ഇത് തങ്കമ്മ; പിഞ്ചോമനകളുടെ പരിചാരിക
text_fieldsപഴഞ്ഞി: യൗവനത്തിൽ വിധവയാകേണ്ടി വന്നതോടെ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഭാരം പേറേണ്ടി വന്ന തങ്കമ്മ കഴിഞ്ഞ നാലര പതിറ്റാണ്ടായി പിഞ്ചോമനകൾക്ക് പരിചാരികയാണ്. ഉറ്റവരുടേതല്ലെങ്കിലും ഇതിനോടകം ആയിരത്തിൽപരം പിഞ്ചുകുഞ്ഞുങ്ങളെയും അമ്മമാരെയും 77കാരിയായ ഇവർ പരിചരിച്ചിട്ടുണ്ട്.
ഭർത്താവ് കാഞ്ഞിരത്തിങ്കൽ പുലിക്കോട്ടിൽ അബ്രഹാം അപകടത്തിൽ മരിച്ചതിനെ തുടർന്ന് 29ാം വയസ്സിൽ വിധവയായതാണ് തങ്കമ്മ. പറക്കമുറ്റാത്ത അഞ്ച് പിഞ്ചുകുഞ്ഞുങ്ങളുമായി ആരംഭിച്ച ജീവിതം 47 വർഷം പിന്നിടുമ്പോഴും കുടുംബത്തിലെ മൂന്നാം തലമുറക്കു പോലും കൈത്താങ്ങാവുകയാണ്.
ഭർത്താവിന്‍റെ വേർപാടിന്‍റെ ആഘാതത്തിൽനിന്ന് മുക്തയാവും മുമ്പ് രണ്ട് ആൺമക്കളും വിട്ടുപോയത് തങ്കമ്മയെ ഉലച്ചുകളഞ്ഞു. എന്നിട്ടും തളരാതെ മുന്നോട്ടുപോയി.
പിന്നീട് ജീവിതം ഉഴിഞ്ഞുവെച്ചത് പിഞ്ചുകുഞ്ഞുങ്ങളുടെയും അമ്മമാരുടെയും പരിചരണത്തിനാണ്. ചെറിയ പ്രതിഫലം പറ്റിയാണ് സേവനം. പുലർച്ച അഞ്ചോടെ വീട്ടിൽനിന്ന് കാൽനടയായി വീടുകളിൽ ജോലിക്കെത്തും.
കുന്നംകുളത്തും സമീപ പഞ്ചായത്തുകളിലുമുള്ള ഒരുപാട് വീട്ടുകാർ തങ്കമ്മയുടെ സേവനം അനുഭവിച്ചവരാണ്. ലഭിക്കുന്ന വേതനം മക്കൾക്ക് വീതിച്ചു നൽകും. പഴഞ്ഞി ചീരൻ പാറക്കൽ കൊച്ചയെയും കുഞ്ഞിനെയും പരിചരിച്ചാണ് ഈ രംഗത്ത് വന്നതെന്ന് തങ്കമ്മ ഓർക്കുന്നു.
പഴഞ്ഞി ചെറുതിരുത്തിയിൽ കുടുംബത്തിലെ മൂന്ന് പെൺമക്കളെയും അവരുടെ രണ്ട് വീതം മക്കളെയും പരിചരിച്ച അനുഭവവുമുണ്ട്. മക്കളുടെയും കൊച്ചുമക്കളുടെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് കിടപ്പാടംതന്നെ വിൽക്കേണ്ടി വന്ന ഇവർ ഇപ്പോൾ കോട്ടോലിൽ മകളോടൊപ്പം വാടകവീട്ടിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.