നിറപുഞ്ചിരിയുമായി 87ലും തങ്കമ്മ തിരക്കിലാണ്
text_fields87ലും നിറപുഞ്ചിരിയുമായി ഇളങ്കാട് പരുത്തിപ്പാറ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ തിരക്കിലാണ്. ചിത്രരചന, തൊപ്പി, തുണിക്കൊട്ട നിര്‍മാണം, ഗാനാലാപനം, കവിത രചന എന്നിവയിലെല്ലാം തങ്കമ്മയുടെ കരവിരുതെത്തുന്നു. ചെറുപ്രായത്തില്‍ ചിത്രരചനയിലും പാട്ടിലുമൊക്കെ താൽപര്യമുണ്ടായിരുന്നെങ്കിലും പിന്നീട് പ്രാരബ്ധത്തിനിടെ ഇതെല്ലാം ഉപേക്ഷിക്കേണ്ടിവന്നു.
തിരക്കെല്ലാമൊഴിഞ്ഞ് കൊച്ചുമക്കളുമായി സൗഹൃദം പങ്കുവെച്ചു കഴിയുന്നതിനിടയാണ് തങ്കമ്മ കുട്ടികളുടെ പുസ്തക പേജിലെ ചിത്രങ്ങള്‍ ശ്രദ്ധിച്ച് വരച്ചുതുടങ്ങിയത്. അവക്ക് നിറം നല്കിയപ്പോള് ജീവന്‍തുടിക്കുന്ന ചിത്രമായത് മറ്റുള്ളവരും ശ്രദ്ധിച്ചു. വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചതോടെ കിട്ടുന്ന സമയമെല്ലാം തങ്കമ്മ വിനിയോഗിച്ചു.
ഇതോടെ നിരവധി ചിത്രങ്ങളാണ് ഈ 87കാരി വരച്ചത്. പ്രദേശത്തെ അംഗന്‍വാടികളിലും വായനശാലയിലും പഞ്ചായത്തിലുമെല്ലാം ചുവരുകളില്‍ തങ്കമ്മയുടെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചു. നേരമ്പോക്കിനായി തുടങ്ങിയ തൊഴില്‍ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
വരുന്നവര്‍ പലരും പണം നല്കി വാങ്ങുകയും ചെയ്തതോടെ തങ്കമ്മക്ക് സന്തോഷം ഇരട്ടിയായി. കഴിഞ്ഞ ദിവസം ഇളങ്കാട്ടില്‍ നേത്രചികിത്സ ക്യാമ്പില്പോയ തങ്കമ്മ അവിടെ എത്തിയ കോരുത്തോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സന്ധ്യ വിനോദിന് ക്യാമ്പില്‍വെച്ച് നിര്‍മിച്ച തൊപ്പി നല്‍കിയിരുന്നു.
പഴയ അഞ്ചാം ക്ലാസുകാരിയായ തങ്കമ്മ കണ്ണടയില്ലാതെയാണ് വായിക്കുന്നതും വരക്കുന്നതുമെല്ലാം. മനസ്സിൽ തോന്നുന്നതെല്ലാം കവിതയായി കുറിച്ചിടാനും തങ്കമ്മ മറക്കാറില്ല. ഇവർക്ക് ഏഴു മക്കളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.