് മുടക്കം വരുത്തിയിട്ടില്ല. പുലർച്ച എണീറ്റ് രോഗിയായ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും നോക്കി ഉച്ചഭക്ഷണം വരെ പാചകം ചെയ്ത് ശേഷം ഒമ്പത് മണിയോടെ കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കാൻ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.