എന്നും ട്രാക്കിലെ താരമാണ് ഈ വീട്ടമ്മ
text_fieldsവളഞ്ഞവടിയും പന്തുമായി മൈതാനങ്ങളിൽ നിന്ന് മൈതാനങ്ങളിലേക്ക് പറന്നു നടന്ന ഓർമകളുമായി ഇവിടെയുണ്ട് വീട്ടമ്മയായ രാജ്യാന്തര ഹോക്കി കളിക്കാരി. പാനൂർ കുന്നോത്ത് പറമ്പിലെ സനിഷ പുല്ലാപ്പള്ളി. 97-98 കാലഘട്ടങ്ങളിൽ ചിറ്റാരിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ ഹോക്കിയിൽ സംസ്ഥാന തലത്തിൽ കളിച്ച മിന്നും താരം.
നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു സനിഷ. റൈറ്റ് ബേക്ക് ആയിരുന്നു സ്ഥാനം. ചിറ്റാരിപ്പറമ്പ് സ്കൂളിലൂടെ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ തുടർപഠനം. പിന്നീട് ദീർഘകാലം കളിയിൽ നിന്ന് വിട്ടുനിന്നു.
വീട്ടമ്മയായി 20 വർഷത്തിനു ശേഷം കൊല്ലത്ത് നടന്ന മാസ്റ്റേഴ്സ് ഗെയിംസ് ഹോക്കിയിൽ കണ്ണൂർ ജില്ലക്കായി കളിക്കാനിറങ്ങിയതാണ് വഴിത്തിരിവായത്. അഞ്ചാമത് മാസ്റ്റേഴ്സ് ഗെയിംസ് ഹോക്കിയിൽ ഉത്തർപ്രദേശിലെ വാരാണാസിയിൽ നടന്ന മത്സരത്തിൽ ഫെബ്രുവരി 11ന് നടന്ന കളിയിൽ കേരളത്തിനു വേണ്ടി വീണ്ടും സ്റ്റിക്കെടുക്കാൻ കഴിഞ്ഞു.
രണ്ടാം സ്ഥാനവും കിട്ടി അന്ന്. വരുന്ന മേയിൽ സൗത്ത് കൊറിയയിൽ നടക്കുന്ന മാസ്റ്റേഴ്സ് ഗെയിംസ് ഹോക്കിയിൽ കളിക്കാൻ അവസരം വന്നിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായി നിൽക്കുകയാണ്. വലിയചെലവ് വരുന്ന കൊറിയൻ ട്രിപ്പ് പോകുന്നതിൽ തീരുമാനമായിട്ടില്ല.
ഹോക്കിയിൽ തിരിച്ചു വന്നതിൽ വീട്ടുകാരിൽനിന്ന് നാട്ടുകാരിൽ നിന്നും നല്ല പിന്തുണ കിട്ടുന്നുണ്ടെന്ന് സനി പറയുന്നു. കുന്നോത്തുപറമ്പ് കക്കാട്ട് വയലിലെ പുല്ലാപ്പള്ളി ജയദേവന്റെ ഭാര്യയാണ്. ബിരുദത്തിന് പഠിക്കുന്ന അമേഗ്, പ്ലസ്ടുവിന് പഠിക്കുന്ന അർഷിൻദേവ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.