ദി വൈറൽ ഡ്രൈവറമ്മ
text_fieldsപതിറ്റാണ്ടുകൾക്കു മുമ്പ് സ്വന്തം മാതാപിതാക്കളെ പോലും അറിയിക്കാതെ രഹസ്യമായി ഡ്രൈവിങ് പഠിച്ച മണിയമ്മയെന്ന 73കാരി ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനാളുകൾ അറിയുന്ന, പലതരം വണ്ടികളോടിക്കുന്ന സൂപ്പർ ഡ്രൈവറാണ്
ചിലപ്പോൾ കണ്ടെയ്നർ ലോറിയിൽ, മറ്റു ചിലപ്പോൾ ജെ.സി.ബിയിൽ, ഇനിയും ചിലപ്പോൾ ജാഗ്വാർ, ബി.എം.ഡബ്ല്യൂ പോലുള്ള ആഡംബര കാറുകളിൽ, ഇതൊന്നും പോരാതെ സാധാരണക്കാരന്റെ വാഹനമായ സ്കൂട്ടറിൽ... ഇടക്കിടെ നമ്മുടെ ഫോണിൽ റീൽസ് ആയും ഷോർട്ട് വിഡിയോ ആയുമെല്ലാം ഒരമ്മ ആത്മവിശ്വാസം കലർന്ന പുഞ്ചിരിയോടെ ഈ വാഹനങ്ങൾ ഡ്രൈവ് ചെയ്ത് പ്രത്യക്ഷപ്പെടാറില്ലേ... സ്കൂട്ടർ മുതൽ ട്രെയിലർ വരെ കൂൾ കൂളായി ഓടിക്കുന്ന, ഇവരാണ് രാധാമണി ലാലൻ എന്ന നാട്ടുകാരുടെ സ്വന്തം മണിയമ്മ. ഈ വിഡിയോകൾ കണ്ട്, ‘ഹൊ ഈ പ്രായത്തിൽ വണ്ടിയോടിക്കാമെങ്കിൽ ചെറുപ്പക്കാരിയായ എനിക്ക് ഓടിച്ചാലെന്താ’ എന്ന ആത്മവിശ്വാസത്തിൽ വണ്ടിയുടെ വളയം പിടിക്കാൻ തുടങ്ങിയവർ നിരവധിയാണ്.
പ്രായമൊക്കെ നമ്പർ
പ്രായം ചില്ലറയൊന്നുമല്ല, 73 വയസ്സായി. കൈയിലുള്ളതോ പത്തിലേറെ വാഹനങ്ങളുടെ ലൈസൻസ്. ട്രെയിലർ, ബുൾഡോസർ, എക്സ്കവേറ്റർ, ട്രാക്ടർ, ഫോർക് ലിഫ്റ്റ്, ബസ്, ലോറി, ക്രെയിൻ തുടങ്ങി വമ്പൻ വാഹനങ്ങൾ മുതൽ കാർ, ഓട്ടോറിക്ഷ, സ്കൂട്ടർ തുടങ്ങിയ എല്ലാ തരം വണ്ടികളും മണിയമ്മ മണിമണിയായി ഓടിക്കും.
സ്വന്തം ജീവിതത്തെ സുന്ദരമാക്കുക മാത്രമല്ല, ഡ്രൈവിങ് ഒരു ബാലികേറാമലയായി കൊണ്ടുനടക്കുന്ന ആയിരക്കണക്കിന് സ്ത്രീകൾക്കുൾപ്പെെട ആത്മവിശ്വാസവും പ്രചോദനവും പകരുക കൂടിയാണ് മണിയമ്മ. പെട്രോളിയം ഉൽപന്നങ്ങൾ കയറ്റിയ വാഹനങ്ങളോടിക്കാനുള്ള അത്യധികം ശ്രദ്ധയും ധൈര്യവും വേണ്ട ഹസാർഡസ് ലൈസൻസും ഇവർക്കുണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായി 15ഓളം ബ്രാഞ്ചുകളുള്ള എ ടു ഇസഡ് ഡ്രൈവിങ് സ്കൂളിന്റെ ഉടമയാണ് മണിയമ്മ.
