Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightനൂറും കടന്ന്...

നൂറും കടന്ന് ചരിത്രത്തിന്റെ കാവൽ റാണി

text_fields
bookmark_border
munavirunniza
cancel
camera_alt

മുനവ്വറുന്നിസ രാജ്ഞി മുബാറക്​ മൻസിൽ കൊട്ടാരത്തിലെ വൈദ്യക്കിടക്കയിൽ. ചുമരിൽ പഴയ ചിത്രം        

അലകും പിടിയും വേർപെട്ട കൊട്ടാരക്കെട്ടിനകത്ത്​ നഷ്ടസൗഭാഗ്യങ്ങളെ നെഞ്ചോടുചേർത്ത് കിടപ്പുണ്ട്​ മുനവ്വറുന്നിസ രാജകുമാരി. പഞ്ചാബ് മാലേർ കോട്ട്​ലയിലെ പഴയ നവാബ്​ ഭരണത്തിന്‍റെ ഒടുവിലത്തെ അവകാശി

ജിന്നുകൾക്ക് പാർക്കാൻ പാകത്തിൽ ഇടിഞ്ഞുപൊളിഞ്ഞു വീണുകൊണ്ടിരിക്കുന്ന കൊട്ടാരം. അലകും പിടിയും വേർപെട്ട ആ കൊട്ടാരക്കെട്ടിനകത്ത് നഷ്ടസൗഭാഗ്യങ്ങളെ നെഞ്ചോടുചേർത്ത് കിടപ്പുണ്ട് മുനവ്വറുന്നിസ രാജകുമാരി. പഞ്ചാബിലെ 23ാം ജില്ലയായ മാലേർ കോട്ട്ലയിലെ പഴയ നവാബ് ഭരണത്തിന്‍റെ ഒടുവിലത്തെ അവകാശി. ശൈഖ് സദ്റുദ്ദീൻ സദ്റെ ജഹാൻ സ്ഥാപിച്ച മാലേർ കോട്ട്ല രാജഭരണത്തിലെ അവസാന നവാബ് ഇഫ്തിഖാർ അലി ഖാന്‍റെ നാലു പത്നിമാരിൽ അവശേഷിച്ച റാണി. അന്തഃപുരത്തിലേക്ക് ബീഗം ആയി നാലുപേരെ കൂട്ടിയെങ്കിലും സന്താനലബ്ധിയിൽ രാജയോഗമല്ല, വാലറ്റുപോകാനായിരുന്നു ഇഫ്തിഖാറിന്‍റെ വിധി. കിരീടവും ചെങ്കോലുമായി നവാബുമാർ ഒന്നൊന്നായി മൃതിയിലേക്കും പയ്യെപ്പയ്യെ വിസ്മൃതിയിലേക്കും പടിയിറങ്ങിപ്പോയി.


15 മുതൽ 20 വരെ അഞ്ചുനൂറ്റാണ്ട് നിലനിന്ന നവാബ് വാഴ്ചയുടെ ആ അന്തിച്ചോപ്പിലും പുതിയ ഉദയത്തിലേക്ക് കണ്ണുനട്ട് ഭാഗ്യനക്ഷത്രങ്ങളെണ്ണുന്നതിലായിരുന്നു മൂന്നാമത് റാണിക്ക് അതീവതാൽപര്യം. രാജഭരണം ജനാധിപത്യത്തിനുവഴിമാറി. അപ്പോഴും മാലേർ കോട്ട്ലക്കാർക്ക് മണ്ഡലത്തിലെ എം.എൽ.എയായി വാഴിക്കാൻ മറ്റൊരാളുണ്ടായില്ല, പ്രിയ നവാബല്ലാതെ. ആ നല്ല കാലങ്ങളെ അയവിറക്കി മുനവ്വർ അന്തഃപുരത്തിനകത്തുതന്നെ കഴിഞ്ഞു. നാല് ബീഗങ്ങളിൽ ചെറുപ്രായക്കാരി സാജിദ ബീഗം, സഞ്ജയ് ഗാന്ധിയുടെയും ഇന്ദിര കുടുംബത്തിന്‍റെയും മനം കവർന്ന് കോൺഗ്രസിന്‍റെ രാജകുമാരിയായി പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി വരെയെത്തി. അതിലൊന്നും കണ്ണും കരളും അഞ്ചാതെ പഴയ പ്രതാപത്തിനു കാവലിരുന്നു, ആയുസ്സിന്‍റെ നൂറുകടന്ന മുനവ്വറുന്നിസ.



