ഈറ്റ ഉൽപന്നങ്ങളുടെ ‘തനിമ’യാണ് ഇവരുടെ ജീവിതം നെയ്യുന്നത്
text_fieldsഅടൂർ: തനിമയാർന്ന പരമ്പരാഗത ഈറ്റ ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിച്ച് ശ്രദ്ധയാർജിച്ചിരിക്കുകയാണ് ‘തനിമ’ കുടുംബശ്രീ സംരംഭം. അന്യംനിൽക്കുന്ന ഈറ്റ ഉൽപന്നങ്ങളുടെ നിർമാണം കുലത്തൊഴിലാക്കി ഉപജീവനം നടത്തുന്ന തനിമ കുടുംബശ്രീ ഏഴംകുളം പാലമുക്കിലാണ് പ്രവർത്തിക്കുന്നത്.
തനിമ കൂട്ടായ്മയിലെ അംഗങ്ങളായ പാലമുക്ക് നിഥിൻ ഭവനിൽ രാധാമോഹൻ, ചരുവിള മേലേതിൽ ശാന്ത കൊച്ചുരാമൻ, ഏഴംകുളം അമ്പല ജങ്ഷൻ കളീക്കൽ വീട്ടിൽ കെ.സരസമ്മ എന്നിവരാണ് ഈറ്റകൊണ്ട് കുട്ടയും വട്ടിയും പനമ്പും അടപ്പുകൊട്ടയുമൊക്കെ നിർമിച്ച് കുലത്തൊഴിലിനെ കാത്തുസൂക്ഷിക്കുന്നത്.
സരസമ്മ മുറമാണ് കൂടുതലും നിർമിക്കുന്നത്. ശാന്തയും രാധയും കുട്ടയും വട്ടിയും അടപ്പുകൊട്ടയുമാണ് നെയ്തെടുക്കുന്നത്. മുറങ്ങൾ കടക്കാർക്കും നൽകുന്നുണ്ട്. ഇതുകൂടാതെ പുറത്തുനിന്ന് ഓർഡറുകളും ഇവർക്ക് ലഭിക്കുന്നുണ്ട്.ഈറ്റ ഉൽപന്നങ്ങൾക്കു വിപണിയിൽ ഡിമാൻഡ് കുറഞ്ഞതോടെ നേരത്തേ ഈ വനിതകൾ നിർമിക്കുന്ന കുട്ടയും മുറവും വട്ടിയുമൊക്കെ വിറ്റഴിയാൻ പ്രയാസ മായിരുന്നു.
ടേബിൾ ലാംപ് ഷെയ്ഡ്, വീടുകളിലെ ലൈറ്റുകളുടെ ഷെയ്ഡ്, അലങ്കാര വസ്തുക്കൾ എന്നിവ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്മ. ഈറ്റയുടെ ക്ഷാമം ഇവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ കൊല്ലം ജില്ലയിലെ താമരക്കുളത്തുനിന്നാണ് ലഭ്യമാകുന്നത്. ഒരുകെട്ട് ഈറ്റക്ക് 450 രൂപയാണ് വില. 40 കിലോമീറ്ററിലേറെ ദൂരം താണ്ടി കുടുംബശ്രീ യൂനിറ്റിൽ ഇവ എത്തിക്കുമ്പോഴേക്കും വാഹന യാത്രാക്കൂലി ഉൾപ്പെടെ വലിയൊരു തുകയാകുമെന്ന് ഇവർ പറയുന്നു. അടൂർ തട്ടയിലെ ബാംബൂ കോർപറേഷൻ സെന്ററിൽനിന്ന് ഈറ്റ കിട്ടിക്കൊണ്ടിരുന്നതും നിലച്ചു.
ഏഴംകുളം പഞ്ചായത്ത് അംഗം ബാബുജോണിന്റെ പറമ്പിൽനിന്ന് നൽകുന്ന ഈറ്റ ഉപയോഗിച്ചാണ് ഇവർ ഉൽപന്നങ്ങൾ നിർമിക്കുന്നത്. ബാബു ജോണിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പുതുമലയിലെ മാസചന്തയിലും കടകളിലും ഈ ഉൽപന്നങ്ങൾ ലഭ്യമാണ്. വിവിധ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ചോറ് വാർക്കാൻ ഉപയോഗിക്കുന്ന അടപ്പ് കൊട്ടക്കാണ് ആവശ്യക്കാരേറെ എന്ന് രാധാമോഹൻ പറയുന്നു. കുടുംബശ്രീയുടെ സരസ് മേളകളിൽ പങ്കെടാക്കാറുണ്ട്. ആവശ്യക്കാർ ഏറെയാണെങ്കിലും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയാണ് പ്രശ്നം.
ജനം പഴമയെ കൈവിട്ടിട്ടില്ലെന്ന് തങ്ങളുടെ ഉൽപന്നങ്ങളുടെ ആവശ്യക്കാരുടെ എണ്ണം കാണുമ്പോൾ മനസ്സിലാകുന്നു. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ സമാപിച്ച എന്റെ കേരളം മേളയിൽ ഉൽപന്നങ്ങല്ലാം വിറ്റഴിച്ചാണ് വീടുകളിലേക്ക് മടങ്ങിയതെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.