ലീനയും ഹനയും പറയുന്നു, 'പ്രായത്തിലല്ല, പരിശ്രമത്തിലാണ് കാര്യം'
text_fieldsചെറുപ്പത്തിൽ പഠനവും കളികളും മാത്രമായി നടന്നവരായിരിക്കും മിക്കവരും. അതാണ് നമ്മുടെ സമൂഹത്തിന്റെ ശീലവും. പക്ഷേ അങ്ങനെ പഠനവും കളികളും മാത്രം കൊണ്ടുനടന്നാൽ പോരെന്നാണ് ഈ കുഞ്ഞു സഹോദരിമാർ പറയുന്നത്. എങ്ങനെ സമ്പാദിക്കാം എന്നുകൂടി അറിഞ്ഞുവേണം ജീവിക്കാൻ. അതിന് പ്രായം ഒരു പ്രശ്നമേയല്ല. രണ്ട് കുട്ടികളുടെ കഥയാണ് പറയുന്നത്. ലീന, ഹന എന്ന രണ്ട് കോഡിങ് വിദഗ്ധരുടെ കഥ.
സാങ്കേതിക വിദ്യക്കും മുകളിൽ വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് കോഡിങ്. വെബ്സൈറ്റുകൾ, ആപ്പുകൾ, മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവ നിർമിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന നൂതന ഭാഷയാണത്. ദുബൈ നഗരത്തിലാണ് ഈ സഹോദരിമാർ ജീവിക്കുന്നത്. കാസർകോട് സ്വദേശികളായ ദമ്പതികളുടെ മക്കളാണ് ലീനയും ഹനയും. ലീനക്ക് പത്തു വയസ്സ്, ഹനക്ക് ഒമ്പതും.
ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങളും പ്രഖ്യാപിക്കപ്പെട്ടവരാണ് ഇരുവരും. ഒരു വിദഗ്ധ കോഡറെ പോലെയോ അതിനേക്കാൾ മികച്ച രീതിയിലോ കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകൾ വശമുണ്ട് രണ്ടുപേർക്കും. ഈ വൈദഗ്ധ്യം ഉപയോഗിച്ച് ഇവർ പ്രവർത്തിക്കുന്നത് സമൂഹത്തിന് ഏറ്റവും ഉപകാരപ്രദമായ കാര്യങ്ങൾക്ക് വേണ്ടിയാണ്.
അഞ്ചാം വയസ്സിൽ കമ്പ്യൂട്ടറിന്‍റെ ഭാഷയെ ഇഷ്ടപ്പെട്ടുതുടങ്ങിയതാണ് ലീന. സ്വയം പഠിച്ചെടുത്ത പാഠങ്ങൾ. ഇന്‍റർനെറ്റിലൂടെ ക്ലാസുകൾ. പിന്തുണയുമായി മാതാപിതാക്കളായ മുഹമ്മദ് റഫീഖും ഫാത്തിമത് താഹിറയും. ലീന ആറാമത്തെ വയസ്സിൽ സ്വന്തമായി ഒരു വെബ്സൈറ്റ് നിർമിച്ചു. 'ലിഹനാസ്' എന്ന ഈ വെബ്സൈറ്റ് കേരളത്തിൽ വലിയ നാശം വിതച്ച പ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായമെത്തിക്കാൻ ഉപകാരപ്പെടുന്നതായിരുന്നു.
മൂന്നു മാസത്തിലാണ് വെബ്സൈറ്റ് വികസിപ്പിച്ചത്. ലീനയാണ് അനുജത്തി ഹനയുടെ ഗുരുനാഥ. കോഡിങ്ങിന്‍റെ ബാലപാഠങ്ങൾ പഠിച്ച ശേഷം ഹനയും പഠനത്തിലേക്ക് കടന്നു. ഹന വികസിപ്പിച്ചത് സമൂഹത്തിന് മറ്റൊരർഥത്തിൽ ഉപകാരപ്പെടുന്ന ആപ്ലിക്കേഷനായിരുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ മക്കൾക്ക് കഥ പറഞ്ഞുകൊടുക്കാനൊന്നും സമയം കിട്ടാത്ത രക്ഷിതാക്കൾക്ക് ഹനയുടെ ആപ്ൾ ആപ്. 'ഹനാസ്' സ്റ്റോറി ആപ്പിൽ രക്ഷിതാക്കൾക്ക് കഥകളുടെ ഓഡിയോ റെക്കാർഡ് ചെയ്തുവെക്കാം. കുട്ടികൾക്ക് മാതാപിതാക്കളുടെ ശബ്ദത്തിൽ ഈ കഥകൾ എപ്പോഴും കേൾക്കുകയും ചെയ്യാം.
ഈ ആപ്പിനെ തേടി ആപ്ൾ സി.ഇ.ഒ ടിം കുക്കിന്‍റെ അഭിനന്ദനവും എത്തി. അത് പറയാൻ മാതാപിതാക്കളെത്തിയപ്പോൾ ഉറക്കത്തിലായിരുന്നുവെന്നും കേട്ടപ്പോൾ ആഹ്ലാദംകൊണ്ട് കണ്ണുതുറക്കാൻ കഴിഞ്ഞില്ലെന്നും ഹന പറയുന്നു. ഒരുപക്ഷേ, ലോകത്തുതന്നെ ആപ് വികസിപ്പിച്ച ഏറ്റവും ചെറിയ കുട്ടിയായിരിക്കും ഈ മിടുക്കി. ഇന്‍റർനെറ്റിലൂടെ നൂതന സാങ്കേതികവിദ്യകളുടെ പുതിയ മേച്ചിൽപുറങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ഈ സഹോദരിമാർ ഇന്ന്.
പഠിക്കുന്നതിനൊപ്പം നാളേക്ക് ഇങ്ങനെ പലതും ചെയ്യാമെന്നുകൂടി തെളിയിക്കുകയാണവർ. കോഡിങ്ങിൽ കൂടുതൽ കഴിവ് തെളിയിക്കണമെന്നും ഗവേഷകരാകണമെന്നുമൊക്കെയാണ് ഇരുവരുടെയും ആഗ്രഹം. പഠിക്കുന്നതിനൊപ്പം സ്വയം കഴിയുന്ന ജോലികൾകൂടി ചെയ്ത് സമ്പാദിച്ച് മുന്നേറണമെന്നാണ് ഈ കുഞ്ഞു സഹോദരിമാർ പറഞ്ഞുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.