അവർ കൈകോർത്തു, ദയ കടലിനിക്കരയെത്തിക്കാൻ
text_fieldsദമ്മാം: മനുഷ്യസ്നേഹികളായ ഒരുകൂട്ടം ആളുകളുടെ നിരന്തര പരിശ്രമമാണ് മരണശിക്ഷയുടെ വാൾത്തലപ്പിൽനിന്ന് ആ നിർധന യുവാവിന്റെ ജീവിതം രക്ഷപ്പെടുത്തിയത്. കൊല്ലം പള്ളിത്തോട്ടത്തിലെ ലക്ഷംവീട് കോളനിയിലായിരുന്നു സക്കീർ ഹുസൈന്റെ കുടുംബം. ഉപ്പ സലാഹുദ്ദീൻ ഹൃദ്രോഗി. ഉമ്മ സാഹിറത്തിന് സംസാരശേഷി ഇല്ല. അനുജൻ അപകടത്തിൽപെട്ട് ചികിത്സയിൽ. ഇതിനിടയിലാണ് കുടുംബത്തിന്റെ ഏക അത്താണിയായ സക്കീർ ഹുസൈൻ കൊലപാതകിയായി ജയിലിലാകുന്നത്. സഹായിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ കുടുംബത്തിന് രക്ഷാദൂതരായി മാറുകയായിരുന്നു അയൽക്കാരായ ജസ്റ്റിനും അനിതയും.
ജസ്റ്റിനാണ് ഈ വിഷയം സൗദിയിലെ സാമൂഹികപ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന് മുന്നിലെത്തിച്ചത്. ശിഹാബ് നാട്ടിൽപോയപ്പോഴെല്ലാം ഈ കുടുംബത്തേയും കൂട്ടി സഹായം തേടിയെത്തിയത് അനിത. കുടുംബത്തിന്റെ കണ്ണീരുകണ്ടതോടെ ശിഹാബിന് വെറുതെയിരിക്കാനായില്ല. കൊല്ലപ്പെട്ട തോമസ് മാത്യുവിന്റെ കുടുംബത്തോട് സംസാരിച്ച് സക്കീർ ഹുസൈന്റെ ജീവൻ രക്ഷിക്കാൻ സഹായം തേടി. ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിലേക്ക് വിഷയമെത്തിച്ച് പരിഹാര നടപടികൾ വേഗത്തിലാക്കാനും ശിഹാബ് മുന്നിട്ടിറങ്ങി.
ഉമ്മൻ ചാണ്ടിയെ കാണാൻ സക്കീർ ഹുസൈന്റെ കുടുംബത്തെ കൊണ്ടുപോയത് അനിതയും. ഒടുവിൽ തോമസ് മാത്യുവിന്റെ കുടുംബത്തിന് അർഹതപ്പെട്ട 'ദിയാധനം' (മോചനദ്രവ്യം) ഉമ്മൻ ചാണ്ടി നൽകിയത് അദ്ദേഹത്തിന്റെ കാരുണ്യമനസ്സിനൊപ്പം ഈ സാമൂഹികപ്രവർത്തകരുടെ കൂടി ശ്രമഫലവും കൊണ്ടുകൂടിയാണ്. അപ്രതീക്ഷിത വിധികളിൽ തകർന്നുപോയ ഒരു കുടുംബത്തിന് ഒപ്പംനിന്ന് അവരെ തിരികെ ജീവിതത്തിലേക്ക് എത്തിക്കുകയായിരുന്നു ഇവരുടെ കൂട്ടായ പ്രയത്നം. കൊല്ലപ്പെട്ട തോമസ് മാത്യുവിന്റെ കുടുംബത്തിന്റെ ഉദാര മനസ്സ് ഈ പ്രയത്നത്തെ വിജയത്തിലെത്തിച്ചു.
'എന്റെ മകനെ എന്തിനവൻ കൊന്നു' എന്നായിരുന്നു ആ അമ്മയുടെ ചോദ്യം. ഒടുവിൽ സക്കീറിന്റെ കുടുംബത്തിന്റെ കണ്ണീരിനുമുന്നിൽ ഇവർ സ്വന്തം ദുഃഖം മറന്ന് മാപ്പു നൽകുകയായിരുന്നു. തോമസ് മാത്യുവിന്റെ കുടുംബത്തിന്റെ വിശാല മനഃസ്ഥിതിയാണ് ഈ കേസിന് ഇങ്ങനെയൊരു പര്യവസാനം നൽകിയതെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു.
, ഇതിന്റെ കേസ് വഴികളിൽ ഒപ്പംനിന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ സനീഷിന്റെയും യുസുഫ് ഉൾപ്പെടെയുള്ളവരുടെയും പിന്തുണ വിസ്മരിക്കാനാവാത്തതാണ്. നിരന്തരം ദമ്മാമിലേക്കുള്ള യാത്രകളിൽ പലപ്പോഴും ഒരു പ്രതിഫലവും ആഗ്രഹിക്കാതെ കൂടെവന്ന സലീം പാറയിൽ, ജയിൽ ഉദ്യോഗസ്ഥർ, കോടതിയിലുള്ളവർ തുടങ്ങി നിരവധി ആളുകളോട് നന്ദി പറയേണ്ടതുണ്ടെന്നും ശിഹാബ് പറഞ്ഞു.
ശിഹാബ് കൊട്ടുകാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.