മൂന്ന് കണ്മണികൾക്കും ഒരേ ജന്മദിനം; ഇത് കണ്ണൂരിലെ അപൂർവ സഹോദരങ്ങൾ
text_fieldsഅബൂദബി: കുഞ്ഞനുജൻ പിറന്ന സന്തോഷം പങ്കുവെക്കാൻ മധുരവുമായി വന്ന സഹോദരങ്ങൾ എല്ലാവർക്കും മൂന്നെണ്ണം വീതം കൊടുക്കുന്നതിന്റെ രഹസ്യം ആദ്യം ആർക്കും പിടികിട്ടിയില്ല. എന്താണ് മൂന്നെണ്ണം വീതമെന്ന ചോദ്യത്തിൽ പിറന്നതാവട്ടെ അപൂർവത നിറഞ്ഞ ജന്മദിനത്തിന്റെ കഥയും. അതേ അവർ മൂവരുടെയും ജന്മദിനം ഒരേ നാളിലാണ്, മാർച്ച് 14.
ഒമ്പത് വര്‍ഷത്തിനിടയില്‍ പിറന്ന മൂന്നു മക്കളും ജനിച്ചത് ഒരേ ദിവസം. അബൂദബിയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശികളായ തൈസീര്‍ അബ്ദുല്‍ കരീം-ഹലീമ മുസ്തഫ ദമ്പതികളുടെ കുട്ടികളുടെ ജനനത്തിലാണ് ഈ അപൂര്‍വത.
2014 മാർച്ച് 14നാണ് ആദ്യ കുട്ടി തനീഷ തഹാനി ജനിച്ചത്. 2018ല്‍ മകന് മുഹമ്മദ് എമിനും 2023ല്‍ ഇളയ പുത്രന് ഹൈസിന് ഹംദും ജനിച്ചു. രണ്ടും മാര്‍ച്ച് 14 തന്നെ. ഇത് അവിശ്വസനീയമാണെന്ന് മാതാവ് ഹലീമ പറയുന്നു. മൂന്നുപേരും മാർച്ച് 14ന് പിറന്നത് ആസൂത്രിതമായിരുന്നില്ലെന്നും തികച്ചും ദൈവഹിതം മാത്രമാണെന്നും പിതാവ് തൈസീര്‍ കൂട്ടിച്ചേര്‍ത്തു.
അബൂദബി ലുലു ഗ്രൂപ്പിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുകയാണ് 16 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന തൈസീര്‍. മൂത്തമകൾ തനീഷ കേരളത്തിലാണ് പിറന്നത്. കൊച്ചി ലുലുവിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ജോലിക്കായി കേരളത്തിലായിരുന്നപ്പോഴായിരുന്നു തനീഷയുടെ പിറവി.
ആണ്‍കുട്ടികള്‍ രണ്ടും പിറന്നത് അബൂദബിയിലാണ്. തനീഷയും എമിനും സണ്‍റൈസ് ഇംഗ്ലീഷ് സ്കൂളിലാണ് പഠിക്കുന്നത്. ബുര്‍ജീല്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജി സ്പെഷലിസ്റ്റ് ഡോ. പാത്തുക്കുട്ടി മുഹമ്മദാണ് മൂന്നാം കുട്ടിയുടെ പ്രസവമെടുത്തത്. തന്റെ കരിയറില്‍ ഇതുവരെ ഇതുപോലൊരു സംഭവം കേട്ടിട്ടില്ലെന്ന് ഡോ. പാത്തുക്കുട്ടി പറയുന്നു.
അടുത്തവര്‍ഷം മൂന്നുമക്കളുടെയും ജന്മദിനം ഒരുദിവസം ആഘോഷിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ഈ മലയാളി കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.