ലിസി പറയും... ബീ പോസിറ്റീവ്
text_fieldsഇരിട്ടി: പ്രതിസന്ധികൾ പതറാനുള്ളതല്ല പൊരുതി അതിജീവിക്കാനുള്ളതാണെന്നാണ് ലിസിയുടെ ജീവിതം പറയുന്ന കഥ. ഇരിട്ടിക്കടുത്ത പയഞ്ചേരിമുക്ക് സ്വദേശി ലിസി ഡോമിനികാണ് വിധിയെ തോൽപിച്ച് മുന്നേറുന്നത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ ലിസി കൊട്ടിയൂർ സ്വദേശി ഡോമിനിക്കുമായുള്ള വിവാഹത്തിന് ശേഷമാണ് കണ്ണൂർക്കാരിയാവുന്നത്.
29 വർഷമായി ഇരിട്ടിക്കടുത്ത പയഞ്ചേരിമുക്കിലെ ന്യൂ റോയൽ എൻജിനീയറിങ് എന്ന സ്ഥാപനത്തിൽ ഭർത്താവിനൊപ്പം ലിസിയുമുണ്ടായിരുന്നു. 2018ലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ ഡോമിനിക്കിനെ ഇരിട്ടി പുഴയിൽ കാണാതാവുകയായിരുന്നു.
പയഞ്ചേരിയിലെ പുഴക്കരയിലെ വീട്ടിലായിരുന്നു ഡോമിനിക്കും ലിസിയും മൂന്ന് മക്കളും താമസിച്ചിരുന്നത്. രാത്രി പുറത്തിറങ്ങിയ ഡോമിനിക് തിരിച്ചുവന്നില്ല. നാല് ദിവസം കഴിഞ്ഞാണ് ഡോമിനിക്കിന്റെ മൃതദേഹം പഴശ്ശി ഡാമിനടുത്ത് വെച്ച് കണ്ടെത്തുന്നത്.
തുടർന്ന് ലിസി പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. ഇതിന് കരുത്തായത് കുടുംബജീവിതം തുടങ്ങിയ നാൾ മുതൽ ഭർത്താവിനോടൊപ്പം ചേർന്ന് സ്വായത്തമാക്കിയ വെൽഡിങ്ങിനെ കുറിച്ചുള്ള ബാലപാഠങ്ങളായിരുന്നു. ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിൽ പതറാതെ, തീപ്പൊരികളോട് പടവെട്ടി തന്റെ വിയർപ്പുകൊണ്ട് കുടുംബത്തെ കരകയറ്റിയ സംതൃപ്തിയുണ്ട് ലിസിയുടെ ഇപ്പോഴത്തെ ജീവിതത്തിന്.
ഇരുമ്പ് കട്ടിളകൾ, ജനാലകൾ, ഗേറ്റുകൾ തുടങ്ങിയ വിവിധങ്ങളായ ഇരുമ്പ് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനം ആരംഭിച്ചിട്ട് 15 വർഷമായി. അതിനുമുമ്പ് 14 വർഷം ഇതിന് തൊട്ടടുത്ത സ്ഥാപനത്തിലായിരുന്നു ഡോമിനിക്കും ലിസിയും. എന്നാൽ, ഇരുമ്പിനോട് മല്ലിടാൻ കൂറ്റൻ ചുറ്റികയുമായി ഉറച്ചമനസ്സോടെ മുന്നോട്ടുപോയ ലിസി തളരാത്ത മനസ്സുമായി കുടുംബത്തെ മുന്നോട്ടുനയിക്കുകയായിരുന്നു. ഇപ്പോൾ എം.കോമിന് പഠിക്കുന്ന മകൻ അജേഷും സഹായത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.