മുഴക്കം നിലക്കാത്ത നാടക ബെൽ
text_fieldsവലിയ ഒരു ഹോട്ടലിൽ കാറിൽ ചെന്നിറങ്ങി വിലകൂടിയ ഭക്ഷണം കഴിച്ചിട്ടുണ്ട്. പിന്നീട് മാലിന്യം ശേഖരിക്കുന്ന ജോലി നോക്കുന്നതിനിടെ അതേ ഹോട്ടലിൽ പോകേണ്ടി വന്നു. പണ്ട് കാറിന്റെ വാതിൽ തുറന്ന് തന്ന വാച്ച്മാൻ മാലിന്യച്ചാക്കുകൾ കാണിച്ചുതന്ന രംഗം വേദനയായി ഉള്ളിൽ നീറുന്നു
ഒന്നാം ബെൽ...
കത്തുന്ന ചൂട്. തിരുവനന്തപുരം തമ്പാനൂരിന് സമീപം അരിസ്റ്റോ കവലയിലൂടെ കടന്നുപോകുന്ന തിരക്കേറിയ നിരത്തുവക്കിലെ നടപ്പാത. വൈദ്യുതി തൂണിൽ ചാരിയ കറുത്ത പ്ലാസ്റ്റിക് കസേരയിൽ വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന വയോധിക. പൂർണമായും നരച്ച ചുരുളൻ മുടി. സാന്ത്വനമേകാനെന്നപോലെ വല്ലപ്പോഴുമെത്തി തഴുകി കടന്നുപോകുന്ന ഉഷ്ണക്കാറ്റ്. കെ.പി.എ.സി സൂസൻ രാജ് എന്ന ചെങ്കൽചൂള (രജാജി നഗർ) സൂസിയുടെ ജീവിത നാടകത്തിന്റെ 63ാം വേദിയുടെ തിരശ്ശീല ഉയരുന്നത് ഇവിടെയാണ്.
നിറം മങ്ങിയ സാരിയിലെ പൂക്കൾക്ക് പഴയ ‘സുഗന്ധമില്ല’. ടാർ റോഡിൽനിന്ന് തിളച്ച് പൊന്തുന്ന വെയിലേറ്റ് വാടിയ കവിളിൽ നിരാശയുടെ നിഴൽപ്പാട് കയറിത്തുടങ്ങിയിരിക്കുന്നു. നീരുവന്ന് വീങ്ങിയ കൈകാലുകൾ. ജ്യാമിതീയാകൃതിയിൽ മുറിച്ചെടുത്ത കടലാസ് പലകയിൽ കോടികളുടെ സമ്മാനത്തുക വിളംബരം ചെയ്യുന്ന ടിക്കറ്റുകൾ. ഭാഗ്യാന്വേഷികളായ ഏതെങ്കിലും വഴിയാത്രക്കാർ നീട്ടുന്ന നോട്ടുകൾക്കായുള്ള കാത്തിരിപ്പാണ്.
വേദികളിൽനിന്ന് വേദികളിലേക്ക് തിരക്കിട്ടോടിയ ആറര പതിറ്റാണ്ട് ചെറിയൊരു കാലയളവല്ല. കറുപ്പും വെളുപ്പും വേദനയും സന്തോഷവും നിറഞ്ഞ ബൃഹദ് നാടകം. അഭിനയവും ചമയങ്ങളുമില്ലാതെ മറ്റൊരു രംഗം ഈ റോഡരികിൽ.
ആറാം വയസ്സിൽ പുരാണ കഥാപാത്രം പ്രഹ്ലാദന്റെ വേഷംകെട്ടി തുടങ്ങിയതാണ്. പല സമിതികൾ, വേദികൾ, കാണികൾ, അറിയപ്പെടുന്നവരും അല്ലാത്തവരുമായ സഹപ്രവർത്തകർ... തുടങ്ങി അനുഭവത്തിന്റെ നീണ്ടൊരു ഒറ്റയടിപ്പാതയിൽ ലോട്ടറി കച്ചവടക്കാരിയായി ഇപ്പോൾ. ഹൃദയത്തിനും ഗർഭപാത്രത്തിനും ശസ്ത്രക്രിയ കഴിഞ്ഞ്, മുടക്കാനാവാത്ത മരുന്നും മറക്കാനാവാത്ത ഓർമകളുമായി ഇപ്പോഴത്തെ സൂസി. ഇടക്കിടെ നിറയുന്ന കണ്ണുകൾ സാരിത്തലപ്പുകൊണ്ട് തുടച്ചു കഴിയുമ്പോൾ കൃത്രിമച്ചിരി കലർത്തി ജീവിതം ഒരു നാടകമാണല്ലോ എന്ന് ആശ്വസിക്കും.
