പണി പാത്തൂട്ടി റോബോട്ട് ചെയ്യും
text_fieldsഅഞ്ചരക്കണ്ടി: വേങ്ങാട് മെട്ട കരിയന്തോടി റിച്ച് മഹല്ലിൽ ചാത്തോത്ത് ഷിയാദിനും വീട്ടുകാർക്കും കൂട്ടായി ഇനി പാത്തൂട്ടി റോബോട്ടുമുണ്ടാവും. അടുക്കളയിലെ സഹായവും ഭക്ഷണസാധനങ്ങൾ ഡൈനിങ് ഹാളിലെ മേശപ്പുറത്ത് എത്തിക്കുന്നതും തിരിച്ചുകൊണ്ടുപോകുന്നതും പാത്തൂട്ടി റോബോട്ടാണ്.
ഏൽപിച്ച പണി കൃത്യമായി ചെയ്യുന്ന മൊഞ്ചത്തി കൂടിയാണവൾ. ഓട്ടോമാറ്റിക്കായാണ് റോബോട്ട് പ്രവർത്തിക്കുന്നത്. വഴി സ്വയം തിരിച്ചറിഞ്ഞ് കിച്ചണിൽനിന്നും ഡൈനിങ് ഹാളിലേക്ക് പരസഹായം കൂടാതെ സഞ്ചരിക്കും.
വഴിയില്ലാത്ത സ്ഥലങ്ങളിൽ ഇതിനെ കൊണ്ടുപോകേണ്ടിവന്നാൽ മാന്വൽ മോഡിലാണ് പ്രവർത്തിക്കുക. പ്രത്യേകം സജ്ജമാക്കിയ 'പാത്ത്' (വഴി) തിരിച്ചറിഞ്ഞ് സഞ്ചരിക്കുന്നതിനാലാണ് പാത്തൂട്ടി എന്ന് പേരിട്ടിരിക്കുന്നതെന്ന് ഷിയാദ് പറഞ്ഞു.
പഠനത്തോടൊപ്പം ഷിയാദ് ഇത് ഒരു പ്രോജക്ടായി ഏറ്റെടുക്കുകയായിരുന്നു. ആവശ്യമായ ഉപകരണങ്ങൾ വാങ്ങിനൽകി പിതാവും കൂടെക്കൂടി. മേക്കപ്പും അനുബന്ധ കാര്യങ്ങളും ചെയ്യാനായി മാതാവും സഹോദരനും സഹായത്തിനെത്തി. പ്രവർത്തനക്ഷമമാക്കുന്നതിനായി സഹപാഠി അർജുനും സഹായിച്ചു.
പ്ലാസ്റ്റിക് സ്റ്റൂൾ, അലൂമിനിയം ഷീറ്റ്, നാല് ടയർ, ഒരു ഫീമെയിൽ ഡമ്മി, ഒരു സെർവിങ് ട്രേ തുടങ്ങിയവയാണ് നിർമാണത്തിനായി ഉപയോഗിച്ചത്. സാങ്കേതിക പ്രവർത്തനം നിയന്ത്രിക്കുന്നത് എം.ഐ.ടി ആപ് വഴി നിർമിച്ച മൊബൈൽ ആപ്ലിക്കേഷനും അഡ്മെഗാ മൈക്രോ കൺട്രോളറും ഐ.ആർ, അൾട്രാസോണിക് സെൻസറുകളുമാണ്.
വേങ്ങാട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ഷിയാദ് നേരത്തെ പിതാവിന്റെ കോളജ് കാല അനുഭവക്കുറിപ്പ് ഡോക്യുമെൻററിയാക്കി ശ്രദ്ധേയനായിരുന്നു. പാപ്പിനിശ്ശേരി ഹിദായത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.കെ. അബ്ദുറഹ്മാന്റെയും ചാത്തോത്ത് സറീനയുടെയും മകനാണ് ഷിയാദ്. ഷിയാസാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.