നിരത്തിലെ രാജ്ഞി
പതിറ്റാണ്ടുകൾക്കു മുമ്പ്, നിരത്തിൽ സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ അപൂർവമായിരുന്ന കാലത്ത്, ഫോർ വീലറും ഹെവി ലൈസൻസും എടുത്താണ് മണിയമ്മ നിരത്തിലെ രാജ്ഞിയാവാൻ തുടങ്ങുന്നത്. 1967ൽ 17ാം വയസ്സിലാണ് ആലപ്പുഴ അരൂക്കുറ്റി സ്വദേശിനിയായ മണിയമ്മ ട്രാൻസ്പോർട്ട് ബിസിനസുകാരനായ ടി.വി. ലാലനെ വിവാഹം ചെയ്ത് എറണാകുളം തോപ്പുംപടിയിലെത്തുന്നത്.
1978ൽ ഇവരുടെ കുടുംബം ഡ്രൈവിങ് സ്കൂൾ തുടങ്ങി. ഭർത്താവിന്റെ നിർദേശപ്രകാരം വണ്ടിയോടിക്കാൻ പഠിച്ചു. 1981ൽ സ്വന്തം അച്ഛനമ്മമാരെപോലും അറിയിക്കാതെ രഹസ്യമായാണ് വണ്ടിയോടിക്കാൻ പഠിച്ചതും ലൈസൻസെടുത്തതുമെന്ന് വർഷങ്ങൾക്കിപ്പുറം അവർ ഓർക്കുന്നു. ‘‘അമ്മയൊക്കെ അറിഞ്ഞാൽ ചീത്തപറഞ്ഞാലോ എന്നു പേടിച്ചായിരുന്നു രഹസ്യ പഠനം.
ചേട്ടൻ (ഭർത്താവ് പരേതനായ ലാലൻ) ‘നീ പേടിക്കാതെ ഓടിച്ചോ.. ഒന്നും സംഭവിക്കില്ല’ എന്നു പറഞ്ഞ് ധൈര്യം തരും. ഇന്നിപ്പോൾ ഏറക്കുറെ എല്ലാ വണ്ടിയും ഓടിക്കാനറിയാം. നിരവധി പെൺകുട്ടികൾക്കും ചെറുപ്പക്കാർക്കും വണ്ടിയോടിക്കാനുള്ള ധൈര്യം കൊടുക്കുന്നുമുണ്ട്.’’
സ്ഥാപനം തുടങ്ങിയ കാലത്ത് കേരളത്തിൽ ഹെവി ലൈസൻസ് ഡ്രൈവിങ് സ്ഥാപനങ്ങളുണ്ടായിരുന്നില്ല. പലതവണ അനുമതിക്കായി അപേക്ഷ കൊടുത്തിട്ടും കിട്ടാത്തതിനാൽ നിയമപോരാട്ടത്തിലൂടെ കേരളത്തിലാദ്യമായി ഹെവി ലൈസൻസ് നൽകുന്ന ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടും എ ടു ഇസഡിനു കീഴിൽ നേടിയെടുത്തു.
ഒപ്പം, ഡ്രൈവിങ് പരിശീലനത്തിലേക്കുമിറങ്ങി. ഓർക്കണം, സ്ത്രീകൾ വണ്ടിയോടിക്കുന്നതുപോലും അത്യസാധാരണ സംഭവമായിരുന്ന കാലമാണ്, ഡ്രൈവിങ് സീറ്റിലിരിക്കുന്ന പെണ്ണിനെ കണ്ടാൽ കളിയാക്കലും കൂവിവിളികളും ചീത്ത വിളികളും ചുറ്റിലും ഉയരും. ഇത്തരം പ്രതിബന്ധങ്ങൾ പലതും മറികടന്നാണ് അന്നവർ ഡ്രൈവിങ് പഠിച്ച്, പഠിപ്പിക്കാനിറങ്ങിയത്.
ഫോർ വീലറും ഹെവിയും എടുത്ത് വർഷങ്ങൾ പിന്നിട്ട്, 1993ലാണ് സ്കൂട്ടർ ലൈസൻസ് എടുക്കുന്നത്. ഇതിനിടെ, ഓർക്കാപ്പുറത്ത് ഭർത്താവ് ലാലന്റെ മരണം. പ്രിയപ്പെട്ടവന്റെ വേർപാടിൽ കുറച്ചുകാലം വാഹനങ്ങളുടെ ലോകത്തുനിന്ന് പൂർണമായും വിട്ടുനിന്നു, വൈകാതെ തിരിച്ചെത്തി ഡ്രൈവിങ് സ്കൂളിന്‍റെ സാരഥ്യവും ഏറ്റെടുത്തു.
