പൊളിയാണ് ഈ പിങ്ക് ബീറ്റ് ഓഫിസർമാർ
text_fieldsകോട്ടയം: ലഹരിക്കടിപ്പെട്ട് അമ്മയെപ്പോലും തിരിച്ചറിയാതായ എട്ടാം ക്ലാസുകാരൻ, ആരോടും പറയാനാകാതെയും എന്തുചെയ്യണമെന്നറിയാതെയും നീറിക്കഴിയുന്ന അമ്മ. ഇവർക്കിടയിലേക്കാണ് ആശ്വാസമായി പിങ്ക് ബീറ്റ് ഓഫിസർമാർ എത്തിയത്.
ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് കൗൺസലിങ്ങും ചികിത്സയും നൽകിയതോടെ അമ്മക്ക് ആ മകനെ തിരിച്ചുകിട്ടി. പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അമ്മയും മകനും മാത്രമല്ല ഈ വനിത പൊലീസ് ഉദ്യോഗസ്ഥരും ഏറെ സന്തോഷത്തിലാണ്.
ജനമൈത്രി സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായി നിയോഗിക്കപ്പെട്ട പിങ്ക് ബീറ്റ് ഓഫിസർമാരായ മേലുകാവ് സ്റ്റേഷനിലെ എ.എസ്.ഐ. ഉഷ, ചിങ്ങവനം സ്റ്റേഷനിലെ എസ്.സി.പി.ഒ ഷൈലമ്മാൾ, കോട്ടയം വനിത സ്റ്റേഷനിലെ എസ്.സി.പി.ഒ മിനിമോൾ, വനിത സെല്ലിലെ സി.പി.ഒ അമ്പിളി എന്നിവരാണിവർ. സ്ത്രീകൾക്കും കുട്ടികൾക്കും ആത്മവിശ്വാസം പകർന്നും മാനസിക പിന്തുണ നൽകിയും ബുള്ളറ്റിൽ രണ്ടുവർഷത്തിലേറെയായി വീടുകളിൽ ഇവരെത്തുന്നുണ്ട്. പൊലീസ് സ്റ്റേഷനിലെത്താത്ത പരാതികൾ കേട്ട് പരിഹാരം കണ്ടെത്തുകയും ആവശ്യമെങ്കിൽ കേസെടുപ്പിക്കുകയുമാണ് ഇവർ ചെയ്യുന്നത്.
ലഹരിക്കടിപ്പെട്ട നിരവധി കുട്ടികളെ ഇവർക്കു തിരിച്ചുപിടിക്കാനായി. ഉപദേശങ്ങൾക്കപ്പുറം, അവർക്കൊപ്പവും ആളുണ്ടെന്ന് തോന്നിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഓഫിസർമാർ പറയുന്നു. യൂനിഫോമിലാണെങ്കിലും സ്ത്രീകളായതിനാൽ മടിയില്ലാതെ പരാതി പറയാനും അതു മനസ്സിലാക്കാനും ഇരുകൂട്ടർക്കും കഴിയും. മിക്കവാറും വിഷയങ്ങളിൽ ബോധവത്കരണം കൊണ്ടും താക്കീതുകൊണ്ടും പ്രശ്നം തീരും. അല്ലാത്തിടങ്ങളിലാണ് കേസെടുക്കേണ്ടി വരുന്നത്. ദിവസം 12 വീടുകൾ സന്ദർശിക്കും. അയൽക്കാർ, പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുമായി സംസാരിച്ചും വീടുകളിലെ വിവരങ്ങൾ ശേഖരിക്കും. സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലാസുകളെടുക്കുകയും കുട്ടികൾക്ക് കൗൺസലിങ് നൽകുകയും ചെയ്യുന്നുണ്ട്. പിങ്ക് ബീറ്റ് ഓഫിസർമാർക്ക് കിട്ടുന്ന പരാതികൾ വനിത പൊലീസ് സ്റ്റേഷനിലേക്കും വനിത സെല്ലിലേക്കും കൈമാറും. നാല് ഓഫിസർമാരാണ് ജില്ലയിലുള്ളത്.
ഇവർക്കായി രണ്ട് ബുള്ളറ്റും അനുവദിച്ചിട്ടുണ്ട്. നാർകോട്ടിക് ഡിവൈ.എസ്.പി സി. ജോണിനു കീഴിലാണ് പ്രവർത്തനം. അഡീഷനൽ എസ്.പി ബി. സുഗതൻ പദ്ധതിയുടെ നോഡൽ ഓഫിസറും നാർകോട്ടിക് സെല്ലിലെ ജനമൈത്രി എസ്.ഐ മാത്യു പോൾ അസി. നോഡൽ ഓഫിസറുമാണ്. പിങ്ക് ബീറ്റ് ഓഫിസർമാരുടെ വീട് സന്ദർശനത്തിന്റെ ഭാഗമായി മൂന്ന് ഗാർഹിക പീഡനക്കേസും രണ്ട് പോക്സോ കേസും ഒരു സൈബർ കേസും എടുക്കാനായി. സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ പ്രശ്നങ്ങൾ പറയാനും മാനസിക പിന്തുണ നൽകാനും പിങ്ക് ബീറ്റ് ഓഫിസർക്ക് കഴിയുന്നുണ്ടെന്ന് അസി. നോഡൽ ഓഫിസർ മാത്യു പോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.