ചെങ്കൽചൂളയിൽനിന്ന് കെ.പി.എ.സിയിലേക്ക്
1960കളിൽനിന്ന് തുടങ്ങണം. നന്തൻകോട് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കുടുംബാസൂത്രണ ബോധവത്കരണ നാടകത്തിലൂടെ ആദ്യമായി വേദിയിലെത്തി. ഇന്ന് അയ്യങ്കാളിയുടെ പേരിൽ അറിയപ്പെടുന്ന പഴയ വി.ജെ.ടി ഹാളായിരുന്നു വേദി. വേദിയിലെ പ്രകടനം കണ്ട് തിരുവനന്തപുരത്തെ സ്ഥിരം നാടകവേദിയായിരുന്ന കലാനിലയത്തിലേക്ക് ക്ഷണിച്ചു. അതോടെ, സ്കൂൾ പഠനം അവസാനിപ്പിച്ച് കലാനിലയത്തിലായി ജീവിതം. പത്ത് വർഷത്തോളം ഇങ്ങനെ അരങ്ങിലും അണിയറയിലുമായി മുന്നോട്ടു പോയി.
ദശാവതാര നാടകത്തിലെ പ്രഹ്ലാദ വേഷമായിരുന്നു ആദ്യത്തേത്. പിന്നെ വാമനൻ, സീത തുടങ്ങിയവരുടെ കുട്ടിക്കാലം കളിച്ചു. ‘മേരിമഗ്ദലന’, ‘രക്തരക്ഷസ്സ്’, ‘കൈകേയി’ ഇങ്ങനെ പല നാടകങ്ങൾ. ഇതിനിടെ നാടകത്തിന് ആവശ്യമായ നൃത്തം പഠിച്ചു. 14ാം വയസ്സിൽ അവിടെനിന്ന് പോന്നു. നന്തൻകോട്ടെ താമസം ഒഴിവാക്കി മാതാപിതാക്കളോടൊപ്പം ചെങ്കൽചൂളയിൽ എത്തി. ജീവിതത്തിന്റെ രണ്ടാം രംഗത്തിനുള്ള ബെല്ലായിരുന്നു അത്. ഇന്ന് രാജാജി നഗർ എന്നാണ് പേരെങ്കിലും അക്കാലത്ത് കാടുപിടിച്ച ‘ചൂള’ തന്നെയായിരുന്നു ഇത്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നിർമാണത്തിന് ചുടുകട്ട ഉണ്ടാക്കിയതിനൊപ്പം ഉയർന്നുവന്നതാണ് ഇവിടം. അന്ന് അതിനകത്തെ ജീവിതസാഹചര്യവും ദുരിതപൂർണമായിരുന്നു. ഇപ്പോഴത്തെ സ്ഥിതി ഭേദമാണ്. കുടിലുകളിലെ താമസം ഫ്ലാറ്റുകളിലേക്ക് മാറി. അതുപോലെ കലാ സാംസ്കാരിക രംഗത്തും പൊതുരംഗത്തും കഴിവ് തെളിയിച്ച നിരവധി പേരുണ്ട് ഇന്ന് ചെങ്കൽചൂളയിൽ. പുതിയ തലമുറ വിദ്യാഭ്യാസത്തിലും മറ്റും മുന്നിട്ടുനിൽക്കുന്നു.
രണ്ടാം ബെൽ...
നായക്കരിമ്പ് ഉൾപ്പെടെ കാടുപിടിച്ച് കിടന്ന ചെങ്കൽചൂളയിൽ അന്ന് ഏതാനും കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോളനി ജീവിതത്തിന്റെ എല്ലാ നരകയാതനകളും അനുഭവിച്ചു. അന്നവിടെ എത്തിയില്ലായിരുന്നെങ്കിൽ വഴിയരികിൽ ലോട്ടറി വിറ്റ് ഗതകാല സ്മരണകൾ അയവിറക്കുന്ന കഥാപുസ്തകത്തിലെ മുത്തശ്ശിക്ക് പകരം മറ്റൊരു വേഷമായിരിക്കാം സൂസി ഇപ്പോൾ അഭിനയിക്കേണ്ടിയിരുന്നത്.