തകരുന്ന കൊട്ടാരത്തിൽ ചരിത്രത്തിന്‍റെ ഉത്തരംതാങ്ങി

17 വെടിയുള്ള രാജസ്ഥാനിലെ ടോങ്കിൽ രാജകുമാരിയായി പിറന്നവൾ 11 വെടിയുള്ള മാലർകോട്ട്ലയിലെത്തിയത് നവാബിന്‍റെ മൂന്നാം ഭാര്യയായി (പണ്ടു പുത്രികാരാജ്യങ്ങളുടെ പദവി ബ്രിട്ടീഷുകാർ തിട്ടപ്പെടുത്തിയത് അഭിവാദ്യ വെടിയുടെ എണ്ണത്തിലാണ്. 21 വെടിക്കാരായിരുന്നു ഏറ്റവും മുന്നിൽ. ഹൈദരാബാദ് നൈസാമും കശ്മീർ, മൈസൂർ, ഗ്വാളിയർ മഹാരാജാക്കന്മാരുമായിരുന്നു അക്കൂട്ടത്തിൽ. നമ്മുടെ തിരുവിതാംകൂർ രാജാവ് 19 വെടിയുടെ വട്ടത്തിലായിരുന്നു; കൊച്ചി രാജാവ് 17ന്‍റെ വട്ടത്തിലും) 1982ൽ നവാബ് ദിവംഗതനായപ്പോൾ ടോങ്കിലെ രാജകുമാരിയെ സഹോദരി തിരികെ വിളിച്ചതാണ്. എന്നാൽ, നൂറ്റാണ്ടുകൾ കടന്ന ചരിത്രവിസ്മയത്തിന്‍റെ തണലിൽനിന്നു മാറാൻ അവർ തയാറായില്ല. ഒടുവിലെ നവാബും പോയിക്കഴിഞ്ഞപ്പോൾ നേർ ആണവകാശിയില്ലാത്ത കൊട്ടാരത്തിനും സ്വത്തിനുമായി പലരും ചുറ്റും വട്ടമിട്ടു. ചിലരുടെയൊക്കെ വലയിൽ കുടുങ്ങി ഏക്കർകണക്കിന് സ്വത്ത് അന്യംപോയ ശേഷമാണ് മുനവ്വറിന് കാര്യം പിടികിട്ടിയത്, ചരിത്രമാണ് പലരായി പകുത്ത് പലവഴിക്ക് കൊണ്ടുപോകുന്നതെന്ന്. അതിൽപിന്നെ അവരൊന്നുറച്ചു -മുബാറക് മൻസിലും വിസ്മയ ശേഷിപ്പുകളും ചരിത്രത്തിനു തീറെഴുതുകതന്നെ. അങ്ങനെ അവർ സംസ്ഥാന ഭരണകൂടത്തിന് കത്തെഴുതി -32,400 ചതുരശ്ര അടിയിൽ നീണ്ടുകിടക്കുന്ന മുബാറക് മൻസിൽ എന്ന ബീഗം മഹലും ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങളും ഏറ്റെടുത്ത് പുനരുദ്ധരിക്കണമെന്ന്. ഒടുവിൽ ക്യാപ്റ്റൻ അമരീന്ദർസിങ്ങിന്‍റെ സർക്കാർ ഈയാവശ്യം അംഗീകരിച്ചു. പകരമായി മൂന്നുകോടി രൂപ സർക്കാർ മുനവ്വറുന്നിസക്ക് നൽകി. അവരുടെ മരണം വരെയും അവർക്ക് കൊട്ടാരത്തിന്‍റെ ഓരത്തെ അത്യാവശ്യ സജ്ജീകരണമുള്ള മുറിയിൽ കഴിയാനുള്ള അനുമതിയും. അവരുടെ മരണശേഷം ആ പൈതൃകഭവനം പഞ്ചാബ് ഗവൺമെന്‍റിനു കീഴിലുള്ള ചരിത്ര സ്മാരകങ്ങളിലൊന്നായി മാറും.

