ഇത് അതിജീവനത്തിന്‍റെ പെൺ തിളക്കം
text_fieldsഫോട്ടോഗ്രാഫിയിലൂടെ പെൺ അതിജീവിതരുടെ കഥ പറഞ്ഞ് സ്ത്രീത്വത്തിന് അസാധാരണ കരുത്തു പകരുകയാണ് നിത്യാ രാജ്കുമാറിന്‍റെ നേതൃത്വത്തിൽ രൂപംകൊണ്ട പിങ്ക് േഡ ടു ഷൈൻ (PINK DAY TO SHINE). സ്തനാർബുദത്തിനെതിരെ മനോഹരമായി പോരാടുന്നവരെയും അതിൽ അതിജീവിച്ചവരെയും ആദരിക്കുകയും അതിലുപരി ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്തനാർബുദ ഫോട്ടോഗ്രഫി പ്രോജക്ട് പിങ്ക് ഡ ടു ഷൈൻ എന്ന ആശയം 2018ൽ പിറവിയെടുക്കുന്നത്.
യു.എ.ഇ ലൈസൻസ്ഡ് ഫോട്ടോഗ്രഫർ നിത്യാ രാജ്കുമാറിന്‍റെ പരിശ്രമത്തിനൊടുവിൽ 2019 മുതൽ പിങ്ക് ഡേ ടു ഷൈൻ യു.എ.ഇയിൽ സജീവമായി നടത്തിവരുന്നു. പ്രത്യാശയുടെയും പ്രതിരോധത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥകളാണ് പിങ്ക് ഡേ ടു ഷൈനിന്‍റെ വക്താക്കൾ കാൻസറിനോട് മല്ലിടുന്ന മറ്റുളളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. കാൻസർ എന്ന മഹാമാരി ബാധിച്ചിട്ടും തന്‍റെ ഉള്ളിലെ പ്രകാശവും ധൈര്യവും ജീവിതത്തോടുള്ള സ്നേഹവും കൈവിടാതെ ക്യാൻസറിനോട് സധൈര്യം പോരാടുന്നവരുടെ ചിത്രങ്ങളിലൂടെ ക്യാൻസർ ബാധിതർക്ക് ആശയും മനോധൈര്യവും പകർന്നു കൊടുക്കുകയാണ് നിത്യയുടെ ലക്ഷ്യം.
സ്തനാർബുദ യോദ്ധാക്കളുടെയും സ്തനാർബുദ പോരാളികളുടെയും ജീവിതയാത്രയും അനുഭവങ്ങളും സൗന്ദര്യവും പങ്കുവെച്ച് അവയെ ഛായാചിത്രങ്ങളായി പകർത്തി ഒരു ആഘോഷമാക്കി മാറ്റുകയാണ് ഈ പദ്ധതി. നിക്കോൺ, റോവ് ഹോട്ടൽസ്, സണ്ണീസ് ഹെൽത്ത് കെയർ ഗ്രൂപ്പ് എന്നിങ്ങനെ ഒട്ടേറെ ബ്രാൻഡുകളുടെയും യു.എ.ഇയിലുള്ള സ്ത്രീ സംരംഭകരുടെയും ഡോക്ടർമാരുടെയും കൂട്ടായ്മ കൊണ്ട് പിങ്ക് ഡേ ടു ഷൈൻ അതിന്‍റെ നാലാം വർഷത്തിൽ എത്തി നിൽക്കുകയാണ്.
2018 ദുബൈയിൽ വച്ച് സ്തനാർബുദത്തിൽ നിന്നും മുക്തയായ ഇന്ത്യൻ യുവതി പേഴ്സനൽ ഫോട്ടോഗ്രഫിക്ക് വേണ്ടി തന്നെ സമീപിക്കുന്നതോടെയാണ് നിത്യാ രാജ്കുമാർ തന്നെപ്പോലെ അമ്മയായ ഒരു യുവതിയുടെ കഥകൾക്ക് കാതോർക്കുന്നത്. സ്തനാർബുദത്തിന്‍റെ നാൾവഴികളിലൂടെ ആ സ്ത്രീ കടന്നുപോയതിന്‍റെ വ്യഥകൾ, ഒടുക്കം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റത്തിന്‍റെ ഉന്മാദങ്ങൾ; നിത്യയിലെ മാനുഷിക മൂല്യങ്ങൾ നയിച്ചത് പിങ്ക് ഡേ ടു ഷൈനിന്‍റെ ആവിഷ്കരണ തലത്തിലേക്കായിരുന്നു.