14ാം വയസ്സിലാണ് ചൂളയിലെത്തുന്നത്. പങ്കാളിയായിരുന്ന സെൽവരാജിനെ കണ്ടെത്തിയതും അവിടെനിന്ന്. പ്രണയമായിരുന്നോ ചൂളയിലെ അതിജീവനത്തിനായി കണ്ടെത്തിയ ആൺതുണമാത്രമായിരുന്നോ കൗമാരത്തിലെ ആ തീരുമാനമെന്ന് ഇപ്പോഴും തിരിച്ചറിയാനാവുന്നില്ല. ദുരിതം മാത്രമാണ് തന്നത്. മരിച്ചുപോയവരെക്കുറിച്ച് ദോഷം പറയരുതെന്ന് അറിയാം. എന്നാലും കുറേ അനുഭവങ്ങൾ മറക്കാൻ പറ്റില്ല. ക്രൂരമർദനം സഹിക്കേണ്ടി വന്നു. ജോലിക്ക് പോകാതെ മദ്യപാനവും ശീട്ടുകളിയും മാത്രം. സമ്പാദ്യമെല്ലാം കവർന്നെടുക്കും. നാടകത്തിന്റെ ഷെഡ്യൂളും വേതനവുമെല്ലാം കൃത്യമായി അറിയിക്കണം. വല്ലപ്പോഴും അധിക കളി ഉണ്ടായാൽ അക്കാര്യം മറച്ചുവെച്ച് മിച്ചം പിടിക്കുന്ന പണമുപയോഗിച്ചാണ് സ്വന്തമായി വല്ലതും വാങ്ങിയിരുന്നത്. ആൺകുട്ടികളല്ലേ അവരെയുംകൊണ്ട് എവിടെയെങ്കിലും പോയി ജീവിച്ചൂടെ എന്ന് ഭർതൃമാതാവ് പലപ്പോഴും ഉപദേശിച്ചിട്ടുണ്ട്. എന്നാൽ പോകാൻ കഴിഞ്ഞില്ല. പത്ത് വർഷം മുമ്പ് മരിക്കുന്നതുവരെ ഒപ്പം തന്നെ ജീവിച്ചു. ഇന്നായിരുന്നെങ്കിൽ ഉറച്ച തീരുമാനം എടുക്കാനാവുമായിരുന്നു. ചുറ്റുമുള്ള എല്ലാ സ്ത്രീകളെയും പോലെ ‘നോ’ പറയാൻ തന്റേടം ലഭിച്ചു.
കെ.പി.എ.സിയിലെത്തിയപ്പോൾ ഭർത്താവിന്റെ രാജ് എന്ന പേരുകൂടി ചേർത്ത് ‘സുസൻ രാജ് കെ.പി.എ.സി’ ആയി. തൊട്ടടുത്ത വീട്ടുകാരായിരുന്നു ഞങ്ങൾ. കൗമാര കൗതുകമായിരുന്നോ പ്രേമമായി മാറിയതെന്ന് അറിയില്ല. ഒരു വർഷം കഴിഞ്ഞ് മാതാപിതാക്കളെ ധിക്കരിച്ച് ഇറങ്ങിപ്പോയി വിവാഹം കഴിച്ചു. ഏക മകളുടെ പ്രവൃത്തി താങ്ങാനാവാതെ രക്ഷിതാക്കൾ തളർന്നുപോയി. അപ്പ വൈകാതെ വിടപറഞ്ഞു.
ആയിടെ കോഴിക്കോടുനിന്ന് ഒരു വിവാഹാലോചന വന്നിരുന്നു. താമസം ചെങ്കൽചൂളയിലായതിനാൽ അത് മുടങ്ങി. പിന്നീട് പ്രണയം, ഒളിച്ചോട്ടം, വിവാഹം, കണ്ണുനീർ തുടങ്ങി പതിവ് നാടകരംഗങ്ങൾ ആടിത്തീർത്ത് ജീവിതത്തിന്റെ ക്ലൈമാക്സിനായി കാത്തിരിക്കുന്ന കാഴ്ചക്കാരിയായി ഇപ്പോൾ.
മൂന്നാം ബെൽ...