മേൽക്കൂര തകർന്ന കൊട്ടാരത്തിന്‍റെ കോലായയിലേക്കു കാലെടുത്തുവെക്കുമ്പോൾ പുതിയ സർക്കാർ സേവകർ തടഞ്ഞു. എന്നാൽ, റാണിയുടെ പരിചാരകനും മുബാറക് മൻസിലിന്‍റെ സംരക്ഷകനുമായ മഹ്മൂദിനെ കാണാനാണ് എന്നു സുഹൃത്ത് അംജദ് പറഞ്ഞപ്പോൾ അവരൊന്നയഞ്ഞു. അൽപം കാത്തിരിക്കാൻ ആവശ്യപ്പെട്ട് അകത്തേക്കു വലിഞ്ഞ മഹ്മൂദ് വൈകാതെ വന്ന് ഞങ്ങളെ 'അന്തഃപുര'ത്തിലേക്ക് ആനയിച്ചു. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ആ കൊട്ടാരത്തിലെ താൽക്കാലിക പ്ലാസ്റ്ററിങ്ങിൽ തകരാതെ നിൽക്കുന്ന ഒരേയൊരു മുറി അതേയുള്ളൂ എന്നുതന്നെ പറയണം. അകത്തേക്ക് കൂട്ടുമ്പോൾ മഹ്മൂദ് പറഞ്ഞു: നിങ്ങൾക്ക് ചെറിയൊരു ഭാഗ്യക്കുറവുണ്ട്്; ഒരാഴ്ച മുമ്പ് ഉറക്കത്തിൽ കിടന്ന കട്ടിലിൽനിന്ന് അവരറിയാതെ ഊർന്നു താഴെവീണ് ഊരക്ക് പരിക്കേറ്റതോടെ അനങ്ങാതെ കിടക്കാനേ കഴിയൂ. അതിന്‍റെ വേദനയിലും ക്ഷീണത്തിലുമാണിപ്പോൾ. ഇല്ലെങ്കിൽ അവർ കഥയെല്ലാം നേരിട്ടുതന്നെ പറഞ്ഞേനെ. അകത്തേക്കു കയറി സമീപത്തെ സെറ്റിയിൽ ഇരുന്ന ഞങ്ങളെ അവർ വിടർന്ന കണ്ണാലെ ഒന്നുഴിഞ്ഞു. കുടിക്കാൻ ജ്യൂസ് എടുക്കാൻ മഹ്മൂദ് ഓർഡർ കൊടുത്തപ്പോൾ അവർക്കും വേണം ഒന്ന്. പരിചാരകൻ കൊണ്ടുവന്ന പാനപാത്രത്തിൽനിന്ന് പരസഹായമൊന്നുമില്ലാതെ ഒറ്റക്കൈയിൽ പിടിച്ച് അവർ പതുക്കെ കുടിച്ചുതുടങ്ങി. ഫോട്ടോ എടുക്കാനാഞ്ഞപ്പോൾ തട്ടത്തലപ്പുകൊണ്ട് മുടിയിഴകൾ മറച്ചു. പ്രായം 102 കടന്നു. എന്നാലും കൊട്ടാരത്തിലെ തന്‍റെ അധികാരാവകാശങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടവർക്ക്.

