ഒപ്പനക്ക് മണവാട്ടിയാകാൻ ഇനി ഫാത്തിമത്ത് മുഹ്സിനയില്ല
text_fieldsമുരുക്കുംപുഴ: വെയിലൂർ ഗവ. ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനി ഫാത്തിമത്ത് മുഹ്സിനയുടെ അകാല വേർപാടിന്റെ ദുഃഖത്തിൽനിന്ന് സഹപാഠികളും കുടുംബാംഗങ്ങളും ഇനിയും മുക്തരായിട്ടില്ല. കഴിഞ്ഞ സ്കൂൾ യുവജനോത്സവത്തിൽ ഒപ്പന ടീമിൽ മണവാട്ടിയാകാനും മാപ്പിളപ്പാട്ട് പാടാനും തങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയുടെ ചേതനയറ്റ മുഖം 10ാം ക്ലാസിലെ കൂട്ടുകാരികൾക്ക് ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ല.
ഒരു മാസത്തോളമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ഐ.സി.യുവിൽ ചികിത്സയിലിരുന്ന മുഹ്സിന കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബ്രെയിൻ ഹെമറേജിനെ തുടർന്നായിരുന്നു അന്ത്യം. ചികിത്സയിൽ തുടരവേ സ്കൂൾ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും മുട്ടപ്പലം മുസ്ലിം ജമാഅത്ത് കമ്മിറ്റിയും സഹായങ്ങളും പ്രാർഥനയുമായി മുഹ്സിനയുടെ പാവപ്പെട്ട കുടുംബത്തിനൊപ്പമുണ്ടായിരുന്നു.
ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച മുഹ്സിന തൊഴിലുറപ്പ് തൊഴിലാളിയായ മാതാവ് റഫീഖത്തിന്റെ സംരക്ഷണയിലായിരുന്നു. പഠനത്തിലും മറ്റു കലാപരിപാടികളിലും സജീവമായിരുന്ന മുഹ്സിന നാട്ടിലും സ്കൂളിലും എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു. സർക്കാർ ജോലി നേടുകയെന്നതായിരുന്നു സ്വപ്നം. വെയിലൂർ സ്കൂളിൽതന്നെ ഏഴിലും മൂന്നിലും പഠിക്കുന്ന സാജിതയും നസീഹയും സഹോദരിമാരാണ്.
ബുധനാഴ്ച വൈകീട്ടോടെ സ്കൂളിൽ പൊതുദർശനത്തിന് വെച്ച മുഹ്സിനയുടെ മൃതദേഹത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ ഗ്രാമം ഒന്നടങ്കം എത്തി. അഴൂർ പഞ്ചായത്ത് പ്രസിഡൻറ് ആർ. അനിൽ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. അജിത് കുമാർ, മംഗലപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. മുരളീധരൻ, പഞ്ചായത്തംഗം ലതിക മണിരാജ്, സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ബായി തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
തുടർന്ന് ശാസ്തവട്ടത്തെ ഗാന്ധി സ്മാരകം പ്രൈമറി ഹെൽത്ത് സെന്ററിന് അടുത്തുള്ള വീട്ടിൽ എത്തിച്ചശേഷം രാത്രി എട്ടോടെ മുട്ടപ്പലം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.