ആദ്യ മകനെ പ്രസവിച്ച് മൂന്നുമാസം തികയും മുമ്പ് ഒരു കൈയിൽ തൊട്ടിൽ തുണിയും മറുകൈയിൽ ചമയ വസ്ത്രങ്ങളുമായി വേദികൾ കയറി ഇറങ്ങി. റിഹേഴ്സൽ ക്യാമ്പുകൾക്കടുത്ത വീട്ടിലോ ഗ്രീൻ റൂമുകളിലോ കുഞ്ഞിനെ കിടത്തി സ്റ്റേജുകളിൽ മഹാറാണിയുടെയും മുത്തശ്ശിയുടെയും സമ്പന്നയായ അഭിഭാഷകയുടെയും വേഷം കെട്ടി നീളൻ ഡയലോഗുകൾ പറഞ്ഞു. അപ്പോഴും പിന്നാമ്പുറത്ത് നിന്ന് കുഞ്ഞുകരച്ചിൽ ഉയരുന്നുണ്ടോ എന്ന് ഹൃദയം കാതോർക്കുമായിരുന്നു. ജോലിക്ക് പോകുമ്പോൾ മകനെ സംരക്ഷിക്കാൻ പോലും ആരുടെയും സഹായം ഉണ്ടായില്ല. നാടകവേദികളിലെല്ലാം കൂടെ വന്ന് നല്ല പരിചയമുണ്ട് മൂത്തമകൻ രാജേഷിന്. നാടകത്തിലെ വില്ലൻ വേഷത്തെ വെറുക്കുന്ന കാണികളുടെ വികാര വിക്ഷോഭം കണ്ട് ഭയപ്പെട്ട സന്ദർഭമുണ്ടായിട്ടുണ്ട്. അത് കണ്ട് ഭയന്ന് സദസ്സിൽനിന്നും സ്റ്റേജിന്റെ പിന്നിൽ കർട്ടണുകൾക്ക് ഇടയിൽ പതുങ്ങിയ മകനെ ഓർത്ത് വിഷമിച്ച അമ്മവേഷം ജീവിതത്തിൽ കെട്ടിയാടിയതിന്റെ ‘അഹങ്കാര’മാണ് സൂസി എന്ന പേര്. രണ്ടാം പ്രസവത്തിനു ശേഷം മൂത്ത മകനെ ബോഡിങ് സ്കൂളിൽ ചേർക്കേണ്ടിവന്നു. അതിന്റെ പേരിൽ ഇപ്പോഴും മകനിൽനിന്ന് ചോദ്യങ്ങൾ വരാറുണ്ട്.
ഇപ്പോൾ ചൂളയിൽ വോട്ട് തേടി വരുന്നവരെല്ലാം അടുത്തെത്തി അനുഗ്രഹം വാങ്ങും. അതെല്ലാം ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളാണെന്ന് തിരിച്ചറിയുന്നു.
ഇടവേള
അമ്മക്കും അപ്പക്കും ഏകമകളായിരുന്നു. അവസാനമായതോടെ അമ്മ കിടപ്പുരോഗിയായി. രോഗബാധിതയായ അമ്മയുടെ പരിചരണത്തിനായാണ് അഭിനയം നിർത്തുന്നത്. അഞ്ച് വർഷവും മൂന്നുമാസവും ദയനീയമായി കിടപ്പിലായിരുന്നു അമ്മ. അവരെ പരിചരിച്ച് വീട്ടിൽ തന്നെയിരുന്നു. അതോടെ നാടകാഭിനയം നിർത്തേണ്ടി വന്നു. അവർ പത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും ഞാൻ മാത്രമേ ബാക്കിയായുള്ളൂ. അവർ പോയതോടെ അഭിനയം അവസാനിപ്പിക്കേണ്ടി വന്നു. ഇതോടെ, കക്കൂസ് വൃത്തിയാക്കിയും ചവറ് വാരിയുമെല്ലാം ഉപജീവനത്തിനും മരുന്നിനും പണം കണ്ടെത്തി. ആഴ്ചയിൽ ആയിരം രൂപയോളം വേണം മരുന്നിന്. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും വേറെയും. 40 രൂപ വിലവരുന്ന 25 ലോട്ടറി ടിക്കറ്റ് വിറ്റാൽ 150 രൂപയാണ് പ്രതിഫലം. നേരത്തേ 20 പൊതിച്ചോറ് വിറ്റാൽ 50 രൂപയും ഒരു പൊതി ചോറുമായിരുന്നു ശമ്പളം.
സ്വകാര്യ കമ്പനിക്ക് കീഴിൽ കക്കൂസ് വൃത്തിയാക്കുന്ന ജോലി ചെയ്യുമ്പോൾ വേദികളിൽ അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങൾ മനസ്സിലെത്തി. തമ്പാനൂരിലെ വലിയ ഒരു ഹോട്ടലിൽ നാടക യൂനിറ്റിനൊപ്പം കാറിൽ ചെന്നിറങ്ങി വിലകൂടിയ ഭക്ഷണം കഴിച്ചിട്ടുണ്ട്. അഭിനയമൊക്കെ നിർത്തി കുടുംബശ്രീയുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കുന്ന ജോലി നോക്കുന്നതിനിടെ അതേ ഹോട്ടലിൽ പോകേണ്ടി വന്നു. പണ്ട് കാറിന്റെ വാതിൽ തുറന്ന് തന്നിരുന്ന വാച്ച്മാൻ തിരിച്ചറിഞ്ഞ് മാലിന്യച്ചാക്കുകൾ കാണിച്ചുതന്ന രംഗം വേദനയായി ഉള്ളിൽ നീറുന്നു.
