ത്രെഡ്സ് ഓഫ് ലവ്
text_fieldsവിദേശരാജ്യങ്ങളിൽ ഏറെ പ്രചാരണത്തിനുള്ള ത്രെഡ് ആർട്ടിന്റെ സാധ്യതകളിൽ തിരുവനന്തപുരം സ്വദേശിനി ഷെറിൻ ഹുസൈൻ ചിട്ടപ്പെടുത്തിയിരിക്കുന്നത് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ സുന്ദര രൂപമാണ്. മൂന്ന് ദിവസം നീണ്ടുനിന്ന സർഗാത്മകതയുടെ അതിപ്രയാണത്തിൽ ഷെറിൻ എന്ന മലയാളി പെൺകൊടി സ്വപ്നം കണ്ടത് ഇമാറാത്തിനെയും അതിന്റെ വളർച്ചയുടെ നാഴിക കല്ലുകളിൽ ഉയർന്ന പങ്ക് വഹിച്ച സുൽത്താനെയും തന്നെയാണ്. ഓരോ മലയാളികളുടെയും വിയർപ്പിന് പ്രതിഫലം നൽകുന്ന ഒരു നാടിനെയും അതിന്റെ സ്മരണകളെയും തന്റെ സുപ്രധാന കലാസൃഷ്ടികളിലൂടെ അടയാളപ്പെടുത്തുകയെന്നത് ഒരു സ്വയം സമർപ്പിത അംഗീകാരമായിട്ടാണ് ഷെറിൻ കരുതുന്നത്.
ശൈഖ് ഹംദാന്റെ ഈ മാസ്മരിക സൃഷ്ടി അവരുടെ കൈകളിൽ നേരിട്ട് സമർപ്പിക്കുന്ന ദിനം പുലരുമെന്ന പ്രതീക്ഷയിലാണ് ഷെറിനും ഭർത്താവ് ഫിറോസ് ഖാനും. ഓൺലൈൻ വഴിയുള്ള സ്വയം പരീക്ഷണ- നിരീക്ഷണങ്ങളിലൂടെയായിരുന്നു ത്രെഡ് ആർട്ടിലുള്ള ഷെറിന്റെ പരിശീലനങ്ങളത്രയും. നല്ല പാതിയുടെ പരിപൂർണ്ണ സഹകരണവും കൂടിയായപ്പോൾ ഇവർക്ക് മുന്നിൽ സാധ്യതകളുടെ വലിയ വാതായനങ്ങൾ തുറക്കപ്പെട്ടു. ഇടക്കാലത്തു വന്നുഭവിച്ച ഒരുപാട് പ്രതിസന്ധികൾക്കൊടുവിലാണ് ആർട് നൽകുന്ന ഹീലിങ് സ്റ്റേജിലേക്ക് ഷെറിൻ എത്തുന്നത്.
ഇരട്ട ഗർഭധാരണവും അതെ തുടർന്നുണ്ടായ പ്രയാസങ്ങളിൽ ഒരു കുഞ്ഞിനെ നഷ്ടമായതും ഈ ദമ്പതികളെ നിരാശയുടെ പടുകുഴിയിലേക്ക് നയിച്ചിരുന്നു. മനസ്സ് കൈവിട്ടു പോകുമെന്നായപ്പോഴാണ് വരയുടെ ലോകത്തു സ്വയം സമർപ്പിതയാകുന്നത്. തന്നിലേക്ക് തന്നെയുള്ള ഒരു ശക്തമായ തിരിച്ചുവരവായിരുന്നു അത് . കേട്ടുകേൾവിയുള്ള പതിവ് ചിത്രകലകളിൽ നിന്നും വ്യത്യസ്തമായി ആരും കടന്നുപോകാത്ത ആർട്ട് മേഖലകളിലൂടെ സഞ്ചരിക്കണമെന്നാണ് ഷെറിന്റെ ഭാവി പദ്ധതിയുടെ ഉൾക്കാമ്പ്. അടുത്തവർഷം തന്നെ ഒരു ആർട്ടിസ്റ്റിക് ബിസിനസ് തുടങ്ങുവാനുള്ള തയാറെടുപ്പിലാണ് ഷെറിനും പങ്കാളി ഫിറോസ് ഖാനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.