ചുണ്ടിൽ ചിരിയല്ല, മനോഹരമായ ചിത്രങ്ങളാണ് വിരിയുന്നത്
text_fieldsമട്ടാഞ്ചേരി: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കൊച്ചി മുസ്രിസ് ബിനാലേക്ക് വേദിയൊരുക്കിയ കൊച്ചിയിൽ ഭിന്നശേഷിക്കാർക്കായി സ്ഥിരം ആർട്ട് ഗാലറിക്കും തുടക്കം. കാലുകൊണ്ടും വായ കൊണ്ടും ബ്രഷ് ഉപയോഗിച്ച് ചിത്രം വരക്കുന്നവർക്കായാണിത്. ‘മാ ജോയ് ഗാലറി’ മട്ടാഞ്ചേരി ബസാറിന്റെ പ്രവേശന കവാടത്തിലുള്ള ബിൽഡിങ്ങിലാണ് ആരംഭിച്ചത്.
ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് ചിത്രരചനക്കും വരുമാനത്തിനും അവസരമൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മൗത്ത് ആൻഡ് ഫുട്ട് പെയിൻറിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ഭാരവാഹികളായ റിനു മറിയം ബേബി, ഷൈനി ജോർജ് എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ആദ്യദിനത്തിൽ വായ കൊണ്ട് ചിത്രരചന നടത്തുന്ന കണ്ണൂർ സ്വദേശിനി സുനിത തൃക്കാണിക്കര, കാൽവിരലുകൾ കൊണ്ട് ചിത്രരചന നടത്തുന്ന പാലക്കാട് സ്വദേശി പ്രണവ് ആലത്തൂർ, കണ്ണൂർ സ്വദേശി വൈശാഖ് ഏറ്റുകുടുക്ക, രാജസ്ഥാൻ സ്വദേശിനി സരസ്വതി എന്നിവർ ചിത്രങ്ങൾ വരച്ചു. ഇന്ത്യയിൽനിന്ന് 36 ചിത്രകാരന്മാരാണ് അസോസിയേഷൻ അംഗങ്ങളായുള്ളത്.
ഇവരുടെ കലാസൃഷ്ടികളും വിദേശത്തുള്ളവരുടെ പെയിൻറിങ്ങുകളുമടക്കം 40ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനൊരുക്കിയിരിക്കുന്നത്. ഇവർ വരക്കുന്ന മറ്റ് ചിത്രങ്ങളും പ്രദർശന വിൽപനക്ക് ഒരുക്കുമെന്ന് വർഷ പറഞ്ഞു. ചിത്ര രചനക്കെത്തുന്ന കലാകാരന്മാർക്ക് അസോസിയേഷൻ സൗജന്യ താമസ സൗകര്യവുമൊരുക്കിയാണ് പ്രോത്സാഹനമേകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.