കേളികൊട്ടുയർന്നാൽ തങ്കമണി പ്രായം മറക്കും
text_fieldsകുട്ടനാട്: ഒരിക്കൽ അഴിച്ചുവെച്ചതാണ് കഥകളിയുടെ ആടയാഭരണങ്ങൾ. ജീവിതം ആടുന്നതിനിടെ കഥകളിയെ കൈയൊഴിയേണ്ടി വന്നു. അഴിച്ചുവച്ച വേഷങ്ങൾ വീണ്ടും അണിഞ്ഞിരിക്കുകയാണ് തങ്കമണി. പ്രായം 72ലെത്തിയെങ്കിലും അരങ്ങിൽ കേളികൊട്ടുയരുമ്പോൾ തങ്കമണി 22കാരിയാകും. പിന്നെ നവരസ ഭാവങ്ങൾ മുഖത്ത് തെളിഞ്ഞ് മിന്നും.
ഒരിക്കൽ നെഞ്ചോട് ചേർത്ത കഥകളിയെ കൈയൊഴിയുന്നതിനും വീണ്ടും കൈപിടിച്ച് എടുത്തണിഞ്ഞതിനും പിന്നിൽ പറയാൻ കഥകൾ ഏറെയുണ്ട് തങ്കമണിക്ക്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കഥകളി അഭ്യസിച്ചും കളിച്ചും തുടങ്ങിയതാണ് പത്തനംതിട്ട വെമ്പാല സ്വദേശിനിയായ തങ്കമണി. ‘അച്ഛന് വലിയ ആഗ്രഹമായിരുന്നു എന്നെ കഥകളി പഠിപ്പിച്ച് വലിയാ ആളാക്കുകയെന്നത്’ തങ്കമണി ‘മാധ്യമ’ത്തോട് പറഞ്ഞു.
ബാല്യത്തിലേ ഉള്ളിൽ കൊണ്ടുനടന്ന കഥകളി വിവാഹ ജീവിതത്തിനുശേഷം കുടുംബ ജീവിതപ്രാരബ്ധങ്ങൾക്കിടെ തിരശ്ശീലക്ക് പിന്നിലേക്ക് മാറുകയായിരുന്നു. 22ാം വയസ്സിൽ ജീവിതത്തിന്റെ നല്ല പ്രായത്തിലാണ് കഥകളിവേഷം അഴിച്ചുവെക്കേണ്ടി വന്നത്. 44 വർഷങ്ങൾക്കുശേഷം അഞ്ചു വർഷം മുമ്പാണ് വീണ്ടും അരങ്ങിലെത്തിയത്. പാൽ വിറ്റും കടംവാങ്ങിയും പണം കൊണ്ട് ഗണപതിക്ഷേത്രത്തിൽ പൂതനാമോക്ഷം അവതരിപ്പിച്ചായിരുന്നു മടങ്ങിവരവ്.
പ്രമേഹവും കാലുവേദനയും മാത്രമാണ് കഥകളി കളിക്കാൻ പ്രധാന തടസ്സമായി ഇവരുടെ മുന്നിലുള്ളത്. വേദനയെ അകറ്റി നിർത്തി തങ്കമണി വീണ്ടും കളിയരങ്ങിൽ സജീവമാകാനൊരുങ്ങുകയാണ്. പക്ഷേ, പരിശീലനത്തിനും അരങ്ങത്തെത്തിക്കാനും പാട്ടുകാരുടെയും കൊട്ടുകാരുടെയുമൊക്കെ സഹായം വേണം. ഇതിന് പണം വേണം. അതിനാൽ വാദ്യമേളക്കാരുടെ സഹായം വേണ്ടാത്ത പൂതനാ മോക്ഷമാണ് പ്രധാനമായും ഇനിയും ചെയ്യാൻ തീരുമാനം. തലവടിയിൽ വീടിനടുത്ത് തേങ്ങയും എണ്ണയും വിൽക്കുന്ന ചെറിയ കട നടത്തി കിട്ടുന്ന വരുമാനമാണ് ജീവിതമാർഗം.
നാല് വർഷം മുമ്പാണ് ഭർത്താവ് ചന്ദ്രശേഖരൻ നായർ മരിച്ചത്. പ്രീതി, പ്രജിത, പ്രശാന്ത് എന്നിവരാണ് മക്കൾ. കൊച്ചുമകൻ നാലാം ക്ലാസ് വിദ്യാർഥി അഭിനവ് സോപാന സംഗീതം പഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.