ഈഴുവത്തിരുത്തിയുടെ വയലേലകളിൽ ഇനി കർഷക മുത്തശ്ശിയില്ല
text_fieldsപൊന്നാനി: ഈഴുവത്തിരുത്തിയുടെ വയലേലകളിൽ ഇനി കർഷക മുത്തശ്ശിയില്ല. കൃഷിയെമാത്രം ആശ്രയിച്ചിരുന്ന കാലഘട്ടത്തിൽ കാർഷിക വൃത്തിയിലേക്കിറങ്ങിയ നീലി പ്രായം 88 പിന്നിട്ടും കൃഷി കൈവെടിഞ്ഞില്ല. കർഷകയായ നീലി എന്ന നാട്ടുകാരുടെ നീലി അമ്മായി പതിനൊന്നാം വയസ്സിലാണ് വിവാഹിതയായി പൊന്നാനി ചെറുവായ്ക്കരയിൽ എത്തിയത്.
പിന്നീട് ഭർത്താവിനൊപ്പം പാടത്തിറങ്ങിയ നീലി കാർഷികവൃത്തികളിൽ മുഴുകി. അക്കാലത്ത് ചമ്രവട്ടം ജങ്ഷൻ മുതൽ ബിയ്യം വരെയുള്ള എല്ലാ പാടശേഖരങ്ങളിലും ഞാറുനടീലും കൊയ്ത്തും മറ്റു കൃഷിപ്പണികളുമായി സജീവമായി.
മൂന്ന് തലമുറകൾക്കൊപ്പം കൃഷിചെയ്ത പാരമ്പര്യമുണ്ട് നീലിക്ക്. ഊപ്പാല അറുമുഖനും മകൻ രവീന്ദ്രനുമൊപ്പം കാർഷികരംഗത്ത് സജീവമായ ഇവർ അറുമുഖന്റെ കൊച്ചുമകൻ രജീഷിനൊപ്പമാണ് പാടത്ത് പണിയെടുത്തിരുന്നത്. പഴയകാലത്ത് രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്താൽ മൂന്ന് നാഴി അരിമാത്രം ലഭിച്ചിരുന്ന കാലത്തുനിന്ന് തുടങ്ങി കാർഷിക രംഗത്ത് മികച്ച കൂലി ലഭിക്കുന്നിടം വരെ തുടർന്ന നീലി അമ്മായി നാട്ടറിവുകളുടെയും നാടൻ പാട്ടുകളുടെയും സൂക്ഷിപ്പുകാരിയായിരുന്നു.
വിവിധ കാർഷിക-സാംസ്കാരിക സംഘടനകളുടെ ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്. അവസാന നാളിലും കൃഷിയും നാട്ടറിവും നെഞ്ചേറ്റി പുതുതലമുറക്ക് പ്രചോദനമായി നിലകൊള്ളുമ്പോഴാണ് ഒരുദേശത്തെ ദു:ഖത്തിലാഴ്ത്തിയുള്ള വിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.