ബജറ്റ് കൈപ്പുസ്തകത്തിന് താൻ വരച്ച കവർ ചിത്രം; തംജിദ തിളങ്ങുകയാണ്...
text_fieldsപൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്തിന്റെ ഈ വർഷത്തെ ബജറ്റ് കൈപുസ്തകത്തിന്റെ കവർ താൻ വരച്ച ചിത്രമായതിന്റെ സന്തോഷത്തിലാണ് ഭിന്നശേഷിക്കാരി തംജിദ. മാനസിക വെല്ലുവിളികളെ അതിജീവിച്ച് പൂക്കോട്ടുംപാടം വീട്ടിക്കുന്നിലെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ഥിയാണ് തംജിദ.
കോട്ടപ്പുഴയുടെ പ്രകൃതിമനോഹാരിത നിറഞ്ഞ ഒളര്വട്ടത്തെ തടയണയുടെ ചിത്രമാണ് തംജിദ വരച്ചത്. തംജിദ രക്ഷിതാക്കള്‍ക്കൊപ്പം ഈ തടയണ കാണാന്‍ ഇടയായിരുന്നു. മാനസിക വെല്ലുവിളികളുണ്ടെങ്കിലും 20കാരിയായ തംജിദക്ക് ഇഷ്ടപ്പെട്ട പ്രകൃതിയുടെ ചിത്രങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തുന്ന സ്വഭാവം ചെറുപ്പം മുതല്‍ക്കെ ഉണ്ടെന്ന് ബഡ്സ് സ്കൂള്‍ അധ്യാപിക നുഫീല റസാഖ് പറഞ്ഞു.
സ്കൂളില്‍ പഠനത്തിന്റെ ഭാഗമായി ഓര്മ ശക്തി കൂട്ടാനായി കണ്ട കാഴ്ചകളെ കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ തംജിദ ചിത്രം വരക്കാന്‍ തയാറാവുകയായിരുന്നു. ഓര്മ വരാത്ത ഒളര്‍വട്ടം തടയണയുടെ ഭാഗങ്ങള്‍ മൊബൈല്‍ ഫോണിലെ ചിത്രത്തില്‍ നോക്കിയാണ് വരച്ചത്.
ഇത് സ്കൂളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഭിന്നശേഷി കലോത്സവവുമായി ബന്ധപ്പെട്ട് അമരമ്പലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ ചിത്രം ഇവരുടെ ശ്രദ്ധയില്‍ പതിഞ്ഞതോടെ ബജറ്റ് കൈപ്പുസ്തക കവര്‍ പേജിന് നല്കാൻ ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു.
മകളുടെ ചിത്രത്തിന് ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് രക്ഷിതാക്കളായ കൂറ്റമ്പാറയിലെ തൈത്തൊടിക അബ്ദുല്‍ അസീസും ജമീലയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.