കാമറയെ പ്രണയിക്കുന്ന പെൺകുട്ടി
text_fieldsദമ്മാം: നന്നേ ചെറുപ്പത്തിൽ കൂടെ കൂടിയ ഇഷ്ടത്തെ വളർന്നപ്പോഴും കൈവിട്ടില്ല ഷെറീന ഷെരീഫ്. അപ്രതീക്ഷിതമായി തെരുവുകളിലും കടൽതീരങ്ങളിലും ദമ്മാമിലെ കലാസാംസ്കാരിക വേദികളിലുമെത്തി കാമറക്കണ്ണിൽ ജീവിതം ഒപ്പിയെടുക്കുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഷെറീന ഷെരീഫ് തൊടുപുഴ കോഓപറേറ്റിവ് സ്കൂൾ ഓഫ് ലോയിൽനിന്ന് എൽ.എൽ.ബി കഴിഞ്ഞെത്തിയ വക്കീലാണെന്ന് അധികമാർക്കുമറിയില്ല.
ദമ്മാമിലെ അൽ റയാൻ മെഡിക്കൽ സെൻററിലെ ലാബ് ടെക്നിക്കൽ സൂപ്പർവൈസർ ഷരീഫ് ഖാന്റെയും സീനത്തിന്റെയും രണ്ടാമത്തെ മകളായ ഈ 24 കാരിക്ക് ഫോട്ടോഗ്രഫി തന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഫോട്ടോഗ്രഫിയിൽ കമ്പമുള്ള ഉപ്പക്ക് ചെറുപ്പത്തിലേ മോഡലായി നിന്നുകൊടുത്താണ് ഷറീന ഫോട്ടോ എടുക്കുന്നത് ഇഷ്ടപ്പെട്ട് തുടങ്ങുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്തേ ഉപ്പ സമ്മാനമായി നൽകിയ കാമറ കൊണ്ട് ചുറ്റുമുള്ള പ്രകൃതിയെ ഒപ്പിയെടുക്കുമ്പോൾ, അതിന് അഭിനന്ദനങ്ങൾ ലഭിക്കുമ്പോൾ ഷറീന അതിനെ കൂടുതൽ സ്നേഹിച്ചു തുടങ്ങി.
കോളജ് മുതലാണ് അതിനെ ഗൗരവത്തോടെ സമീപിച്ചത്. കാമ്പസിലെ അപ്രഖ്യാപിത ഔദ്യോഗിക ഫോട്ടോഗ്രാഫറായി ഷറീന മാറി. ഏത് പരിപാടിക്കും കാമറയുമായി ഷെറീന മുന്നിലുണ്ടാകും. ഇതിനകം എടുത്തത് ആയിരത്തിലധികം ചിത്രങ്ങൾ. യിൽ ഫിലിം റോൾ കാമറയിലെടുക്കുന്ന കാലം മുതലുള്ള ഫോട്ടോകൾ ആൽബങ്ങളായി നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. കാലത്തിന്റെ മാറ്റമനുസരിച്ച് എഡിറ്റിങ്ങും മിക്സിങ്ങുമൊക്കെ പഠിച്ചതോടെ ഷെറീന തനിക്കും കൂട്ടുകാർക്കും വേണ്ടി ചെയ്ത റീൽസുകൾ ഇൻസ്റ്റഗ്രാമടക്കം സമൂഹമാധ്യമങ്ങളിൽ വൈറലായി.
എന്നാൽ അതിലെല്ലാമുപരി പ്രകൃതി നിഗൂഢ സൗന്ദര്യങ്ങളെ ഒപ്പിയെടുക്കുന്നതിലും തെരുവുകളിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ ഭാവങ്ങൾ അവരറിയാതെ പകർത്തുന്നതുമൊക്കെയാണ് ഷെറീനക്ക് ഏറെ ഇഷ്ടം. പലപ്പോഴും ആരുടെ ഫോട്ടോയാണോ എടുക്കുന്നത് അവരറിയാതെ അത് പകർത്തുമ്പോഴാണ് ഏറെ നന്നാവുക.
ഇത്ര ഭംഗിയായി അവർ ചിരിക്കുമെന്ന് അവർക്ക് പോലും അറിയുന്നുണ്ടായിരിക്കില്ല. ഫോട്ടോ അവരെ കാണിക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന വിസ്മയവും ആഹ്ലാദവുമാണ് ഏറ്റവും വിലപിടിപ്പുള്ള സമ്മാനമെന്ന് ഷെറീന പറഞ്ഞു. വക്കീലാവുക എന്ന തന്റെ സ്വപ്നം യാഥാർഥ്യമായതിന്റെ നിറഞ്ഞ സന്തോഷത്തിലാണിപ്പോൾ. ജോലിക്കൊപ്പം ഏറെ ഇഷ്ടപ്പെട്ട ഫോട്ടോഗ്രഫിയേയും കൂടെകൊണ്ടുപോകണമെന്ന തീരുമാനത്തിലാണ് ഷെറീന. സഹോദരിമാരായ ഷമീനയും ഷഹ്നയും പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.