പിന്നീടിങ്ങോട്ട് പലതരം വണ്ടികൾ ഓടിക്കാനുള്ള പരിശീലനത്തിലായിരുന്നു മണിയമ്മ, ഒപ്പം ഡ്രൈവിങ് സ്കൂൾ ബിസിനസ് കൂടുതലായി വിപുലീകരിക്കുകയും കൂടുതൽ കോഴ്സുകളും ശാഖകളും ആരംഭിക്കുകയും ചെയ്തു. തുടക്കത്തിൽ പരിഹാസച്ചിരികളും മറ്റും ഉയർന്ന അതേ നിരത്തുകളിൽ ഇന്ന് ആളുകൾ കൗതുകത്തോടെയും അഭിമാനത്തോടെയും നോക്കുന്നതു കാണുമ്പോൾ ഈ അമ്മയുടെ ഉള്ളിലും സന്തോഷത്തിരയടിക്കും, കാലം കരുതിവെച്ച മാറ്റങ്ങളെ കുറിച്ചോർത്ത് പുഞ്ചിരിക്കും.
ജാഗ്വാറും ബി.എം.ഡബ്ല്യൂവും
ട്രക്ക്, ട്രെയിലർ, ഫോർക്ക് ലിഫ്റ്റ് തുടങ്ങിയ വാഹനങ്ങളെല്ലാം ഓടിച്ച് തഴക്കം വന്ന ഈ അമ്മ ഇപ്പോൾ ശ്രദ്ധചെലുത്തുന്നത് ആഡംബര കാറിലും ഓഫ് റോഡ് വാഹനങ്ങളിലുമാണ്. അടുത്തിടെ ജാഗ്വാറും ബി.എം.ഡബ്ല്യൂവുമെല്ലാം ഓടിച്ചു. ഓടിക്കുന്ന വാഹനങ്ങളിൽ അൽപം കുഴപ്പം പിടിച്ചത് ട്രെയിലർ ആണെന്നാണ് മണിയമ്മയുടെ വിലയിരുത്തൽ.
2014ലാണ് ട്രെയിലറോടിക്കാൻ പഠിച്ച് ലൈസൻസെടുക്കുന്നത്. ഈ വണ്ടിയുടെ നീളക്കൂടുതലും മറ്റു വാഹനങ്ങളിൽനിന്നു വ്യത്യസ്തമായി സ്റ്റിയറിങ് തിരിക്കുന്നതിന്റെ വിപരീത ദിശയിൽ വണ്ടി നീങ്ങുന്നതുമാണ് ഇവരെ കുഴപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയിലാദ്യമായി ജെ.സി.ബി ഇലക്ട്രിക് എക്സ്കവേറ്റർ ലോഞ്ച് ചെയ്തപ്പോൾ ആദ്യമായി ഓടിക്കാൻ രാധാമണിക്കായിരുന്നു കമ്പനി അധികൃതർ അവസരം നൽകിയത്. കഴിഞ്ഞ വനിതാ ദിനത്തിൽ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആദരിച്ചവരുടെ കൂട്ടത്തിൽ രാധാമണിയുമുണ്ടായിരുന്നു.
ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി സംഘടനകൾ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മണിയമ്മയുടെ മക്കളായ മിലൻ, മിനി, മിജുലാൽ, മരുമക്കളായ ദീപ, ശിവപ്രസാദ്, രാധിക, പേരമക്കൾ തുടങ്ങിയവരെല്ലാം ഡ്രൈവിങ് സ്കൂൾ ബിസിനസിൽ ഒപ്പമുണ്ട്.
സംസ്ഥാനത്താദ്യമായി ഓട്ടോമൊബൈൽ ഡിപ്ലോമയെടുത്ത വനിതയായ മിനി വൈക്കത്ത് ഡ്രൈവിങ് സ്കൂൾ നടത്തുന്നു. ‘മണിയമ്മ ദി ഡ്രൈവറമ്മ’ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ ആയിരക്കണക്കിനാളുകളാണ് ഡ്രൈവിങ് വിഡിയോകൾ കണ്ട് ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.