ഇന്ന് ഓങ്കോളജിസ്റ്റുകൾ, ശസ്ത്രക്രിയ വിദഗ്ധർ, മാനസികാരോഗ്യ വിദഗ്ധർ, സ്തനാർബുദത്തെ അതിജീവിച്ചവർ തുടങ്ങി ഒട്ടനേകം പങ്കാളികൾ ചേർന്ന് വലിയ കൂട്ടായ്മ ഒരുക്കാൻ ഈ പ്രോജക്ടിലൂടെ സാധ്യമായി. കേരളത്തിലെ സ്തനാർബുദ അതിജീവിതരെ ഉൾപ്പെടുത്തി 2021ൽ റിമോട്ട് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത് പിങ്ക് ഡേ ടു ഷൈനിന്‍റെ മറ്റൊരു നാഴികക്കല്ലായി.
തന്‍റെ ചെറിയ പ്രയത്നത്തിൽനിന്നും നിത്യ സമ്പാദിക്കുന്നത് ഒരായുഷ്കാലം മുഴുവൻ ജീവിക്കാനുള്ള ഊർജ്ജമാണ്. തന്‍റെ മുന്നിലൂടെ കടന്നുപോയ, കടന്നുപോകുന്ന ക്യാൻസറിന്‍റെ കൈപ്പുള്ള യാതനകൾ പങ്കുവെച്ച് പിന്നീട് തന്‍റെ ക്യാമറ ലെൻസിന് മുന്നിൽ പോസിറ്റീവിറ്റി പകർത്തുന്ന പെൺ പോരാളികൾ രചിക്കുന്നത് ജീവിതത്തെ നേരിടാൻ അകക്കാമ്പുള്ള കരുത്താണ്. ആഗ്രഹങ്ങൾക്ക് അറ്റം കുറിക്കുന്നിടത്ത് അടിപതറാതെ ആഘോഷമാക്കുന്നത് അപൂർവം കാഴ്ചയാണ്. ഈ അപൂർവ രംഗങ്ങളെ ഫ്രെയിം ചെയ്തുവയ്ക്കുന്ന പിങ്ക് ഡേ ടു ഷൈനിന്‍റെ ഔദ്യോഗിക വെബ്സൈറ്റാണ് www.pinkdaytoshine.com.
സ്തനാർബുദം സ്ത്രീകൾക്ക് മാത്രം വരുന്ന ഒന്നല്ലെന്നും അതിന് പ്രായപരിധികളൊന്നും ഇല്ലെന്നും വർഷാവർഷം ഉള്ള സ്തന പരിശോധന ഈ അർബുദത്തെ നേരത്തെ തിരിച്ചറിയാനുള്ള എളുപ്പമായ വഴിയാണെന്നും നിരന്തരമായി ഓർമ്മപ്പെടുത്തുകയാണ് നിത്യാ രാജ്കുമാർ.പിങ്ക് ഡേ ടു ഷൈനിന്‍റെ ഈ വർഷത്തെ ഫോട്ടോഷൂട്ട് ഈ മാസം 16, 22 തിയതികളിൽ ദുബൈയിലും അബൂദബിയിലും നടക്കാനിരിക്കുകയാണ്.
സ്തനാർബുദബാധിരായ ഏതൊരാൾക്കും അവരുടെ പ്രാഥമിക പരിചരണ ദാതാവിനും കുടുംബാംഗങ്ങൾക്കും ഒക്ടോബർ 26ന് https://pinkdaytoshine.com/register എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ലോഗിൻ ചെയ്യാം.പിങ്ക് ഡേ ടു ഷൈനിൽ താൻ പകർത്തിയ ഓരോ ചിത്രങ്ങളും വനിതാ പോരാളികളിൽ നിറഞ്ഞ ആത്മവിശ്വാസം തീർക്കുന്നതിന്‍റെ ആത്മനിർവൃതിയിലാണ് നിത്യ. ലൈസൻസ്ഡ് ബ്രാൻഡ് കൺസൾട്ടന്‍റും റീട്ടെയ്ൽ പ്രൊഫഷണലുമായ നിത്യ, ഭർത്താവ് അഖിൽമേനോനും മകൾ അമേയക്കുമൊപ്പം ദുബൈ അൽ ബർഷയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.