ആറുമാസമാണ് നാടക സീസൺ. അതുകഴിഞ്ഞാൽ പിന്നെ ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കണം. അപ്പോൾ കടക്കാരിയാകും. അടുത്ത സീസണിൽ നാടകം തുടങ്ങുമ്പോൾ ഈ കടങ്ങൾ വീട്ടും. അങ്ങനെയായിരുന്നു ജീവിതം മുന്നോട്ടുപോയത്. ഇത്രയും കാലത്തെ അധ്വാനത്തിനു ശേഷവും മൂന്ന് ആൺമക്കളെ അല്ലാതെ മറ്റൊന്നും സമ്പാദിച്ചില്ല. മാതാപിതാക്കളുടെയും ഭർത്താവിന്റെയും കുട്ടികളുടെയും ആവശ്യങ്ങൾ നിറവേറ്റി, അത്രമാത്രം. ഇപ്പോ മക്കളൊക്കെ വലുതായി കുടുംബങ്ങളും പ്രാരബ്ധങ്ങളുമായി അവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. അമ്മയെ സംരക്ഷിക്കാൻ പറ്റിയ അവസ്ഥയല്ല അവർക്കും. അതിന്റെ മനപ്രയാസമുണ്ട്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് മരുന്നിന് പണമില്ലാതായപ്പോൾ ബന്ധുവായ സ്ത്രീയോടൊപ്പം റോഡരികിൽ പൊതിച്ചോറ് വിൽപന നടത്തിയിരുന്നു. കാറിൽ സഞ്ചരിക്കുന്ന കൂട്ടുകാരികൾ അതിനെക്കുറിച്ച് ചോദിച്ച് മുറിപ്പെടുത്തി. ശാരീരികാവശതയേക്കാൾ വാക്കുകൊണ്ട് മനസ്സിനേൽപിച്ച മുറിവുകളായിരുന്നു വേദനജനകം.
ലാസ്റ്റ് ബെൽ...
ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമല്ലേ. സിനിമ, നാടകം, സീരിയൽ ഡബിങ് തുടങ്ങി എല്ലാത്തിലുമായി 37 വർഷം ഉണ്ടായിരുന്നു. മുൻമന്ത്രി ആന്റണി രാജുവിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ലോകോളജിൽ പഠിക്കുമ്പോൾ പൂന്തുറയിലെ അവരുടെ പള്ളിയിലായിരുന്നു ആ നാടകം കളിച്ചത്. നല്ലൊരു കലാകാരനാണ് അദ്ദേഹം. കൂടെ ഉണ്ടായിരുന്നവരെല്ലാം രക്ഷപ്പെട്ടു. ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സി.എ. പോൾ, കരിക്കകം മണി, പൂജപ്പുര രവി, ഇന്ദ്രൻസ് അങ്ങനെ പോകുന്നു കൂടെ അഭിനയിച്ചവരുടെ പട്ടിക. ആന്റണി രാജുവിനെയും ഇന്ദ്രൻസിനെയും അടുത്തിടെ ചില വേദികളിൽ കണ്ടിരുന്നു. അവരെല്ലാം തിരിച്ചറിയുകയും സഹായിക്കുകയും ചെയ്തു. തനിക്കൊപ്പം അഭിനയിക്കാൻ ആരും തയാറാകാതിരുന്നപ്പോഴാണ് സൂസി ചേച്ചി അഭിനയിച്ചതെന്ന ഇന്ദ്രൻസിന്റെ വാക്കുകൾ അഭിനന്ദനമായി ഉള്ളിലുണ്ട്.
നാടകത്തിന് പോകുന്ന കാലത്ത് ഒരുങ്ങിയാണ് പോയിരുന്നത്. പുറത്തിറങ്ങുമ്പോഴെല്ലാം കൂളിങ് ഗ്ലാസൊക്കെ ധരിച്ചിരുന്നു. ഇപ്പോൾ അരിസ്റ്റോ ജങ്ഷനിലൂടെ ഏതെങ്കിലും നാടക വണ്ടികൾ കടന്നുപോകുമ്പോൾ പഴയകാലം ഓർമയിലെത്തും. തന്നെ വിളിക്കാനും തിരിച്ച് വിടാനും ചൂളയിലെ വീട്ടിലെത്തിയിരുന്ന നാടക വണ്ടികളുടെ ഹോണടികളും നാടകബെല്ലുകളും കാതിൽ മുഴങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.