മനുഷ്യപ്പറ്റിന്‍റെ കഥാമാലയായി മാലേർ കോട്ട്ല

ആ കൊട്ടാരത്തേക്കാൾ മാറാല കെട്ടിത്തുടങ്ങിയ ചരിത്രമാണ് മാലേർ കോട്ട്ലയുടേത്. ഏറ്റുപാടാൻ അനന്തരാവകാശികളില്ലാത്തതിനാൽ മനുഷ്യർ തമ്മിലെ സ്നേഹപ്പകർച്ചയുടെയും പ്രത്യുപകാരത്തിന്‍റെയും ആ കഥകൾക്ക് കാലപ്പഴക്കത്തിന്‍റെ ക്ലാവു പിടിച്ചുപോയി. സംഗ്രൂരിനടുത്ത ഈ പ്രദേശം പഞ്ചാബിലെ ഏക മുസ്ലിം ഭൂരിപക്ഷദേശമാണിന്ന്. ഇന്ത്യ വിഭജനത്തിന്‍റെ കാട്ടുതീ പഞ്ചാബിനെ ഒട്ടുമുക്കാലും നക്കിത്തുടച്ചപ്പോഴും ആ തീപ്പൊരിയിൽ ഒന്നുപോലും ഏശാതെ പോയ നാട്. ഇപ്പോഴും ചരിത്രകാരന്മാർ ആ കഥ തേടി മാലേർ കോട്ട്ലയിൽ എത്തുന്നുണ്ട്. മുഗൾ ചക്രവർത്തിയുടെ ഉത്തരവിനെത്തുടർന്നാണെന്നു പറയുന്നു, പഞ്ചാബ് സർഹിന്ദിലെ ഗവർണറായിരുന്ന വസീർ ഖാൻ സിഖ് ഗുരുവായിരുന്ന ഗോവിന്ദ് സിങ്ങിനെ തടവിലിട്ടു. അദ്ദേഹത്തിന്‍റെ രണ്ടു പിഞ്ചുമക്കളെ ക്രൂരമായി വധിക്കാൻ ഉത്തരവിട്ടു. അതിനെതിരെ ആദ്യ വിരലുയർന്നത് പഞ്ചാബിലെ മാലേർ കോട്ട്ലയിൽ നിന്നായിരുന്നു. അന്ന് അവിടെ നവാബായിരുന്ന ഷേർ മുഹമ്മദ് ഖാന്‍റെ. അദ്ദേഹം അതിനെതിരെ പ്രതിഷേധിക്കുന്ന കാര്യമറിഞ്ഞ ഗോവിന്ദ്സിങ് അതിന് നന്ദിയോതിയത് സ്വന്തം സമുദായത്തിനു നൽകിയ ഒരുത്തരവിലൂടെയാണ്. ഷേർ മുഹമ്മദിനെയും സമുദായത്തെയും പ്രദേശത്തെ സിഖുകാർ പൊന്നുപോലെ കാക്കണം. ആ ഉത്തരവ് അവർ നെഞ്ചേറ്റി. അതുകൊണ്ട് വിഭജനത്തിൽ പഞ്ചാബിലുടനീളം മുസ്ലിംകൾ കൂട്ടക്കൊലക്കിരയായപ്പോൾ മാലേർ കോട്ട്ല വേറിട്ടുനിന്നു. പഞ്ചാബിൽനിന്ന് മുസ്ലിംകൾ പാകിസ്താനിലേക്ക് കുത്തിയൊഴുകിയപ്പോഴും ഈ പ്രദേശത്തുനിന്നാരും അഭയാർഥികളായി പോയില്ല. അങ്ങനെ മുസ്ലിംകൾ ന്യൂനാൽ ന്യൂനപക്ഷമായ പഞ്ചാബിൽ മാലേർ കോട്ട്ലയിൽ അവർ ഭൂരിപക്ഷമായി.

ദേശത്തിന്‍റെ ജന്മംതന്നെ പ്രത്യുപകാരത്തിൽ നിന്നാണ്. ക്രിസ്തുവർഷം 1450ൽ അഫ്ഗാൻ അധിനിവേശക്കാരനായ ബഹ്ലോൽ ലോദി ഡൽഹി പിടിച്ചടക്കാനുള്ള പടയോട്ടത്തിലായിരുന്നു. ലക്ഷ്യത്തിലെത്താൻ നേരം സൈന്യം ഭീകരമായ മണൽക്കാറ്റിൽപെട്ട് വഴിതെറ്റി. ആ കൂരിരുട്ടിലും കാറ്റിലും കെടാതെ ദൂരെ ഒരു നാളം മുനിഞ്ഞു കത്തുന്നത് ലോദി കണ്ടു. അതൊരു കൊച്ചു കൂരയിൽ നിന്നായിരുന്നു. അവിടെ ചെന്നുകയറിയ ലോദി കണ്ടത്, ശൈഖ് സദ്റുദ്ദീൻ ജഹാൻ എന്ന സൂഫി സന്യാസിയെ. യുദ്ധവിജയം തനിക്കുതന്നെ എന്നു ശൈഖ്, ലോദിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. അത് അക്ഷരംപ്രതി പുലർന്നു. ബഹ്ലോൽ ലോദി സയ്യിദ് വംശത്തെ തകർത്ത് ഭരണം സ്ഥാപിച്ചു. 1526ൽ ബാബർ പരാജയപ്പെടുത്തുന്നതു വരെ ലോദി ഭരണം തുടർന്നു. ഉപകാരസ്മരണക്കായി മാലേർ ദേശത്തെ ഭരണം ലോദി ശൈഖ് സദ്റുദ്ദീനും അനുയായികൾക്കും വിട്ടുനൽകി. മറ്റൊരു പ്രത്യുപകാര കഥയിൽ 1657 ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ്, തന്നെ രക്ഷപ്പെടുത്തിയ മാലേറിലെ അന്നത്തെ നവാബ് ബായസീദ് ഖാന് ഒരു കോട്ട (അവരുടെ ഭാഷയിൽ കോട്ട്ല) നിർമിക്കാൻ അനുമതി നൽകി. അങ്ങനെയാണ് മാലേർ കോട്ട്ലയുടെ പിറവി. മുഗൾകാലത്തും പിന്നീട് ബ്രിട്ടീഷ് കാലത്തും സ്വാതന്ത്ര്യാനന്തരവും മാലേർ കോട്ട്ല സ്നേഹമിയന്ന സാമൂഹികജീവിതംകൊണ്ട് വേറിട്ടുനിന്നു. ആ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒട്ടേറെ ചരിത്രസ്മരണികകൾ മുബാറക് മൻസിലിലുണ്ട്. സ്വാതന്ത്ര്യാനന്തരം പുത്രികരാജ്യങ്ങൾ സ്വന്തം ഭാഗധേയം നിർണയിക്കാനുള്ള സമയമായപ്പോൾ അവസാന നവാബ് ഇഫ്തിഖാർ അലി ഖാൻ ബ്രിട്ടീഷ് സ്റ്റേറ്റിനെ പട്യാല ആൻഡ് ഈസ്റ്റേൺ പഞ്ചാബ് സ്റ്റേറ്റ്സ് യൂനിയനിൽ (PEPSU) ലയിപ്പിച്ചു. അതു പിന്നീട് ഭാഷ സംസ്ഥാന വിഭജനത്തോടെ പഞ്ചാബായി മാറി. ക്യാപ്റ്റൻ അമരീന്ദർ സിങ് സർക്കാർ മാലേർ കോട്ട്ലയെ പഞ്ചാബിലെ 23ാം ജില്ലയായി പ്രഖ്യാപിച്ചു.

