സമയസൂചിക്കൊപ്പം ഓടിയ മൂന്നരപ്പതിറ്റാണ്ട്
text_fieldsമൂന്നരപ്പതിറ്റാണ്ടായി ഘടികാര സൂചിക്കൊപ്പം കറങ്ങുകയാണ് മോളിക്കുട്ടിയുടെ ജീവിതം. വനിതാസാന്നിധ്യം അധികമില്ലാത്ത വാച്ച് റിപ്പയറിങാണ് ഇവരുടെ ജോലി. 63ാം വയസിലും വെസ്റ്റ്ഹിൽ വിക്രം മൈതാനിക്ക് സമീപം ഹോളി ടൈം എന്ന വാച്ച് റിപ്പയർ ഷോപ്പ് നടത്തുകയാണ് മോളിക്കുട്ടി.
മകനും മരുമകളും മോളിക്കുട്ടിയുടെ വഴിയിൽ തന്നെ. സമയമേഖലയിലെ ജോലി ഒരർഥത്തിൽ കുലത്തൊഴിൽ പോലെയാണ് മോളിക്കുട്ടക്ക്. ഭർതൃ പിതാവും അവരുടെ പിതാവുമുൾപ്പെടെയുള്ളവർ ഇൗ ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. മകൻ ഈ ജോലിയിലെ എട്ടാം തലമുറയാണെന്ന് മോളിക്കുട്ടി പറയുന്നു.
35 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ചെയ്യുന്നത് കണ്ടാണ് വാച്ച് നന്നാക്കാൻ പഠിച്ചത്. ആദ്യം വാച്ച് അഴിച്ച് വീണ്ടും കൂട്ടിയോജിപ്പിച്ച് പഠിക്കുകയായിരുന്നു. പതുക്കെ റിപ്പയറിങും പഠിച്ചു. മൂന്ന് മക്കളെ പഠിപ്പിച്ചതും വിവാഹം നടത്തിയതുമെല്ലാം ഇൗ ജോലി ചെയ്ത് തന്നെയാണ്. കൊയിലാണ്ടിയിലായിരുന്നു ആദ്യ കട. വെസ്റ്റ് ഹില്ലിൽ 1998 ലാണ് കട തുടങ്ങിയത്. നടക്കാവിൽ ഒരു ഷോപ്പ് മകൻ സോണി ലിവിങ്സ്റ്റണും മരുമകൾ നിഷ സോണിയും നടത്തുന്നുണ്ടെന്നും മോളിക്കുട്ടി പറഞ്ഞു.
ആത്മാർഥമായി ജോലി െചയ്താൽ വിജയമുണ്ടാകും. ആളുകൾ അന്വേഷിച്ച് വരികയും ചെയ്യും. ഇന്ന് വളരെ കുറച്ച് പേർ മാത്രമാണ് വാച്ച് നന്നാക്കുന്നത്. അധികപേരും മാറ്റി വാങ്ങുകയാണെന്ന് മോളി കുട്ടി പറയുന്നു. നിലവിൽ വാച്ച് നിർമാണമാണ് കൂടുതലായി നടക്കുന്നത്. വാച്ചിന്റെ വിവിധ ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിച്ച് വിൽക്കുകയാണ് ചെയ്യുന്നതെന്നും മോളിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.