സ്വപ്നസാക്ഷാത്കാരത്തിന്‍റെ നിറവെളിച്ചത്തിൽ

1982ൽ അവസാന നവാബ് മരിച്ചതിൽപിന്നെ കുടുംബ കാരണവരായി നിന്നത് അനുജനായിരുന്നു. 12 കൊല്ലം കഴിഞ്ഞ് അദ്ദേഹവും മരിച്ചതോടെ അയാളുടെ മകൻ കാസിം അലി ഖാൻ നവാബ് പട്ടം കെട്ടി. അതിൽപിന്നെ പ്രതാപം അസ്തമിച്ചുതുടങ്ങിയ കൊട്ടാരത്തിൽനിന്ന് ഊരുന്ന കഴുക്കോൽ ലാഭമെന്നുകണ്ട് വിറ്റഴിക്കാനുള്ള ഉത്സാഹമായിരുന്നു പിൻഗാമികൾ എന്നുപറഞ്ഞ് മുബാറക് മൻസിലിൽ കയറിക്കൂടിയവർക്ക്. കൊട്ടാരം ജീർണിച്ചുനശിച്ചാലേ കച്ചവടം കൊഴുക്കൂ എന്ന അവരുടെ കുടിലബുദ്ധിയുടെ തെളിവായി ആ ഭാർഗവീനിലയം. അങ്ങനെയാണ് അടപടലം തകർന്നുവീഴുന്ന ചരിത്രത്തിന്‍റെ ഉത്തരം താങ്ങാൻ ബീഗം മുനവ്വറുന്നിസ എത്തുന്നത്. മുബാറക് മഹൽ സർക്കാർ ചെലവിൽ പഴയ പ്രൗഢിയിലേക്ക് മടങ്ങുന്നത് കാണാൻ താനുണ്ടാകുമെന്നൊരു വ്യാമോഹവും രാജ്ഞിക്കില്ല. എങ്കിലും പൂർവപ്രതാപത്തിലേക്ക് അതിനെ തിരിച്ചുനടത്താനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ആഹ്ലാദം ഉള്ളിലൊതുക്കി, സ്വന്തം സർക്കാറിന്‍റെ (നവാബിനെ അവർ അങ്ങനെയാണ് വിളിക്കുക) മഹിതസ്മരണകൾ താലോലിച്ച് വൈദ്യക്കിടക്കയിൽ ചരിത്രത്തിനു കാവൽകിടക്കുമ്പോൾ പ്രായാധിക്യം ചുളിവുകൾ വീഴ്ത്തിയ മുഖത്തെ ആ കണ്ണുകൾ തെളിഞ്ഞു കത്തുന്നുണ്ട്, ജന്മസ്വപ്നം നിറവേറുന്നതിന്‍റെ നിറസായൂജ്യത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life`guardian queenage of 100
News Summary - The guardian queen of history past the age of 100
Next Story